അതൃപ്തി എന്തെന്ന് മനസ്സിലായില്ല: ഒസാമു

മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റില്‍ കഴിഞ്ഞ മാസം തൊഴിലാളികള്‍ അക്രമാസക്തരാവുകയും ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായവുകയും ചെയ്തിരുന്നു. ദീര്‍ഘകാലമായി തൊഴിലാളികള്‍ വേതനവര്‍ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുകയാണ്. എന്നാല്‍ കമ്പനിയുടെ ജപ്പാന്‍ അധികൃതര്‍ തൊഴില്‍ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് എടുത്തുവരുന്നത്. ഈ സമീപനമാണ് കമ്പനിയുടെ ഒരു തൊഴിലാളിയുടെ ജീവനെടുക്കുന്നതിലേക്കുവരെ എത്തിച്ചേര്‍ന്നത്.
പ്രശ്നങ്ങള്‍ മൂര്‍ഛിച്ചിട്ടും ഹരിയാനയില്‍ നിന്ന് പ്ലാന്‍റ് നീക്കാന്‍ മാരുതി തയ്യാറായിരുന്നില്ല. ഇതിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉപകാരസ്മരണയാണ് ഒസാമുവിന് ലഭിച്ച മെമന്‍റോ. ഇന്ത്യയെ തങ്ങള്‍ വളരെയധികം ആദരവോടെയാണ് നോക്കിക്കാണുന്നതെന്ന് ഒസാമു അറിയിച്ചു. ഒരു അനിഷ്ടസംഭവത്തെ പ്രതി തങ്ങളെങ്ങോട്ടും പോകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രവൃത്തിയെ 'ക്രിമിനല്‍' എന്ന് വിശേഷിപ്പിച്ച ഒസാമു വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണമാരാഞ്ഞതായി വ്യക്തമാക്കി.
അതെസമയം മാരുതി മനെസര്‍ പ്ലാന്‍റില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുകയാണ്. കഴിഞ്ഞ തവണത്തെ സംഭവത്തെ തുടര്‍ന്ന് സുസുക്കി 500 പേരെ പിരിച്ചു വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു രംഗത്തെത്തിയിട്ടുണ്ട്.
വേതനക്കുറവിനെക്കാള്‍ തൊഴിലാളികളെ പ്രയാസത്തിലാക്കുന്നത് കടുത്ത തൊഴില്‍ സാഹചര്യങ്ങളാണ്. ഒമ്പത് ദിവസത്തെ ലീവ് മാത്രമാണ് വര്‍ഷത്തില്‍ കമ്പനി അനുവദിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 15 മിനിട്ടാണ് ഇടവേള. ചായ കുടിക്കാനും മൂത്രമൊഴിക്കാനും ഏഴര മിനിട്ട് വീതം വരുന്ന ഇടവേളകളില്‍ തൊഴിലാളികള്‍ പരക്കം പായുകയാണ് പതിവ്. ഒരു മിനിട്ട് വൈകി പഞ്ച് ചെയ്താല്‍ പകുതി ദിവസത്തെ വേതനം പിടിച്ചെടുക്കും.
ജപ്പാന്‍ കമ്പനിയായ സുസുക്കി, മാരുതിയുടെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ജപ്പാനിലെ മാനേജ്‍മെന്‍റ് രീതികള്‍ ഇന്ത്യയിലെ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ പ്രതികരിക്കുകയായിരുന്നു.


Click it and Unblock the Notifications