8,000 രൂപയുടെ സിഎന്‍ജിയില്‍ 9 രാജ്യങ്ങള്‍ താണ്ടുന്നു
ഒരു സ്‌കോഡ ഫാബിയയില്‍ 1000 യൂറോയുടെ പെട്രോള്‍ നിറച്ച്, 18,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചയാളാണ് ഗെര്‍ഹാഡ് പ്ലാറ്റ്‌നര്‍. ഇദ്ദേഹത്തിന്റെ അടുത്ത ലോക റെക്കോഡ് ഉദ്യമവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണിപ്പോള്‍. 9 രാഷ്ട്രങ്ങളില്‍ 100 യൂറോയുടെ അഥവാ 8,074 രൂപയുടെ സിഎന്‍ജി നിറച്ച കാറില്‍ യാത്ര ചെയ്യുകയാണ് ഇദ്ദേഹം.
ഇന്ധനച്ചെലവ് അടിക്കടി കൂടി വരികയും ബദല്‍ ഇന്ധനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ ഗൗരവതരമാകുകയും ചെയ്തതോടെ കാര്‍ നിര്‍മാതാക്കളെല്ലാം നയപരിപാടികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇലക്ട്രിക് വാഹനങ്ങളുടേത് മാത്രമായ 'ഐ' ബ്രാന്‍ഡുമായി ബിഎംഡബ്ല്യു വിപണിയിലെത്തിയത്.

ഇത്തവണയും സ്‌കോഡയുമായിട്ടാണ് പ്ലാറ്റ്‌നറുടെ കൂട്ടുകെട്ട്. സ്‌കോഡ സിറ്റിഗോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
9 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഒതുങ്ങുന്ന ഈ യാത്രയില്‍ പ്ലാറ്റ്‌നര്‍ 2,619 കിലോമീറ്ററുകള്‍ താണ്ടും. 68 കുതിരശക്തി പകരുന്ന എന്‍ജിനാണ് സ്‌കോഡ സിറ്റിഗോയിലുള്ളത്.
ഇന്ധനക്ഷമതയില്‍ മാത്രമല്ല കരിമ്പുക പുറന്തള്ളലിന്റെ കാര്യത്തിലും സിറ്റിഗോ മികച്ച നിലയിലാണുള്ളത്. കിലോമീറ്ററിന് 79 ഗ്രാം മാത്രമാണ് വാഹനത്തിന്റെ കരിമ്പുക പുറന്തള്ളല്‍. ഓരോ നൂറ് കിലോമീറ്ററിനും 2.9 കിലോഗ്രാം നാ4ച്വറല്‍ ഗാസ് ആണ് സിറ്റിഗോ ഉപയോഗിക്കുക.
സ്വീഡനില്‍ അവസാനിക്കുന്ന പ്ലാറ്റ്‌നറുടെ യാത്ര ഇതുവരെ 1,863 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. എല്ലാം ആസുത്രണം ചെയ്ത പോലെത്തന്നെ നീങ്ങുന്നതായി പ്ലാറ്റനര്‍ അറിയിച്ചു.


Click it and Unblock the Notifications








