ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലെത്തി
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 2014 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വന്‍തോതിലുള്ള അപ്‌ഗ്രേഡുകളോടെയാണ് പ്രാഡോയുടെ പുതിയ രൂപം നമുക്കു മുമ്പിലെത്തുന്നത്. ഡിസൈനിലും സവിശേഷതകളിലും സാങ്കേതിക സന്നാഹങ്ങളിലുമെല്ലാം വലിയ പുതുക്കം കാണാം.
ഇന്ത്യയില്‍ വാഹനം എങ്ങനെ നിലപാടെടുക്കുന്നുവെന്നും വിശദമായി താഴെ ചിത്രങ്ങള്‍ സഹിതം ചര്‍ച്ച ചെയ്യുന്നു.

വില
84.87 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ലോഞ്ച് ചെയ്തിരിക്കുന്നത്.

മാറ്റങ്ങള്‍
മുന്‍വശത്തുതന്നെ തിരിച്ചറിയാം പ്രാഡോയില്‍ കൊണ്ടുവന്ന പുതുക്കങ്ങള്‍. ഗ്രില്‍ പുതുക്കിയതായി കാണാം. ബംപറിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകളോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍ പുതിയതാണ്. ഫോഗ് ലാമ്പുകള്‍, പിന്നിലെ ബ്രേക് ലൈറ്റ് ക്ലസ്റ്റര്‍ എന്നിവയും പുതുക്കിയ ഡിസൈനിലാണ് വന്നിരിക്കുന്നത്.

ക്രൗള്‍ കണ്‍ട്രോള്‍
നിരവധി ഓഫ് റോഡ് സന്നാഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് വാഹനത്തിലെന്നു കാണാം. ക്രൗള്‍ കണ്‍ട്രോള്‍ അതില്‍ എടുത്തുപറയേണ്ട ഒന്നാണ്. കടുത്ത ഓഫ്‌റോഡിംഗ് സാഹചര്യങ്ങളില്‍ ബ്രേക്കിന്റെ ഉപയോഗം കുറയ്ക്കുവാന്‍ ഡ്രൈവറെ സഹായിക്കുന്നതാണ് ഈ സംവിധാനം. വിവിധ പാതകള്‍ക്ക് അനുയോജ്യമായ റൈഡ് നില തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന സന്നാഹവും കൂടെയുണ്ട്. മള്‍ടി ടെറേയ്ന്‍ സെലക്ടര്‍ എന്നുവിളിക്കാവുന്ന ഈ സംവിധാനത്തില്‍ റോക്ക്, റോക്ക് ആന്‍ഡ് ഡര്‍ട്, റോക്ക് ആന്‍ഡ് മഡ്, സാന്‍ഡ് തുടങ്ങിയ നിലകള്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാം.

എന്‍ജിന്‍
3.0 ലിറ്റര്‍ എന്‍ജിനാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 2014 മോഡലിലുള്ളത്. 170 കുതിരശക്തി പകരുന്ന എന്‍ജിന്‍ വാഹനത്തിന്റെ വീലുകളിലേക്ക് 409 എന്‍എം ചക്രവീര്യം എത്തിക്കുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ഡാര്‍ക് ബ്ലൂ മെറ്റാലിക്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ് പുതിയ പ്രാഡോ.


Click it and Unblock the Notifications








