മാരുതി 800 ഡിസൈന്‍ റിവ്യൂ
കാണുന്നവരെ വല്ലാതെ അത്ഭുതപ്പെടുത്താനൊന്നും മാരുതി മുതിര്‍ന്നിട്ടില്ല എന്നാണ് ആദ്യ കാഴ്ചയില്‍ വ്യക്തമാകുന്നത്. അപരിചിതമായ രൂപകല്‍പനാ ചേരുവകള്‍ ധാരാളമൊന്നും കാണാന്‍ കഴിയില്ല. ചിലേടങ്ങളില്‍ ആള്‍ട്ടോ മറ്റു ചിലേടങ്ങളില്‍ എസ്റ്റാര്‍ എന്നിങ്ങനെ പൊതുവില്‍ ഡിസൈനിനെ വിലയിരുത്താവുന്നതാണ്.
മുന്‍ കാഴ്ചയില്‍ പുതിയ ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്കിനെ ഓര്‍മ വരുന്നുവെങ്കില്‍ അത് വെറും തോന്നലായിരിക്കാന്‍ നിവൃത്തിയില്ല. മൊത്തത്തില്‍ സംഗതി ഒരു പരിധിവരെ യാഥാസ്ഥിതികമായിരിക്കാന്‍ മാരുതി പ്രത്യേകം ശ്രദ്ധ വെച്ചിട്ടുണ്ട്. ഇതിന് കാരണം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. അത്ഭുതങ്ങളല്ല മാരുതി ആള്‍ട്ടോ 800 കാറില്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. എന്നുവെച്ച് തീര്‍ത്തും പഴയതാണ് ഡിസൈന്‍ എന്ന് ധരിക്കാനും വയ്യ. പുതുകാല ഡിസൈന്‍ സവിശേഷതകളെ വളരെ മൗലികമായ ഒരു രീതിയില്‍ തന്നിലേക്ക് ആവാഹിച്ചിട്ടുമുണ്ട് ഈ ചെറുവാഹനം. എന്ത് സ്വീകരിക്കുന്നതിലും ഒരു 'മാരുതീയത' പാലിച്ചിട്ടുണ്ടെന്നുമാത്രം.

മത്സ്യാകൃതിയിലുള്ള കണ്ണുകള്‍ മാരുതി 800ന്‍റെ സാന്നിധ്യമറിയിക്കാന്‍ പോന്ന വ്യക്തിത്വം പ്രദാനം ചെയ്യുന്നു. വലിയ എയര്‍ഡാമാണ് വാഹനത്തിന്‍റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകം. ഇത് ഷഡ്‍ഭുജാകൃതി പൂണ്ടിരിക്കുന്നു. ചെറിയ ഗ്രില്ലില്‍ സുസുക്കി ലോഗോ പേറുന്നു.
ഫോഗ് ലാമ്പ് എന്നൊരേര്‍പ്പാട് ഈ വാഹനത്തില്‍ ഇല്ല എന്നറിയുക. നിലവിലെ ആള്‍ട്ടോയിലുള്ള തരം പരന്ന ബോണറ്റിനെ കാലം എടുത്തുകളഞ്ഞിട്ടുണ്ട്. മാരുതി 800ല്‍ ബോണറ്റ് ഡിസൈന്‍ കാലാനുസൃതമായ മാറ്റം വഹിക്കുന്നു.
വശങ്ങളില്‍ ചെയ്ത പ്രധാന പണികളിലൊന്ന് വീല്‍ ആര്‍ച്ച് തന്നെയെന്നു പറയാം. വലിപ്പമേറിയ വീല്‍ ആര്‍ച്ച് വാഹനത്തെ കാഴ്ചയ്ക്ക് ബോള്‍ഡാക്കിയിട്ടുണ്ട്. ചെറിയവനാണെന്നു കരുതി ആരും മസിലില്ലെന്ന് വിചാരിക്കരുത്! (സന്തോഷ് പണ്ഡിറ്റിന് സ്തുതി).
വീല്‍ കവറുകള്‍ നല്‍കിയിട്ടുള്ളത് അല്‍പം അലോയ് 'ഫീല്‍' ലഭിക്കാന്‍ ഉതകുന്നുണ്ട്. ആറ് ഇരട്ട ആരങ്ങള്‍ ഈ 'അലോയ് തോന്നലിന്' നല്‍കിയിരിക്കുന്നു.
വാഹനത്തില്‍ എവിടെയും അനാവശ്യമായ വരകളും കുറികളും നല്‍കി 'സൗന്ദര്യം' വര്‍ധിപ്പിക്കാന്‍ മാരുതി മുതിര്‍ന്നിട്ടില്ല. എയ്റോഡൈനമിക്സിനെ (കാറ്റോട്ടത്തെ) നശിപ്പിച്ച് ഇന്ധനക്ഷമതയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കേണ്ട എന്നുമാത്രമേ ഇതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.
വിന്‍ഡോ ഗ്ലാസുകള്‍ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. നിലവിലുള്ള ആള്‍ട്ടോയെപ്പോലെ പരന്ന ചതുരക്കള്ളിയല്ല ഇത്. പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിഞ്ഞുള്ള ഡിസൈന്‍.
നിലവിലെ ആള്‍ട്ടോയില്‍ സ്പോയ്‍ലറുകളും മറ്റും ഘടിപ്പിച്ചാല്‍ ഒട്ടും മസിലില്ലാത്ത ഒരുത്തന്‍ എയറ് പിടിച്ച് നടക്കുന്നതുപോലെ തോന്നും. ഈ പ്രശ്നം മാരുതി പുതിയ ആള്‍ട്ടോ 800ല്‍ പരിഹരിച്ചിരിക്കുന്നു. കൂടുതല്‍ ഉയരമുള്ളതും ഡിസൈന്‍ തരുന്ന 'ബോള്‍ഡ്നെസ്' സൂചനകളുമെല്ലാം ഇതിന് സഹായിക്കുന്നുണ്ട്.
പിന്‍വശത്തെ എടുത്തുകാണിക്കുന്നു റിയര്‍ ലാമ്പുകള്‍. കുറെക്കൂടി ധൈര്യത്തോടെയുള്ളതും എന്നാല്‍ വാഹനത്തിന്‍റെ മറ്റ് ഭാഗങ്ങളോട് നീരി പുലര്‍ത്തുന്നതുമായ ഡിസൈനാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. മാരുതി കാറുകള്‍ക്ക് പിന്‍വശത്ത് പൊതുവില്‍ കണ്ടുവരാറുള്ള ആ 'ശൂന്യത' ഇവിടെ നിങ്ങള്‍ക്ക് കാണാനാവില്ല. ഡിസൈനിന്‍റെ ഒഴുക്കന്‍ മട്ട് വെടിഞ്ഞ് കൂടുതല്‍ സ്പര്‍ശങ്ങള്‍ക്ക് മാരുതി ഡിസൈനര്‍മാര്‍ തയ്യാറായിട്ടുണ്ട്.


Click it and Unblock the Notifications








