ഗൂഗിള്‍ കാര്‍ നിര്‍മാണത്തിനൊരുങ്ങുന്നു
ആപ്പിളിന് ഒരു കാര്‍ നിര്‍മാണ പദ്ധതിയുണ്ടെന്നും മറ്റും നേരത്തെ കേട്ടിരുന്നു. ചില ചിത്രങ്ങളും കണ്ടിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഗൂഗിള്‍ ഒരു കാര്‍ കണ്‍സെപ്റ്റ് ഒരുക്കാന്‍ പദ്ധതിയിട്ടുന്നുവെന്നാണ്.
ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിക്കുന്ന കാറിന്റെ ടെസ്റ്റുകള്‍ പലയിടങ്ങളിലായി നടത്തിയിടുന്നു. ഈ സാങ്കേതികത മാത്രമാണ് ഗൂഗിളിന്റേതായിട്ടുള്ളത്. ടൊയോട്ട പ്രയസ് കാറുകളില്‍ ഗൂഗിളിന്റെ സോഫ്റ്റ് വെയര്‍ ഘടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ഒരു കാറിന് തങ്ങളുടെ സങ്കല്‍പങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ പ്രായോഗികവല്‍ക്കരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്. മറ്റൊരു പ്രശ്‌നം ഗൂഗിളിന്റെ ഈ പദ്ധതി നിലവില്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ്. നിരവധി കാര്‍ നിര്‍മാതാക്കളുമായി കമ്പനി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഗൂഗിളിന്റെ പദ്ധതികള്‍ വളരെ വിപുലമായതാണ്. ഈ പദ്ധതികള്‍ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. യാത്രക്കാരെ സ്വയം കയറ്റുകയും യഥാസ്ഥലങ്ങളില്‍ ഇറക്കുകയും ചെയ്യുന്ന ഡ്രൈവറില്ലാത്ത 'റോബോ ടാക്‌സി' ഗുഗിള്‍ പദ്ധതികളിലൊന്നാണ്. പൊതു ഗതാഗതത്തെ വന്‍ തോതില്‍ വിപ്ലവവല്‍ക്കരിക്കാനിടയുള്ള ഈ പദ്ധതികളുടെ ഭാവി സാധ്യതകള്‍ ചിലര്‍ തിരിച്ചറിയാതെയും മറ്റുചിലര്‍ ഏറ്റെടുക്കാനുള്ള വന്‍ ബാധ്യതകള്‍ കണ്ടറിഞ്ഞും പിന്‍വാങ്ങുകയാണ് ചെയ്യുന്നത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കാര്‍ നിര്‍മിക്കാന്‍ വഴി തേടി കോണ്‍ടിനെന്റല്‍ എജി, മാഗ്ന ഇന്റര്‍നാഷണല്‍ എന്നിവരെയും ഗൂഗിള്‍ സമീപിച്ചിരുന്നു. നിലവില്‍ കാര്‍ നിര്‍മാതാക്കളുടെ പ്രതികരണ അനുകൂലമല്ലെങ്കിലും ഗൂഗിള്‍ പദ്ധതിയുമായി മുമ്പോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ നിര്‍മാതാക്കളെ തങ്ങളുടെ ഉല്‍പന്ന മികവ് കാണിച്ച് പ്രീതിപ്പെടുത്തി ആകര്‍ഷിക്കാനും ഗൂഗിള്‍ ആലോചിക്കുന്നുണ്ട്. സ്വയം ഡിസൈന്‍ ചെയ്ത കാര്‍ ഇത്തരത്തിലായിരിക്കും ഉപയോഗിക്കപ്പെടുക എന്ന് കരുതാം.
കാര്‍ നിര്‍മാണത്തിലേക്ക് ഗൂഗിള്‍ ഇറങ്ങുമെന്ന് ഏതായാലും പ്രതീക്ഷിക്കേണ്ടതില്ല. ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്ക് ഗൂഗിള്‍ ഇന്നേവരെ പ്രവേശിച്ചിട്ടില്ലാത്തതു ശ്രദ്ധിച്ചാല്‍ തന്നെ കമ്പനിയുടെ നീക്കം പിടികിട്ടും.


Click it and Unblock the Notifications








