ഇലക്ട്രിക് ടാക്‌സികളുമായി മാരുതി, മഹീന്ദ്ര ടാറ്റ
ലോകത്തിന്റെ നിരത്തുകള്‍ പൂര്‍ണമായും ഇലക്ട്രികമാകുന്ന ഒരു കാലം വരാന്‍ പോകുകയാണ്. വികസിതരാഷ്ട്രങ്ങളെല്ലാം അടുത്ത ഒന്നോ രണ്ടോ ദശകത്തിനുള്ളില്‍ ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കഴിയും എന്നാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് ഊഹിക്കാവുന്നത്. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ ഇനിയും സമയമെടുത്തേക്കും ഈ നിലയിലെത്തുന്നതിന്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള തീരുമാനം ഇക്കഴിഞ്ഞയാഴ്ച കേന്ദ്രം കൈക്കൊണ്ടത് ഈ വഴിക്കുള്ള ഒരു മികച്ച നീക്കമാണെന്നുപറയാം.
ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ്. ദില്ലിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി പ്രകാരം ദില്ലി മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇലക്ട്രിക് ടാക്‌സികള്‍ ആരംഭിക്കും. ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് കേന്ദ്ര ഘന വ്യവസായ അഡീഷണല്‍ സെക്രട്ടറി അംബുജ് ശര്‍മയാണ്. ഈ പ്രഖ്യാപനത്തെ ഏറ്റുപിടിച്ച് മത്സരത്തിന് കച്ചകെട്ടിയിരിക്കുകയാണ് മഹീന്ദ്ര, മാരുതി, ടാറ്റ എന്നീ ഇന്ത്യന്‍ കാര്‍ ഭീമന്മാര്‍.

മഹീന്ദ്രയുടെ പക്കല്‍ മാത്രമാണ് നിലവില്‍ ഇലക്ട്രിക് ഫോര്‍ വീലറുള്ളത്. മഹീന്ദ്ര രേവ പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ അവയുടെ വിലനിലവാരം മൂലം വലിയ വില്‍പന കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. വെരിറ്റോ സെഡാര്‍ കാറിന് ഒരു ഇലക്ട്രിക് പതിപ്പ് നിര്‍മിച്ചിട്ടുണ്ട് മഹീന്ദ്ര. താരതമ്യേന വളര്‍ച്ചയെത്തിയ ഇലക്ട്രിക് കാര്‍ സാങ്കേതികത പക്കലുണ്ട് എന്നത് മഹീന്ദ്രയ്ക്ക് ഗുണകരമായേക്കും.

ടാറ്റ, മാരുതി എന്നിവരാണ് മറ്റുള്ള മത്സരാര്‍ത്ഥികള്‍. ഈക്കോ വാനിന് ഒരു ഇലക്ട്രിക് പതിപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു മാരുതി. 2011 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം അവതരിച്ചെങ്കിലും ഇതെക്കൂറിച്ച് പിന്നീട് കാര്യമായൊന്നും കേള്‍ക്കുകയുണ്ടായില്ല. മാരുതിയുടെ പക്കല്‍ സാങ്കേതികതയില്ലെങ്കില്‍ പുറത്തുനിന്ന് വാങ്ങിയിട്ടാണെങ്കിലും മത്സരത്തില്‍ പങ്കാളിയായേക്കും.

മഹീന്ദ്രയുടെ മാക്‌സിമോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ് നിലവിലുണ്ട്. ധാരാളം ഉള്‍സൗകര്യമുള്ള ഈ ചെറുവാഹനത്തെ ഉപയോഗിച്ച് മഹീന്ദ്രയ്ക്ക് തുടങ്ങാന്‍ കഴിയും.

ടാറ്റയുടെ ഏസ്, മാജിക് എന്നിവയുടെ ചെറുവാന്‍ പതിപ്പുകള്‍ ഇലക്ട്രിക് ടാക്‌സികളായി ഇറക്കിയേക്കും. ഇലക്ട്രിക് കാര്‍ സബ്‌സിഡി നിലവില്‍ വരിക 2014 ഏപ്രിലിലായിരിക്കും. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ നിസ്സാരമല്ലാത്ത മാറ്റങ്ങള്‍ വരുത്താന്‍ ഈ നടപടിക്ക് സാധിച്ചേക്കും.


Click it and Unblock the Notifications








