'മൂന്നറ വണ്ടികള്‍'ക്ക് നികുതി ഒഴിവാക്കും
2013-14 സാമ്പത്തിക വര്‍ഷത്തെ യൂണിയന്‍ ബജറ്റ് ഓട്ടോമൊബൈല്‍ വിപണിക്ക് കട്ടപ്പണി കൊടുത്താണ് കടന്നുപോയത്. ഇത് സംബന്ധിച്ച് ഓട്ടോമേഖലയില്‍ വന്‍ തോതിലുള്ള രോഷം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഓട്ടോമൊബൈല്‍ വിപണിയുടെ വളര്‍ച്ച ഇടിയുമെന്നും പുതിയ നിക്ഷേപങ്ങള്‍ കടന്നുവരുന്നതിന് തടസ്സമാകുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ തെര്യപ്പെടുത്താന്‍ ശ്രമിച്ചു വരികയാണ്.
170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനങ്ങള്‍ക്ക് നികുതി 30 ശതമാനം വര്‍ധിപ്പിച്ചത് എസ്‍യുവി വിപണിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹനവിഭാഗമാണ് എസ്‍യുവി.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ബജറ്റിലെ ചില നിര്‍ദ്ദേശങ്ങള്‍ തെറ്റിദ്ധാരണാജനകമായിരുന്നെന്നും അവ പിന്‍വലിക്കാന്‍ ധനമന്ത്രാലയം തയ്യാറാകുമെന്നുമാണ്. '177 എംഎം-ല്‍ അധികം ഗ്രൗണ്ട് ക്ലിയറന്‍സും 4 മീറ്ററില്‍ അധികം നീളവും 1500 സിസിയിലധികം എന്‍ജിന്‍ ശേഷിയുമുള്ള' വാഹനങ്ങള്‍ക്ക് 30 ശതമാനം നികുതി കൂട്ടുന്നതായാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. ഈ നിര്‍ദ്ദേശത്തിന്‍റെ യഥാര്‍ത്ഥ വിവക്ഷ എസ്‍യുവികളെ മാത്രമായിരുന്നു. എന്നാല്‍ 4 മീറ്റില്‍ അധികം നീളം, 1500 സിസിയിലധികം എന്‍ജിന്‍ ശേഷിയും എന്നീ വാചകങ്ങള്‍ ചേര്‍ന്നതോടെ അത് സെഡാന്‍ വിഭാഗത്തെ കൂടി ബാധിക്കുന്ന ഒന്നായി മാറി.
വിഷയം ബോധ്യപ്പെട്ടതോടെ ധനമന്ത്രാലയം സംഗതി കൂടുതല്‍ വ്യക്തമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ വിഭാഗീകരണത്തില്‍ വരുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ പുതിയൊരു വിഭാഗീകരണ രീതി ആവിഷ്കരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുപ്രകാരം എസ്‍യുവികള്‍ 'ടൂ ബോക്സ് വെഹിക്കിള്‍സ്' എന്ന വിഭാഗത്തിലാണ് പെടുക. സെഡാനുകളെ 'ത്രീ ബോക്സ് വെഹിക്കിള്‍സ്' ആയും പരിഗണിക്കും.
സെഡാനിലെ മുന്‍ പിന്‍ കാബിനുകളും ബൂട്ടും ചേര്‍ത്താണ് 'മൂന്ന് അറകള്‍' എന്ന് മനസ്സിലാക്കുന്നത്. എസ്‍യുവിയില്‍ ബൂട്ട് ഇല്ലാത്തതിനാല്‍ രണ്ട് അറകളായും മനസ്സിലാക്കും.


Click it and Unblock the Notifications








