എന്‍ഡീവര്‍ പുതിയ ഫോഡ് ശില്‍പത്തില്‍
ഫോഡിന്റെ പുതിയ ഡിസൈന്‍ തീം എല്ലാ മോഡലുകളിലേക്കും പതുക്കെ പടരുകയാണ്. ഈയിടെ പുറത്തിറങ്ങിയ ഇക്കോസ്‌പോര്‍ട് എസ്‌യുവി ഈ പുതിയ ഫോഡ് ശില്‍പതത്വത്തില്‍ പുറത്തിറങ്ങിയ വണ്ടിയാണ്. പുതിയ കാലത്തെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ പെട്ട മസിലന്‍ ബള്‍ക്കി ശരീരം മിക്ക ഫോഡ് വാഹനങ്ങളും സ്വീകരിക്കുന്നു ഇപ്പോള്‍. നമുക്ക് അനുഭവപ്പെടാവുന്ന മറ്റൊരു സംഗതി, വാഹനങ്ങള്‍ കാഴ്ചയില്‍ കുടുതല്‍ കോംപാക്ട് ആകുന്നു എന്നതാണ്.
പുതിയ എവറസ്റ്റ് കണ്‍സെപ്റ്റും ഇതേ ഡിസൈന്‍ സവിശേഷതകള്‍ പേറുന്നുണ്ട്. ഇന്ത്യയില്‍ എന്‍ഡീവര്‍ എന്ന പേരില്‍ വിറ്റുവരുന്ന ഈ മോഡലിന് ആസ്‌ത്രേലിയയില്‍ എവറസ്റ്റ് എന്നാണ് പേര്. അവിടെ വന്‍ തോതിലുള്ള ഒരു പുതുക്കലിന് വാഹനം വിധേയമായിട്ടുണ്ട്. തീര്‍ച്ചയായും ഈ പുതുമുഖം നമ്മുടെ മാര്‍ക്കറ്റിലേക്കും വരേണ്ടതാണ്. എന്‍ഡീവറിന്റെ ഇപ്പോഴത്തെ എന്‍ഡീവര്‍ ഡിസൈന്‍ അല്‍പം പഴകിയിട്ടുണ്ട്.

പുതിയ എവറസ്റ്റ് കണ്‍സെപ്റ്റ് അടുത്ത വര്‍ഷം മുതല്‍ ഉല്‍പാദനത്തിനെത്തും എന്നറിയാന്‍ കഴിയുന്നു. കുറച്ചധികം ഉഷാറായ സമീപനം ലോക മാര്‍ക്കറ്റുകളില്‍ എടുത്തുതുടങ്ങിയ ഫോഡ്, 2017നുള്ളില്‍ 11 പുതിയ മോഡലുകള്‍ എത്തിക്കും. ഇവയില്‍ ഒന്നാണ് എന്‍ഡീവറിന് ലഭിക്കുന്ന സാരമായ ഈ ഫേസ്‌ലിഫ്റ്റ്.
എവറസ്റ്റ് കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ മാത്രമാണ് കമ്പനി പുറത്തു വിട്ടിട്ടുള്ളത്. വിശദാംശങ്ങള്‍ ഇനിയും പുറത്തു വരേണ്ടതായിട്ടാണുള്ളത്. 2.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 3 ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എന്‍ജിനും ഘടിപ്പിച്ച് വണ്ടി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഒരു ഉയര്‍ന്ന പതിപ്പ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചും വന്നേക്കും. ഇത് 2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനായിരിക്കുമെന്ന് അനുമാനിക്കാം.

എന്‍ഡീവറിന് നേരത്തെയുണ്ടായിരുന്ന ഗ്രില്ലിന്റെ അടിസ്ഥാന തീമിനോട് പുതിയ ശില്‍പതത്വം കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം. ക്രോമില്‍ പണിതീര്‍ത്ത, കുറുകെ രണ്ട് പട്ടകളുള്ള ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്‍ വാഹനത്തിന്റെ മുഖത്തിന് ഇത്തിരി കോപത്തിന്റെ സൗന്ദര്യം നല്‍കിയിരിക്കുന്നു. ഹെഡ്‌ലാമ്പുകള്‍ വലിയ തോതില്‍ മാറിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റിനോട് അതിവിദഗ്ധമായി ചേര്‍ത്തു നിറുത്തിയ ഫോഗ് ലാമ്പുകളും മാറിയിട്ടുണ്ട്.


Click it and Unblock the Notifications








