ഫിയറ്റ് ഒരു ക്രോസ്സോവര്‍ കൊണ്ടുവരും!
ഫിയറ്റ് ജീപ്പ് മോഡലുകള്‍ ഇന്ത്യയിലെത്തുന്ന കാര്യം നമ്മള്‍ നേരത്തെ മനസ്സിലാക്കിയിരുന്നതാണ്. ഇന്ത്യയില്‍ പൂന്തോയും ലിനിയയും വെച്ച് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതില്‍ നിന്ന് ഫിയറ്റ് വളരാര്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണിത്. അടുത്ത ഓട്ടോ എക്‌സ്‌പോയില്‍ പൂന്തോ ഹാച്ച്ബാക്കിന് ഒരു അബാര്‍ത്ത് പതിപ്പ് കൊണ്ടുവരാന്‍ പദ്ധതിയിട്ടിട്ടുമുണ്ട്. ഇതിനു പിന്നാലെ വരുന്ന വാര്‍ത്ത ഫിയറ്റ് ആരാധകരെ വലിയ തോതില്‍ സന്തോഷിപ്പിച്ചേക്കും.
ഒരു ക്രോസ്സോവര്‍ മോഡലാണ് പുതിയതായി ഫിയറ്റിന്റെ ഇന്ത്യന്‍ പദ്ധതികളില്‍ കയറിക്കൂടിയിട്ടുള്ളത്.

ഫിയറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് കമ്പനിയുടെ ഒരു വക്താവാണ് സ്ഥിരീകരണം നടത്തിയത്. ജീപ്പ് മോഡലുകളുടെ ലോഞ്ച് അടുത്ത വര്‍ഷം നടക്കുമെന്നും കൂടെ ഒരു ക്രോസ്സോവര്‍ മോഡലുമായി വന്ന് വിപണിയെ ഞെട്ടിക്കുമെന്നുമാണ് ഫിയറ്റ് വക്താവ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ഇതൊരു പുതിയ മോഡലായിരിക്കും എന്നുറപ്പിക്കേണ്ടതില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. പുതിയ മോഡലിനെ വലിച്ചുകെട്ടിക്കൊണ്ടുവരുന്നത് ചെലവ് കൂട്ടുമെന്നതിനാല്‍ നിലവിലുള്ള ഒരു മോഡലിന്റെ ക്രോസ്സോവര്‍ പതിപ്പ് പുറത്തിറക്കുവാനായിരിക്കും ഫിയറ്റ് ശ്രമിക്കുക.
ഫിയറ്റ് പൂന്തോ ഹാച്ച്ബാക്കിലേക്കാണ് സ്വാഭാവികമായും എല്ലാവരുടെയും കണ്ണുപായുന്നത്. പൂന്തോയെ വലുതാക്കിയെടുക്കുക ചെലവ് ചുരുക്കും. പൂന്തോയില്‍ നിലവിലുപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെ ക്രോസ്സോവറില്‍ ഉപയോഗിക്കുകയുമാകാം.
രഞ്ജന്‍ഗാവില്‍ ഫിയറ്റിന് നിലവിലുള്ള ഫാക്ടറിയില്‍ വെച്ചുതന്നെയായിരിക്കും ക്രോസ്സോവറിന്റെ നിര്‍മാണം. ഘടകഭാഗങ്ങള്‍ മിക്കതും ഇന്ത്യയില്‍ നിര്‍മിക്കുകയോ ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് വാങ്ങുകയോ ചെയ്യും.


Click it and Unblock the Notifications








