ഹോണ്ട കീ കാര്‍ ഇന്ത്യയിലേക്ക്?
രണ്ടാം ലോകയുദ്ധാനന്തരം തകര്‍ന്നടിഞ്ഞ ജപ്പാന്‍ സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി ശേഷി കുറഞ്ഞ എന്‍ജിനുകള്‍ ഘടിപ്പിച്ച ചെറുകാറുകള്‍ നിരത്തിലിറക്കുകയുണ്ടായി. കീ കാറുകള്‍ എന്നാണ് അവ അറിയപ്പെട്ടത്. നമ്മുടെ നാട്ടിലെ മാരുതി ആള്‍ട്ടോ 800 പോലെയുള്ള വാഹനങ്ങളുടെ മുന്‍തലമുറ പ്രസ്തുത കീ കാറുകളാണ്. ചെറുകാര്‍ നിര്‍മിതിയില്‍ തകര്‍ക്കാനാവാത്ത ശക്തിയായി വളരുന്നത് ഈ നിലനില്‍പ്പിന്‍റെ സമരവുമായി ബന്ധപ്പെട്ടാണ്.
ഹോണ്ട എന്‍ വണ്‍ സീരീസ് കീ കാറിന്‍റെ (kei car) മൂന്നാം തലമുറ പതിപ്പ് ജപ്പാനില്‍ ലോഞ്ച് ചെയ്തതായി വാര്‍ത്തകള്‍ കാണുന്നു. ഈ വാഹനത്തിന്‍റെ 660 സിസി ശേഷിയുള്ള എന്‍ജിന്‍ പകരുന്ന മൈലേജ് വളരെ മികവുറ്റതാണ്. ലിറ്ററിന് 27 കിലോമീറ്ററാണ് വാഹനത്തിന്‍റെ മൈലേജ്. ഇന്ത്യയില്‍ ഏതാണ്ട് സമാനശേഷിയുള്ള വാഹനമായ ടാറ്റ നാനോ പകരുന്നത് 25 കിമി മൈലേജാണെന്ന് ഓര്‍ക്കുക.

ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു സന്ദേഹം നിങ്ങളുടെ മനസ്സില്‍ കയറിയിട്ടില്ലേ? ഉണ്ട്, ഉണ്ട്! എന്തുകൊണ്ട് ഈ കാറിന് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചുകൂടാ? ചെറുകാറുകളുടെ വിപണി എന്നാണ് ഇന്ത്യന്‍ വിപണി അറിയപ്പെടുന്നത്. മൈലേജും കാര്യക്ഷമതയുമുള്ള ചെറുകാറുകളെ വിപണി അസാധ്യമായി ഏറ്റെടുക്കും എന്നതുറപ്പാണ്. കാര്യക്ഷമതയുടെ കാര്യത്തില്‍ ഹോണ്ട എന്‍ജിനുകളുടെ വിശ്വാസ്യത മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്.
സ്റ്റാര്‍ട്ട്-സ്റ്റോപ്പ് മൈക്രോ ഹൈബ്രിഡ് സങ്കേതവുമായാണ് ഈ വാഹനം വരുന്നത്. ഈ സംവിധാനമാണ് വാഹനത്തെ ഇത്രയധികം മൈലേജ് പിടിക്കാന്‍ സഹായിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം വഴി എന്‍ജിന്‍ ശേഷി ചക്രങ്ങളിലെത്തുന്നു.
ഏതാണ്ട് ഏഴര ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് വാഹനത്തിന്‍റെ വില. ഈ വില ഇത്രയും ചെറിയ കാറിന് ഇച്ചിരി കൂടുതലെന്ന് തോന്നാം. ഹോണ്ട വാഹനത്തില്‍ നിറച്ചിരിക്കുന്ന സന്നാഹങ്ങളാണ് വിലയെ ഇപ്രകാരം മുകളിലെത്തിക്കുന്നത്. ഇന്ത്യയില്‍ വരുമ്പോള്‍ കാറില്‍ സുരക്ഷാ സന്നാഹങ്ങളോ മറ്റോ ആവശ്യമില്ല. ബ്രേക്ക്, ആക്സിലറേറ്റര്‍ തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങളുണ്ടെങ്കില്‍ ആളുകള്‍ വണ്ടി വാങ്ങിക്കൊള്ളും. എന്നാല്‍ ഇതിന് ഹോണ്ട തയ്യാറാവണ്ടേ? അവിടെയാണ് പ്രശ്നം. എന്തായാലും കാത്തിരിക്കുക!


Click it and Unblock the Notifications








