വിലവര്‍ധന: നാനോ ചിരിക്കുന്നു?

ടാറ്റ നാനോ ഒരു മികച്ച സിറ്റി കാര്‍ എന്ന നിലയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ട്രാഫിക്കുകളിലെ കൈകാര്യക്ഷമതയും ഇന്ധനക്ഷമയുമെല്ലാം ഇതിന് കാരണമാണ്. പ്രതീക്ഷിച്ചത്ര വില്‍പന ലഭിക്കാതെ ഇടക്കാലത്ത് നാനോ വളരെയേറെ കഷ്ടപ്പെടുകയുണ്ടായി. നാനോ പ്ലാന്‍റിന്‍റെ ഉല്‍പാദനക്ഷമത പകുതിയോളം കുറച്ചു. എന്നാല്‍ ഈ അടുത്ത മാസങ്ങളില്‍ മികച്ച മുന്നേറ്റമാണ് നാനോ നടത്തുന്നത്. മാസത്തില്‍ ഏതാണ്ട് 10,000 കാര്‍ വീതം വിറ്റുപോകുന്നുണ്ട്.
ഇന്ത്യയിലെ ഓട്ടോവിപണിയുടെ അടിസ്ഥാന മന്ത്രങ്ങളില്‍ ഒന്നായ മൈലേജ് എന്നത് കൂടുതല്‍ ശക്തമായ ഘടകമാകുന്നതിന്‍റെ വാര്‍ത്തയാണ് ഓരോ ഇന്ധന വിലക്കയറ്റ വാര്‍ത്തയും. സുരക്ഷ, കംഫര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും യൂറോപ്യന്‍മാരുടെ 'ആഡംബര'മാണ് ഇന്ത്യക്കാരന്. ഇതെല്ലാം വെച്ച് കണക്കു കൂട്ടി നോക്കുമ്പോള്‍ ഇനിയുള്ള ദിനങ്ങള്‍ ടാറ്റയുടേതാണെന്ന് കാണാന്‍ വിഷമമില്ല.
2013ല്‍ തന്നെ ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ നിലവില്‍ ഡീസല്‍ കാറുകളുടെ സാന്നിധ്യം ഇല്ല എന്നുതന്നെ പറയാം. മൊത്തത്തില്‍ ചാകരയാണ് വരാന്‍ പോകുന്നത്, ചാകര!


Click it and Unblock the Notifications








