ക്വാഡ്രിസൈക്കിളിറക്കാന്‍ കമ്പനികള്‍ നിരവധി
ബജാജ് ക്വാഡ്രിസൈക്കിള്‍ വിപണിയിലെത്താനുള്ള പ്രധാന കടമ്പയായിരുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനമായിക്കഴിഞ്ഞു. കാര്യങ്ങളുടെ നടപ്പ്വശം കാര്യമായി നിരീക്ഷിച്ചു വരികയായിരുന്ന ഇന്ത്യയിലെ മറ്റ് പല കമ്പനികളും ഈ വിപണിയെ ഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ ക്വാഡ്രിസൈക്കിളുകള്‍ നിരത്തിലിറക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല. ഫാക്ടറികളിലും തോട്ടങ്ങളിലും സ്റ്റേഡിയങ്ങളിലുമെല്ലാമാണ് ഇത്തരം വാഹനങ്ങളെ അനുവദിച്ചിരുന്നത്.
ഈ ചട്ടങ്ങളെ ചെറുതായൊന്ന് മയപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ക്വാഡ്രിസൈക്കിള്‍ പ്ലാറ്റ്ഫോമുകള്‍ പക്കലുള്ളവരും ഇല്ലാത്തവരുമെല്ലാം ഈ പുതിയ സെഗ്മെന്‍റിലേക്ക് ആര്‍ത്തിയോടെ നോക്കുകയാണ്.

ബജാജ് ക്വാഡ്രിസൈക്കിള്‍
ബജാജിന്‍റെ ഔറംഗാബാദ് പ്ലാന്‍റിന് 5000 ആര്‍ഇ60കളുണ്ടാക്കാന്‍ കഴിയും ഒരു മാസത്തില്‍. ഉല്‍പാദനശേഷി വര്‍ധിപ്പിക്കണമെങ്കില്‍ വിപണിയില്‍ ക്വാഡ്രിസൈക്കിളുകള്‍ എങ്ങനെ നീങ്ങുമെന്ന് അറിയേണ്ടതുണ്ട്. 1.5 ലക്ഷം രൂപയുടെ ചുറ്റുപാടിലായിരിക്കും ബജാജ് ക്വാഡ്രിസൈക്കിള്‍ വില കാണുക.

പോളാരിസ്
പുതിയ സെഗ്മെന്‍റിന്‍റെ പിറവി വലിയ സാധ്യതയായി കാണുകയാണ് പോളാരിസ്. എന്നാല്‍ എടുത്തുചാടി എന്തെങ്കിലും ചെയ്യാന്‍ കമ്പനി ഒരുക്കമല്ല. സര്‍ക്കാരിന്‍റെ നയം എന്താണെന്ന കാര്യത്തില്‍ അവ്യക്തത ഇപ്പോഴും മാറിയിട്ടില്ല. ഇത് വ്യക്തമായിക്കഴിഞ്ഞാല്‍ മാത്രമേ പോളാരിസ് വാഹനങ്ങളില്‍ നിരത്തിലിറക്കാന്‍ പറ്റിയത് ഏതാണെന്ന് നിശ്ചയിക്കാനാവും. സര്‍ക്കാരിന്‍റെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് തങ്ങളെന്ന് പോളാരിസ് എംഡി പങ്കജ് ദുബൈ പറയുന്നു.

ടാറ്റ
ടാറ്റയാണ് ഇക്കാര്യത്തില്‍ ഇത്തിരി ആക്രാമകമായ നിലപാടെടുത്തിരിക്കുന്നത്. ആദ്യം ക്വാഡ്രിസൈക്കിള്‍ നിരത്തിലിറക്കാനുള്ള നീക്കത്തെ എതിര്‍ത്ത ടാറ്റയിപ്പോള്‍ പ്രസ്തുത സെഗ്മെന്‍റിലേക്ക് കടക്കാനുള്ള നീക്കത്തിലാണെന്ന് കമ്പനി എംഡി കാള്‍ സ്ലിം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.

മഹീന്ദ്ര
മഹീന്ദ്രയാണ് ക്വാഡ്രിസൈക്കിള്‍ സ്വപ്നം കാണുന്ന മറ്റൊരാള്‍. വളരെ ചെലവില്ലാതെ ടൂ വീലറില്‍ നിന്ന് ഫോര്‍ വീലറിലേക്ക് മാറാന്‍ ഇന്ത്യന്‍ ഉപഭോക്താവിനെ പുതിയ സെഗ്മെന്‍റ് സഹായിക്കുമെന്ന് മഹീന്ദ്ര പ്രസിഡണ്ട് പവന്‍ ഗോയങ്ക പറയുന്നു. കമ്പനിയുടെ പക്കല്‍ ഇപ്പോള്‍ ഇത്തരം പ്ലാറ്റ്ഫോം ഇല്ല.

പ്യാജിയോ
ഓട്ടോറിക്ഷ എന്ന അത്ഭുതജീവിയുടെ യഥാര്‍ത്ഥ സ്രഷ്ടാവാണ് പ്യാജിയോ. ചെറുയാത്രകള്‍ക്കുപയോഗിക്കാവുന്ന ക്വാഡ്രിസൈക്കിളുകള്‍ക്ക് യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചത് പ്യാജിയോ വഴിയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ക്വാഡ്രിസൈക്കിള്‍ ചട്ടം എങ്ങനെയായിരുന്നാലും അതിനനുസരിച്ച് വണ്ടികള്‍ കൊണ്ടുവരാന്‍ പ്യോജിയോയ്ക്ക് കെല്‍പുണ്ട്. "ഇതിനാവശ്യമായ സന്നാഹങ്ങളും പരിചയസമ്പത്തും ഞങ്ങള്‍ക്കുണ്ട്" എന്ന് തെര്യപ്പെടുത്തുന്നു പ്യോജിയോ എംഡി രവി ചോപ്ര.


Click it and Unblock the Notifications








