ടവേര, സെയ്ല്‍, യുവ നിര്‍മാണം മരവിപ്പിച്ചു?

ഇക്കാര്യത്തില്‍ പക്ഷെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. ബങ്കളുരുവിലെ ചില ഡീലര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേ വാഹനങ്ങള്‍ക്ക് ഇപ്പോഴും ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഡീലര്‍മാര്‍ക്ക് കമ്പനിയില്‍ നിന്ന് ഇത്തരമെന്തെങ്കിലും സൂചന ലഭിച്ചിട്ടില്ല എന്നാണറിയുന്നത്.
എന്നാല്‍, ചില പ്രമുഖ ഓട്ടോ മാധ്യമങ്ങള്‍ നല്‍കുന്നത് നേരെ വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ്. ഈ വാഹനങ്ങള്‍ വില്‍ക്കരുതെന്ന നിര്‍ദ്ദേശം എല്ലാ ഡീലര്‍ഷിപ്പുകളിലേക്കും ചെന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
മേല്‍പ്പറഞ്ഞ കാറുകളുടെ ഡീസല്‍ മോഡലുകള്‍ക്കാണ് പ്രശ്നമെന്ന് ജനറല്‍ മോട്ടോഴ്സ് വ്യക്തമാക്കിയതായി ഓട്ടോഎക്സ് എന്ന സൈറ്റ് പറയുന്നു. ടവേരയുടേത് കരിമ്പുക പുറന്തള്ളലുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ സെയ്ല്‍ സെഡാന്‍, ഹാച്ച്ബാക്ക് കാറുകളുടേത് 'ഗുണനിലവാരം' സംബന്ധിച്ച പ്രശ്നമാണെന്ന് ഓട്ടോഎക്സ് സൂചിപ്പിക്കുന്നു.
ജനറല്‍ മോട്ടോഴ്സും ഫിയറ്റും ചേര്‍ന്ന് നിര്‍മിച്ചതാണ് സെയ്ല്‍ മോഡലുകളില്‍ ഉപയോഗിക്കുന്ന മള്‍ടിജെറ്റ് എന്‍ജിന്‍. ഇതേ എന്‍ജിന്‍ തന്നെയാണ് എന്‍ജോയ് എംപിവിക്കും ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ വാഹനത്തിന്‍റെ വില്‍പന തടയുന്ന നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ല എന്നാണറിയുന്നത്.
ഇന്ത്യയില്‍ തന്നെയാണ് ഈ എന്‍ജിന്‍ നിര്‍മിക്കുന്നത്. 1.3 ലിറ്റര്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ ജനറല്‍ ഈ വാഹനങ്ങളെ തിരിച്ചുവിളിക്കാന്‍ സാധ്യത കാണുന്നുണ്ട്.


Click it and Unblock the Notifications








