രൂപയിടിവ് ഫോഡും ഏറ്റെടുക്കുന്നു
ഫോഡ് ഇന്ത്യ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. 1 ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് വിലവര്‍ധിച്ചിട്ടുള്ളതെന്ന് ഫോഡ് അറിയിക്കുന്നു. അതേസമയം കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.
സെപ്തംബര്‍ അഞ്ച് മുതല്‍ വിലവര്‍ധന നടപ്പിലായതായി ഫോഡിന്റെ പ്രസ്താവന പറയുന്നുണ്ട്. എല്ലാ ഫോഡ് വാഹനങ്ങള്‍ക്കും വിലവര്‍ധന ബാധകമാക്കിയിട്ടുണ്ട്.

ഈയിടെ ലോഞ്ച് ചെയ്ത ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വിലയിലും വര്‍ധന നടപ്പാക്കുമെന്നാണ് അറിയുന്നത്. 5.59 ലക്ഷത്തില്‍ വില തുടങ്ങുകയും 9.37 ലക്ഷത്തില്‍ അവസാനിക്കുകയും ചെയ്യുന്നു ഇക്കോസ്‌പോര്‍ടിന്റെ നിലവിലെ വില.
ഫോഡ് ഫിയസ്റ്റയുടെ ഇപ്പോഴത്തെ വില തുടങ്ങുന്നത് 7.5 ലക്ഷത്തിന്റെ പരിസരങ്ങളിലാണ്. അവസാനിക്കുന്നത് 10.3 ലക്ഷത്തിന്റെ ചുറ്റുവട്ടത്തിലും.
വിലവര്‍ധന നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ കാര്‍ നിര്‍മാതാക്കളും പറയുന്നതു തന്നെയാണ് ഫോഡിനും പറയാനുള്ളത്. രൂപയുടെ മൂല്യം അനിയന്ത്രിതമായ തോതില്‍ ഇടിയുന്നതും ഉയര്‍ന്ന റിപ്പോ നിരക്കുമെല്ലാം ഫോഡ് എടുത്തുകാട്ടുന്നു. ഈ സാഹചര്യത്തില്‍ വിലവര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഫോഡ് ഇന്ത്യ വ്യക്തമാക്കുന്നത്.
മെഴ്‌സിഡിസ് ബെന്‍സ്, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളെല്ലാം വിലവര്‍ധന നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








