ബോണ്ടിന്‍റെ പുത്യേ വണ്ടി കണ്ടോ?
ജയിംസ് ബോണ്ട് പടങ്ങളില്‍ ഏറ്റവും മഹത്തരമായവയുടെ പട്ടികയില്‍ സ്കൈഫാളിനെ പെടുത്താന്‍ നിരൂപകര്‍ വെമ്പുകയാണ്. കിട്ടാനിരിക്കുന്ന ഓസ്കാര്‍ നോമിനേഷനുകളെ കുറിച്ചും മറ്റുമെല്ലാം കാര്യമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയം അല്‍പം വ്യത്യസ്തമാണ്. സിനിമയില്‍ ഡാനിയല്‍ ക്രെയ്ഗ് ഓടിക്കുന്ന ഹോണ്ട സിആര്‍എഫ് 250 ആര്‍ എന്ന വാഹനത്തിന്‍റെ ഒരു കസ്റ്റമൈസ്‍ഡ് പതിപ്പ് ഓട്ടോപ്രാന്തന്‍മാരുടെ ശ്രദ്ധയില്‍ തീര്‍ച്ചയായും പെട്ടുകാണും. സാധാരണ ജയിംസ് ബോണ്ട പടങ്ങളില്‍ കാണാറുള്ള തരം ഞെട്ടിക്കല്‍ സാധനമല്ല ഒരു ചേസ് സീക്വന്‍സില്‍ പ്രത്യക്ഷപ്പെടുന്ന ഈ വണ്ടി. എന്നാല്‍ വാഹനത്തിന്‍റെ റഗ്ഗഡ്‍നെസ്സ് ആരെയും ആകര്‍ഷിക്കുന്നതാണ്.
സ്കൈഫാളില്‍ ബോണ്ട് ഉപയോഗിച്ച ബൈക്ക് തങ്ങള്‍ ലേലം ചെയ്യാന്‍ പോകുകയാണെന്ന് ഹോണ്ട അറിയിച്ചു കഴിഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണം യുകെയിലെ നിരാലംബരായ കുട്ടികള്‍ക്കായി ചെലവഴിക്കുമെന്നാണ് ഹോണ്ട പറയുന്നത്.
ബിബിസി ചില്‍ഡ്രന്‍ ഇന്‍ നീഡ് എന്ന ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ ഉദ്യമത്തിലാണ് ബൈക്ക് ലേലത്തിന് വെക്കുക. നവംബര്‍ 22ന് നടക്കുന്ന പരിപാടിയില്‍ ലേലത്തിന് വെക്കുന്ന ഐറ്റങ്ങളില്‍ ഏറ്റവും പ്രതീക്ഷ ബോണ്ട് ബൈക്കിലാണ്.
www.bbc.co.uk/pudsey എന്ന സൈറ്റില്‍ പോയി ആര്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാം.

ഹോണ്ട സിആര്‍എഫ് 250 ആര്‍

സാഹസികമായ ഒരു ചേസിംഗ് രംഗത്തിലാണ് ഈ വണ്ടി പ്രത്യക്ഷപ്പെടുന്നത്. തുര്‍ക്കിയിലെ ഇടുങ്ങിയ ഗലികളിലൂടെ ഈ വാഹനം കിടിലന്‍ പാച്ചിലാണ് നടത്തുന്നത്.

ഹോണ്ട സിആര്‍എഫ് 250ആര്‍ ഒരു ഡര്‍ട് ബൈക്കാണ്. പ്രഫഷണല്‍ ഡര്‍ട് ബൈക്ക് റേസിംഗുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് ഈ വാഹനം.

ബിബിസി ചില്‍ഡ്രന്‍ ഇന്‍ നീഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് ഈ ബോണ്ടവണ്ടി ലേലം ചെയ്യും. ലേലത്തില്‍ ആര്‍ക്കും പങ്കാളിയാവാം.

സിആര്‍എഫ് 250ആര്‍ വേഗതയേറിയ സിറ്റിബൈക്ക് എന്ന നിലയിലും വണ്ടിപ്രാന്തന്മാരാല്‍ ബഹുമാനിക്കപ്പെടുന്നു.

സ്കൈഫാളില്‍ ഇതേ വാഹനം മോഡിഫൈ ചെയ്ത് ഓലാ റാപേസ് ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു ഡിസൈനാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്നു. ഇമേജ് സോഴ്സ്: (www.007.com)


Click it and Unblock the Notifications








