ഫോഡ് മസ്റ്റാംഗ് നമുക്കായി ഡീസലില്‍ വരും?
ഫോഡ് മസ്റ്റാംഗിന്റെ ഏറ്റവും പുതിയ പതിപ്പ് ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയിലെത്തിയത്. പെട്രോള്‍ എന്‍ജിനുകളിലാണ് ഈ അമേരിക്കന്‍ മസില്‍ കാര്‍ അരനൂറ്റാണ്ടിലധികം നീണ്ട തന്റെ ഐതിഹാസികയാത്ര നടത്തിയത്. മസില്‍ കാറുകള്‍ മൈലേജ് നോക്കി വാങ്ങുന്ന പരിപാടി ലോകത്തെങ്ങും പൊതുവില്‍ നടപ്പില്ല; അമേരിക്കയില്‍ ഒട്ടുമില്ല. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതിയതല്ല.
ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലെ വിപണിയിലേക്ക് മസ്റ്റാംഗിനുള്ള താല്‍പര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഫോഡിന്റെ ആഗോള പവര്‍ട്രെയിന്‍ തലവനായ ബോബ് ഫാസെറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മസ്റ്റാംഗിന്റെ 2015 മോഡലില്‍ ഒരുപക്ഷേ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡീസല്‍ എന്‍ജിനുകള്‍ മാത്രമായിരിക്കില്ല വരുംതലമുറ മസ്റ്റാംഗുകളിലുണ്ടാവുക എന്നാണ് മനസ്സിലാക്കേണ്ടത്. കരിമ്പുകച്ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ നിരത്തുകളില്‍ ഖനിജ ഇന്ധനങ്ങള്‍ മാത്രമുപയോഗിച്ചുള്ള വണ്ടിയോട്ടല്‍ ഒട്ടൊക്കെ അസാധ്യമാകും വരും വര്‍ഷങ്ങളില്‍. ഇലക്ട്രിക് മോട്ടോറുകള്‍ ഘടിപ്പിച്ചും ഹൈബ്രിഡ് സംവിധാനത്തിലുമൊക്കെ മസ്റ്റാംഗിന് വരേണ്ടിവരും. എന്നാല്‍ ഈ ഇടത്തിലേക്ക് എത്തിച്ചേരുന്നതിന് ഇന്ത്യ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടതായി വരും.
ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്കായി ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുമ്പോള്‍ അമേരിക്കയും യൂറോപ്പും പോലുള്ള സ്ഥലങ്ങളില്‍ ഹൈബ്രിഡ് - ഇലക്ട്രിക് സംവിധാനങ്ങളില്‍ മസ്റ്റാംഗ് പുറത്തിറക്കും.


Click it and Unblock the Notifications








