ഓഡി ക്യൂ3 ആഡംബരത്തിന് വിലകുറയുമ്പോള്‍
ആഡംബരത്തിന്റെ വില കുറയ്ക്കുവാന്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ശ്രമിച്ചുവരുന്നതിന്റെ മറ്റൊരു ഫലം, ഓഡി ക്യൂ3 എസ് പുറത്തുവന്നു. ഓഡി ക്യൂ3യുടെ ദില്ലി എക്‌സ്‌ഷോറൂം വില 24.99 ലക്ഷമാണ്. ഇത് നിലവിലെ ക്യൂ3-യെക്കാള്‍ 10 ലക്ഷത്തോളം കുറവാണ്.
വരാനിരിക്കും ബിഎംഡബ്ല്യു വണ്‍ സീരീസ്, മെഴ്‌സിഡിസ് ബെന്‍സ് എ ക്ലാസ്, ബി ക്ലാസ് എന്നിവയെയാണ് പുതിയ ക്യു3 എസ് ലക്ഷ്യം വെക്കുന്നത്. വിലയില്‍ വരുത്തിയിട്ടുള്ള കുറവ് വാഹനത്തിന്റെ സവിശേഷതകളിലുള്ള കുറവായി മാറിയിട്ടുണ്ടെന്നും കാണാം.

നിലവില്‍ ക്യൂ3 ഉപയോഗിച്ചുവരുന്ന എന്‍ജിനല്ല ക്യു3 എസ്സിന് നല്‍കിയിരിക്കുന്നത്. കുറെക്കൂടി ചെറിയ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ക്യൂ3 എസ്സില്‍ ഉപയോഗിക്കുക. 140 കുതിരശക്തിയും 320 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. ഓഡിയുടെ ക്വത്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഈ പതിപ്പില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി. ക്യൂ3-യിലെ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനു പകരം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്ന വാഹനത്തിന്.

ക്യൂ3യിലെ സീറ്റ് മെമ്മറി, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സിനണ്‍ ഹെഡ്‌ലാമ്പുകള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, സണ്‍റൂഫ്, റിവേഴ്‌സ് കാമറ തുടങ്ങിയ സ്റ്റാന്‍ഡേഡ് സന്നാഹങ്ങള്‍ എടുത്തുകളഞ്ഞിട്ടുള്ളതും പരാമര്‍ശിക്കേണ്ടതുണ്ട്.
എന്നാല്‍ സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ഇളവ് വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. 6 എയര്‍ബാഗുകള്‍ നിലനിര്‍ത്തിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസേഷന്‍ പ്രോഗ്രാം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വോയ്‌സ് ആക്ടിവേറ്റഡ് കമാന്‍ഡ്‌സ് സംവിധാനം എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.

ക്യു3 പതിപ്പിനെക്കാള്‍ 140 കിലോഗ്രാം ഭാരക്കുറവുണ്ട് ക്യൂ3 എസ്സിന്. ഇത് ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എടുത്തുമാറ്റിയതിന്റെ ഫലമാണ്. വാഹനത്തിന്റെ ഭാരക്കുറവ് മൈലേജിലും പ്രതിഫലിക്കും.


Click it and Unblock the Notifications








