2013 ഫോക്സ്‍വാഗണ്‍ കണ്‍വെര്‍ടിബ്ള്‍ അവതരിച്ചു
കാര്‍ ഒരു ശില്‍പമാണെങ്കില്‍, ആ ശില്‍പത്തിന് ഒരു ക്ലാസിക് രൂപമുണ്ടെങ്കില്‍ അതിന് പേര് ഫോക്സ്‍വാഗണ്‍ ബീറ്റില്‍ എന്നാണ്. ഒരു ഇക്കണോമി കാറായാണ് ബീറ്റില്‍ എന്ന 'മൂട്ടക്കാര്‍' 1938ല്‍ വിപണിയിലെത്തുന്നത്.
ഇന്ന് ഈ വാഹനം ഫോക്സ്‍വാഗണിന്‍റെ ബ്രാന്‍ഡ് പ്രതിരൂപമാകുകയും ഒരു ആഡംബര കാറായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്.

നിരന്തരമായ പരിണാമങ്ങള്‍ക്ക് വിധേയമായാണ് കഴിഞ്ഞ ഓരോ ദശകവും ബീറ്റില്‍ കടന്നുപോന്നത്. ഇക്കാലത്തിനിടയില്‍ വലിപ്പത്തിലും രൂപത്തിലുമെല്ലാം ബീറ്റിലിനുമേല്‍ പരീക്ഷണങ്ങള്‍ നടന്നു. ഒരു സെഡാന്‍ പതിപ്പുപോലും ഈ വാഹനത്തിന് ഉണ്ടായിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ബീറ്റിലിന് മാറ്റം സംഭവിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വില്‍പനയില്‍ കാര്യമായ ഇടിവ് വരുന്നത് പ്രമാണിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കമ്പനി കാരണം കണ്ടെത്തി. ബീറ്റില്‍ പെണ്ണാണ്! ഡിസൈനിലെ പെണ്ണത്തം കാരണം പണക്കാരായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് വാങ്ങിക്കൊടുക്കുന്ന ബര്‍ത്‍ഡേ ഗിഫ്റ്റായി കാര്‍ മാറിയിരിക്കുന്നു.

ഇതിന് പരിഹാരമായി ഫോക്സ്‍വാഗണ്‍ ചെയ്തത് കാറിന്‍റെ ഡിസൈനില്‍ അല്‍പം 'ആണത്തം' പകരുക എന്നതാണ്. യുവാക്കളെ ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ വരുത്തിയത്.

ഏറ്റവും പുതിയ ബീറ്റില്‍ കണ്‍വെര്‍ടിബ്ള്‍ ആണ്.

ബീറ്റിലിന് കണ്‍വെര്‍ടിബ്ള്‍ പതിപ്പ് വരുന്നത് ഇതാദ്യമല്ല. 1949ല്‍ ഒരു കണ്‍വെര്‍ടിബ്ള്‍ വിപണിയിലെത്തിയിരുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബീറ്റിലനുള്ളത്. 105 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുക. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ കൂടി ഈ വാഹനത്തിനുണ്ട്. 1.4 ലിറ്ററിന്‍റെയും 2 ലിറ്ററിന്‍റെയും.

2013 ബീറ്റിലിന്‍റെ പ്രധാന പ്രത്യേകതകളിലൊന്ന് അത് ഡീസല്‍ പതിപ്പുകളും അവതരിപ്പിക്കുന്നു എന്നതാണ്. രണ്ട് ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിനുള്ളത്. 1.6 ലിറ്റര്‍ 2.0 ലിറ്റര്‍ എന്നിങ്ങനെയാണ് ശേഷി.


Click it and Unblock the Notifications








