2013 അക്കോര്‍ഡില്‍ സംഭവിച്ചത്?
ജപ്പാന്‍ കമ്പനികളായ ഹോണ്ടയും ടൊയോട്ടയും അവരുടെ പരമ്പരാഗത ഡിസൈന്‍ രീതികളില്‍ നിന്ന് മാറാതിരിക്കുവാന്‍ കാണിക്കുന്ന ശുഷ്കാന്തി കുപ്രസിദ്ധമാണ്. ടൊയോട്ട ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്ന മാറ്റങ്ങള്‍ ടൊയോട്ടയുടെ കാരണവന്മാര്‍ കുത്തിയിരുന്ന് ചികഞ്ഞും കുത്തിയും നോക്കുന്നതാണ് പതിവ്. നൂറിലധികം പേരുടെ ഖണ്ഡന-മണ്ഡനങ്ങള്‍ കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്കും ഡിസൈനര്‍മാര്‍ എടുത്തപണി മുക്കാലും വെറുതെയായിട്ടുണ്ടാകും. മാറ്റം നിര്‍ബന്ധമായതുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തുക എന്നതാണ് രാജഭരണം ഇന്നും നിലനില്‍ക്കുന്ന ജപ്പാനിലെ ഡിസൈനിംഗിന്‍റെ രീതിശാസ്ത്രം.

ഹോണ്ട അക്കോര്‍ഡിന് ചില ഡിസൈന്‍ പുതുക്കലുകള്‍ ലഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അല്‍പം കൗതുകത്തോടെയാണ് ഓട്ടോഉലകം നോക്കിക്കണ്ടത്. വിപ്ലവാത്മകമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് എന്നത്തെയും പോലെ എല്ലാവരും കാത്തുനിന്നു. ഒടുവില്‍ 2013 അക്കോര്‍ഡിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. എന്തെല്ലാമാണ് മാറ്റങ്ങള്‍?
എന്തെങ്കിലും റാഡിക്കല്‍ മാറ്റം പ്രതീക്ഷിച്ചിരുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നു 2013 അക്കോര്‍ഡ് ഡിസൈന്‍ എന്നുവേണം പറയാന്‍.
ഗ്രില്ലിനും മുന്‍-പിന്‍ ലാമ്പുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിന് ഇത്തിരി ബോള്‍ഡ് ലുക് ലഭിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന, ഏതാണ്ട് ദീര്‍ഘചതുരാകൃതിയിലുള്ള ഹെഡ്‍ലാമ്പില്‍ മാറ്റം വരുത്തിയിരിക്കുന്നു. വീതി കുറച്ച്, നീളത്തില്‍ തട്ടും തടവുമില്ലാതെ കിടക്കുന്നും പുതിയ ഹെഡ്‍ലാമ്പ്. ടെയ്‍ല്‍ ലാമ്പിന് നേരത്തെ പിന്‍ ഡോറുമായി ഉണ്ടായിരുന്ന ബന്ധം എടുത്തുകളഞ്ഞിട്ടുണ്ട്. ഹെഡ്‍ലാമ്പിന് വരുത്തിയ അതേ ഡിസൈന്‍ മാറ്റം ഇവിടെയും കാണാം.
നേരത്തെ തട്ടും തടവുമില്ലാതെ പരന്നുകിടന്നിരുന്ന വശങ്ങളിലൂടെ ഒഴുക്കന്‍ രേഖകള്‍ പാഞ്ഞിരിക്കുന്നു പുതിയ അക്കോര്‍ഡില്‍. കൂടുതല്‍ പ്രീമിയം കാഴ്ച പ്രദാനം ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്ന് കാണാം.
പുതുതലമുറ വാഹനങ്ങളുടെ ഫ്ലൂയിഡിക് ഡിസൈന്‍ ശൈലി സ്വായത്തമാക്കിയതാണ് പുതിയ അക്കോര്‍ഡിന്‍റെ ശില്‍പശൈലി എന്ന് പറയാവുന്നതാണ്. എയ്റോഡൈനമിക്സ് വര്‍ധിപ്പിക്കുന്ന തരത്തിലുള്ളവയാണ് പുതിയ മാറ്റങ്ങളെന്ന് ഹോണ്ട ചൂണ്ടിക്കാട്ടുന്നുണ്ട്. ഫ്ലഷ് വിന്‍ഡ്‍ഷീല്‍ഡ് ഗ്ലാസ്, ഫ്ലഷ് മൗണ്ടഡ് വൈപ്പറുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നത് കാറ്റോട്ടത്തെ സുഗമമാക്കും. ഒഴുക്കനായ അണ്ടര്‍ബോഡി പാനലുകളും കാറ്റിനെ തടയില്ല.
2013 അക്കോര്‍ഡ് നിലവിലുള്ളതിനെക്കാള്‍ വലിപ്പം കുറഞ്ഞതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്‍റീരിയര്‍ സ്പേസ് ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടുമില്ല എന്നാണ് അറിയുന്നത്.


Click it and Unblock the Notifications








