ബങ്കളുരുവില്‍ ഇലക്ട്രിക് ബസ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍
ബങ്കളുരുവില്‍ ഇലക്ട്രിക്, ഹൈബ്രിഡ് ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ പോകുന്നതിനെക്കുറിച്ച് നേരത്തെ നമ്മള്‍ സംസാരിച്ചിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് അടുത്ത ഒന്നുരണ്ടാഴ്ചയ്ക്കകം ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളില്‍ പരീക്ഷണാര്‍ത്ഥം ഓടിത്തുടങ്ങുമെന്നാണ്.
ബിഎംടിസി (ബങ്കളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) യുടെ ശാന്തിനഗര്‍ ഡിപ്പോയില്‍ ഇലക്ട്രിക് ബസ്സുകള്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

ബസ്സ് നിരത്തിലിറങ്ങാന്‍ ചില കടലാസുജോലികള്‍ മാത്രമേ ബാക്കിയുള്ളൂ. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാകുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ നല്‍കുന്ന താല്‍ക്കാലിക അനുമതിയില്‍ മൂന്നുമാസത്തോളം ബസ്സ് ബങ്കളുരു നിരത്തുകളില്‍ ട്രയല്‍ റണ്‍ നടത്തും. ഇതിനുശേഷമുള്ള വിലയിരുത്തലുകള്‍ക്കു ശേഷം പൂര്‍ണ അനുമതി നല്‍കും. ബസ്സ് ചാര്‍ജ് ചെയ്യാനാവശ്യമായ അധികയൂണിറ്റ് വൈദ്യുതിക്ക് അനുമതിയായിട്ടുണ്ടെന്ന് ബിഎംടിസി അറിയിക്കുന്നു.

ചൈനീസ് കമ്പനിയായ ബിവൈഡിയില്‍ നിന്നാണ് ബസ്സ് വാങ്ങിയിട്ടുള്ളത്. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ബസ്സുകള്‍ വാങ്ങും. ബിവൈഡിയുടെ കെ9 ബസ്സ് മോഡലാണ് ഇപ്പോള്‍ ശാന്തിനഗറിലെത്തിയിരിക്കുന്നത്. ബിവൈഡി സ്വയം വികസിപ്പിച്ചെടുത്ത അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററികള്‍ ചാര്‍ജ് നില്‍ക്കുന്ന കാര്യത്തില്‍ പ്രസിദ്ധമാണ്.

മജസ്റ്റിക്കിലെ കെംപഗൗഡ ബസ് സ്റ്റാന്‍ഡില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റ് സജ്ജീകരിക്കുന്നുണ്ടെന്ന് ബിഎംടിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏത് റൂട്ടിലാണ് വാഹനം ഓട്ടേണ്ടതെന്ന കാര്യത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല. ട്രാഫിക് പ്രശ്‌നങ്ങള്‍ അധികമുള്ളതും ഗട്ടറുകളാല്‍ നിറഞ്ഞതുമായ റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടത്തിന് വിടുക. ഇത്തരം റോഡുകള്‍ക്ക് ബങ്കളുരുവില്‍ യാതൊരു പഞ്ഞവുമില്ല.

അളവുതൂക്കങ്ങള്‍
കെ9 ബസ്സിന്റെ മൊത്തം ഭാരം 14,300 കിലോഗ്രാമാണ്. 12 മീറ്റര്‍ നീളം ബസ്സിനുണ്ട്. ബസ്സിനകത്ത് 29 പേര്‍ക്കിരിക്കുവാന്‍ കഴിയും. ഒരു വീല്‍ ചെയറും ബസ്സിലുണ്ട്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 96 കിലോമീറ്റര്‍. 50 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 20 സെക്കന്‍ഡാണ് കെ9 എടുക്കുക.

ഇലക്ട്രിക്, ഹൈബ്രിഡ് ബസ്സുകളിലേക്ക് മാറുന്നതിലൂടെ കരിമ്പുക നിര്‍ഗമനത്തിലും പണച്ചെലവിന്റെ കാര്യത്തിലുമെല്ലാം നിരവധി ഗുണങ്ങള്‍ ലഭിക്കും. കിലോമീറ്ററിന് വെറും നാല് രൂപമാത്രമാണ് ചെലവ്. കുറഞ്ഞ മെയിന്റനന്‍സാണ് മറ്റൊരു ഗുണം. ശബ്ദമലിനീകരണമുണ്ടാക്കുകയില്ല ഇലക്ട്രിക് വാഹനങ്ങള്‍. മൂന്ന് മണിക്കൂറിനുള്ളില്‍ പകുതിയോളം ചാര്‍ജാവും കെ9 ബസ്സിന്റെ ബാറ്ററികള്‍. 250 മുതല്‍ 300 വരെ റെയ്ഞ്ചുണ്ട് ബസ്സിന്. സോളാര്‍ ചാര്‍ജിംഗ് സൗകര്യവുമുണ്ട്.


Click it and Unblock the Notifications








