ടൊയോട്ട ഇന്നോവ X നിസ്സാന്‍ ഇവാലിയ
ഇന്നോവയോട് കളിക്കാന്‍ മാത്രം മുതിര്‍ന്ന കുട്ടികള്‍ ഇപ്പോഴും വിപണിയിലില്ല. ഈയിടെ എംപിവി സെഗ്മെന്‍റില്‍ വന്നിറങ്ങിയ വാഹനമായ നിസ്സാന്‍ ഇവാലിയ എന്നാല്‍, തരക്കേടില്ലാത്ത വിപണിപിടിത്തം നടത്തിവരുന്നുണ്ട്. ഒരു യൂട്ടിലിറ്റി വാഹനത്തിന്‍റെ സന്നാഹങ്ങള്‍ക്കാണ് ഇവാലിയ പ്രാധാന്യം ഏറെ നല്‍കിയിരിക്കുന്നത്.
റൈഡ് കംഫര്‍ട്ടിന്‍റെ കാര്യത്തിലും റഗ്ഗഡ്‍നെസ്സിന്‍റെ കാര്യത്തിലും വിപണിയില്‍ ഇന്നോവ തീര്‍ത്തത് ഒരു പെരുമ്പാത തന്നെയാണ്. സെഗ്മെന്‍റില്‍ ബെസ്റ്റ് സെല്ലിംഗ് കാറായി നിലകൊള്ളാന്‍ ഇത്തരം നിരവധി ക്വാളിറ്റുകള്‍ ഇന്നോവയെ സഹായിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാരുതി സുസൂക്കി എര്‍റ്റിഗ, ഇന്നോവയെ മറികടന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് മുയല്‍ ആനയെ മറികടന്നു എന്ന തരത്തിലുള്ള ഒരു വാര്‍ത്തയായി കണ്ടാല്‍ മതി. ഒരേ സെഗ്മെന്‍റിലാണെന്നു വെച്ച് അങ്ങനെ കേറിക്കളിക്കാനൊന്നും എര്‍റ്റിഗ വളര്‍ന്നിട്ടില്ല.
ഇവിടെ ഇന്നോവയും ഇവാലിയയും തമ്മില്‍ എപ്രകാരം മത്സരിക്കുന്നു എന്നത് വില, സ്പേസ്, ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍, മൈലേജ് തുടങ്ങിയ വസ്തുതകള്‍ പരിശോധിച്ച് വിലയിരുത്തുന്നു.

ഇന്ത്യയില്‍ വില പറയുന്നിടത്താണ് പ്രധാന കളി. ഇക്കളിയില്‍ വിജയിക്കുന്നയാള്‍ വിപണിവിജയം ഏതാണ്ട് ഉറപ്പാക്കുന്നുവെന്ന് പറയാം. നിസ്സാന്‍ ഇവാലിയയുടെ ടോപ് എന്‍ഡ് വേരിയന്‍റ് 10 ലക്ഷത്തിനകത്ത് ഇടം പിടിക്കുന്നു. 9.99 ലക്ഷമാണ് വില. ഇവാലിയയുടെ ബേസ് വേരിയന്‍റ് വില 8.49 ലക്ഷമാണ്. നില് വേരിയന്‍റുകളാണ് ഇവാലിയയ്ക്കുള്ളത്. ഇന്നോവയുടെ വില തുടങ്ങുന്നത് 9.09 ലക്ഷത്തിലാണ്. ടോപ് എന്‍ഡ് വേരിയന്‍റ് 13.89 ലക്ഷത്തില്‍ വില കണ്ടെത്തിയിരിക്കുന്നു. 23 വേരിയന്‍റുകളാണ് ഇവാലിയയ്ക്കുള്ളത്.

1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനാണ് ഇവാലിയയ്ക്കുള്ളത്. 85 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനുള്ളത്. 200 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും. ടൊയോട്ട ഇന്നോവയുടേത് കുറെ വലിയ എന്‍ജിനാണ്. 2.5 ലിറ്ററാണ് ഈ ഡീസല്‍ എന്‍ജിന് ശേഷി. 102 കുതിരകളുടെ കരുത്താണ് എന്‍ജിന്‍റേത്. 200 എന്‍എം ആണ് ചക്രവീര്യം.

നിസ്സാന്‍ ഇവാലിയയുടെ മൈലേജ് മികവുറ്റതാണ്. ലിറ്ററിന് 16.5 കിലോമീറ്റര്‍ മൈലേജ് നല്‍കും. അതെസമയം ഇന്നോവ പകരുന്നത് ലിറ്ററിന് 11.8 കിലോമീറ്ററാണ്.

പ്രകടനം
നിസ്സാന്‍ ഇവാലിയയുടെ കെര്‍ബ് വെയ്റ്റ് ഇന്നോവയെക്കാള്‍ 200 കിലോഗ്രാം കുറവാണ്. ഇത് ഇവാലിയയെ വേഗതയില്‍ ഇന്നോവയെ മറികടക്കാന്‍ പര്യാപ്തമാക്കുന്നു. 14.3 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിമി വേഗം പിടിക്കാന്‍ ഇവാലിയയ്ക്ക് കഴിയുമെങ്കില്‍ ഇന്നോവയ്ക്ക് ഇതിനായി 17.6 സെക്കന്‍് നേരമെടുക്കണം.

ഹാന്‍ഡ്‍ലിംഗ്
സിറ്റി ട്രാഫിക്കുകളില്‍ മികച്ച കൈകൈര്യക്ഷമതയാണ് ഇവാലിയയ്ക്കുള്ളത്. കുറഞ്ഞ ടേണിംഗ് റേഡിയസ് സിറ്റി ട്രാഫിക്കില്‍ ആയാസരഹിതമായ ഒടിക്കലും വളയ്ക്കലുമെല്ലാം സമ്മാനിക്കുന്നു. ഇന്നോവയുടെ പെരുംശരീരം പലപ്പോഴും വലിയ തിരക്കുകളില്‍ വന്‍ ശ്രദ്ധ ആവശ്യപ്പെടുന്നു.

കംഫര്‍ട്ട്
യാത്രാസുഖത്തിന്‍റെ കാര്യത്തില്‍ ഇന്നോവ നല്‍കുന്നത് സെഗ്മെന്‍റിലും സെഗ്മെന്‍റിനു പുറത്തും അധികമാരും നല്‍കുന്നില്ല. വീട്ടിലെന്ന പോലെ സുഖം പ്രദാനം ചെയ്യാന്‍ ഇന്നോവയുടെ സീറ്റിംഗിന് സാധിക്കുന്നുണ്ട്. ദീര്‍ഘയാത്രകള്‍ക്ക് മികച്ചൊരു വാഹനമാണിത്. സിറ്റി റൈഡുകളില്‍ മികവുറ്റ സുഖം പ്രദാനം ചെയ്യാന്‍ ഇവാലിയയ്ക്ക് കഴിയുന്നുണ്ട്. ദീര്‍ഘയാത്രകളില്‍ ഇന്നോവ നല്‍കുന്ന സുഖം നല്‍കാന്‍ പക്ഷെ, ഇവാലിയയ്ക്ക് സാധിക്കില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

സ്ഥലം - ഇവാലിയ
മുന്‍വശത്ത് രണ്ട് നടുവിലെയും പിന്നിലെയും കാബിനുകളില്‍ മൂന്നുവീതം എന്നിങ്ങനെ ആളെ കൊള്ളിക്കാന്‍ ഇവാലിയയില്‍ സാധിക്കും. ഇവാലിയയുടെ പ്രത്യേക ഡിസൈന്‍ പിന്‍ കാബിനില്‍ വരെ മികച്ച ഹെഡ്‍റൂം നല്‍കുന്നു. കാല്‍ നിവര്‍ത്താന്‍ ഒരല്‍പം അസൗകര്യമുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു.

സ്ഥലം - ഇന്നോവ
ഇവാലിയയില്‍ രണ്ടാം നിരയില്‍ ബഞ്ച് സീറ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇന്നോവയില്‍ ഇത് ഓപ്ഷണലാണ്. വേണമെങ്കില്‍ കാപ്റ്റന്‍ സീറ്റ് തെരഞ്ഞെടുക്കാവുന്നതാണ്. രണ്ടാം നിര സീറ്റുകള്‍ നീക്കാനും ഇന്നോവയില്‍ സാധിക്കുന്നു. മൂന്നാം നിരയില്‍ യാത്രക്കാര്‍ക്ക് മുട്ടുവേദനയില്ലാതെ യാത്ര ചെയ്യാന്‍ ഈ അഡ്ജസ്റ്റ്മെന്‍റ് സഹായിക്കും. മൂന്നാം നിരയല്‍ ഇന്നോവ നല്‍കുന്ന കംഫര്‍ട്ട് സെഗ്മെന്‍റില്‍ മറ്റൊരു വാഹനവും നല്‍കുന്നില്ല.

ലഗേജ് സ്പേസ്
ഇവാലിയയുടെ മൂന്നാം നിര സീറ്റ് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്പേസ് സൃഷ്ടിക്കാന്‍ സാധിക്കും. ഇന്നോവയെക്കാള്‍ ഇക്കാര്യത്തില്‍ ഇവാലിയ മുന്നില്‍ത്തന്നെയാണ്.

ഇന്‍റീരിയര്‍
നിസ്സാന്‍ ഇവാലിയയുടെ ടോപ് എന്‍ഡ് മോഡല്‍ റിയര്‍ പാര്‍ക്കിംഗ് കാമറയും പേറി വരുന്നു. എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഉണ്ട്. എന്നാല്‍ ഇവാലിയയെ ഇന്നോവ കാറിന്‍റെ അകത്തുള്ള സന്നാഹങ്ങളുമായി തട്ടിച്ചു നോക്കുക എന്നത് ഒരു അപരാധമായി പരിഗണിക്കപ്പെടും എന്നതാണ് സത്യം.

എക്സ്റ്റീരിയര്‍
കാഴ്ചയില്‍ ഇവാലിയ ഇത്തിരി ബോക്സിയാണ്. ഇന്നോവയാണെങ്കില്‍ അസാധ്യ സെക്സിയും. ഇവാലിയയുടെ വാന്‍ സ്വഭാവം പലര്‍ക്കും ഇഷ്ടമായെന്നുവരില്ല. സ്ലൈഡിംഗ് ഡോര്‍ ഇവാലിയയുടെ വാന്‍ സ്വഭാവത്തെ വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇതൊരു സൗകര്യമാണെങ്കിലും ചിലരുടെ കാഴ്ചയ്ക്ക് ഒരസൗകര്യമാണിത്.

വിധി
മൈലേജിന്‍റെ കാര്യത്തില്‍ ഇവാലിയ മുമ്പില്‍ നില്‍ക്കുന്നതായി നമ്മള്‍ കണ്ടു. വിലയുടെ കാര്യത്തിലും ഇവാലിയ ,ചില സൗകര്യങ്ങള്‍ നല്‍കുന്നു. ഇന്നോവയുടെ ബേസ് വേരിയന്‍റിനറെ വിലയ്ക്ക് ഒരു ഇവാലിയ ടോപ് എന്‍ഡ് സ്വന്തമാക്കാം. എന്നാല്‍ ഒരു മികച്ച എംപിവി എന്നതാണ് നിങ്ങളുടെ നോട്ടമെങ്കില്‍, വില ഒരു പ്രശ്നമല്ലെങ്കില്‍ തീര്‍ച്ചയായും ഇന്നോവയിലേക്ക് ചെല്ലാം.


Click it and Unblock the Notifications








