മാരുതി സ്വിഫ്റ്റിന് ബ്രേക് തകരാര്‍?
യൂറോപ്പിലും അമേരിക്കയിലുമെല്ലാമുള്ളതു പോലെ ഒരു ശക്തമായ 'തിരിച്ചുവിളി' സംവിധാനം ഇന്ത്യയിലില്ലാത്തത് പലപ്പോഴും കാര്‍ നിര്‍മാതാക്കള്‍ക്ക് അനുഗ്രഹമാകാറുണ്ട്. ഘടകഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്താലും അത് കാര്യമാക്കാതെ മുമ്പോട്ടുപോകാന്‍ കമ്പനികള്‍ക്ക് കഴിയുന്നത് ഇക്കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗരേഖ ഇല്ലാത്തതാണ്. പലപ്പോഴും ഗുരുതരമായ പിഴവുകള്‍ പോലും സൗകര്യപൂര്‍വം മറച്ചുപിടിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതിയുടെ വിശ്വാസ്യത പ്രശസ്തമാണ്. എന്നിരിക്കിലും, പ്രശ്നങ്ങളില്‍ നിന്ന് മാരുതിയും മുക്തമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും വില്‍ക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റിന്‍റെ ബ്രേക് സംവിധാനത്തില്‍ ചെറുതെങ്കിലും, ഗുരുതരമായ തകരാറുണ്ടെന്ന് ഉപഭോക്താക്കള്‍ പരിതിപ്പെടുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബ്രേക് പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പരാതി.

കുറഞ്ഞ വേഗതയില്‍ നീങ്ങുമ്പാള്‍ സുസുക്കി സ്വിഫ്റ്റിന്‍റെ ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 10 കിലോമീറ്ററില്‍ താഴെ വേഗതയിലാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ട്രാഫിക്കുകളിലും മറ്റും വാഹനം നീങ്ങുമ്പോള്‍ ഇത് പ്രശ്നത്തിന് ഇടയാക്കുന്നു.
ബ്രേക് പെഡലുകള്‍ ഒന്നോ രണ്ടോ തവണ പ്രയോഗിച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള പ്രയോഗങ്ങളില്‍ കടുത്ത ബലംപിടിത്തം വരുന്നുണ്ട്. ചെറിയ വേഗതയിലായതിനാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകില്ല എന്നു കരുതാം. എന്നിരിക്കിലും തകരാര്‍ ബ്രേക്കിനായതിനാല്‍ ഇത് ഒട്ടും ആശാസ്യകരമായ ഒന്നല്ല.
ക്ലച്ച് പാതിയമര്‍ത്തി നീങ്ങേണ്ട സന്ദര്‍ഭങ്ങളിലാണ് ബ്രേക് സംവിധാനം പ്രവര്‍ത്തിക്കാതിരിക്കുന്നത്. ഈ പ്രശ്നം ചില സോഷ്യല്‍ മീഡിയകളില്‍ ഇതിനകം തന്നെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഫുള്‍ ക്ലച്ചില്‍ മാത്രം വാഹനമോട്ടുക എന്നാണ് ചില സര്‍വീസ് സെന്‍ററുകളില്‍ ചെന്നപ്പോള്‍ മറുപടി ലഭിച്ചതെന്ന് ചിലര്‍ പറയുന്നു. ഇത് ഒരു ശരിയായ പരിഹാരമല്ല. ഒരു ഓട്ടയടയ്ക്കല്‍ പരിപാടി മാത്രമാണ്.
കമ്പനി ഈ വിഷയത്തില്‍ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല എന്നാണ് അറിയുന്നത്. ഇത് ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. യൂറോപ്പിലോ അമേരിക്കയിലോ ആണ് ഇത്തരത്തില്‍ തകരാറുമായി വണ്ടിയിറക്കിയിരുന്നതെങ്കില്‍ അധികാരികള്‍ നേരിട്ട് ഇടപെട്ട് തിരിച്ചുവിളിപ്പിക്കുമായിരുന്നു. ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനം നിലവിലില്ലാത്തത് ഓട്ടോമൊബൈല്‍ കമ്പനികള്‍ ഒരു സൗകര്യമായി കാണുന്നത് ശരിയല്ല.


Click it and Unblock the Notifications








