ഹാര്‍ലി ഇന്ത്യന്‍ ബൈക്കുകള്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് 500
കഴിഞ്ഞ കുറച്ചാഴ്ചകളായി രണ്ട് ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പലയിടങ്ങളിലായി കറങ്ങി നടക്കുന്നത് വാര്‍ത്തയാണ്. ടെസ്റ്റ് നടത്തുന്ന ഈ ഹാര്‍ലികള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പന നടത്താന്‍ പോകുന്നവയാണെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാര്‍ലി തദ്ദേശീയര്‍ക്കായി, തദ്ദേശീയമായി നിര്‍മിക്കുന്ന ബൈക്കുകളിലേക്ക് വലിയ തോതിലുള്ള ജനശ്രദ്ധ പതിയുകയാണ്. താങ്ങാവുന്ന വിലയില്‍ ഒരു ഹാര്‍ലിയെ സ്വന്തമാക്കാന്‍ സാധിക്കുമെന്നത് പലരെയും ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.
ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് 500 എന്നീ ബൈക്കുകളുടെ ടെസ്റ്റാണ് തകൃതിയായി നടക്കുന്നത്. നേരത്തെ വന്നിരുന്ന സൂചനകള്‍ പ്രകാരം സ്ട്രീറ്റ് 500ന്റെ വരവ് ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സ്ട്രീറ്റ് 750യുടെ വരവിനെക്കുറിച്ചു കൂടി പറയുന്നു എന്നത് ഇന്ത്യന്‍ വാഹനപ്രേമികളില്‍ ആഹ്ലാദമുണ്ടാക്കും.

നവംബര്‍ അഞ്ചിന് തുടങ്ങുന്ന മിലന്‍ ഓട്ടോഷോയില്‍ രണ്ട് ബൈക്കുകളെയും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതിനിടയിലാണ് ഇവയുടെ പേരുകള്‍ വെളിച്ചത്തായത്. ഒരു ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിച്ച ക്ഷണക്കത്ത് പുറത്തു വിടുകയായിരുന്നു. സ്ട്രീറ്റ് 750, സ്ട്രീറ്റ് 500 എന്നിവയുടെ എന്‍ജിനുകള്‍ ലിക്യുഡ് കൂള്‍ഡ് ആണ്.

ഇന്ത്യയില്‍ വെച്ച് പൂര്‍ണമായും നിര്‍മിക്കുന്ന ബൈക്കുകള്‍ രണ്ടും ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലേക്കും യൂറോപ്പിലേക്കും കയറ്റി അയയ്ക്കും.

പുതിയ രണ്ട് ബൈക്കുകളും ഹാര്‍ലിയില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ എന്‍ജിന്‍ ശേഷിയുള്ളവയാണ്. നിലവില്‍ പുറത്തിറങ്ങുന്ന കരുത്ത് കുറഞ്ഞ ഹാര്‍ലി ബൈക്കായ സൂപ്പര്‍ലോയുടെ എന്‍ജിന്‍ കരുത്ത് 883 സിസിയാണ്. ഈ എന്‍ജിന്‍ 69 എന്‍എം ചക്രവീര്യം പകരുന്നുണ്ട്. പുതിയ ബൈക്കുള്‍ക്ക് കരുത്ത് കുറയുമെങ്കിലും ഉയര്‍ന്ന ചക്രവീര്യം പ്രദാനം ചെയ്യുന്ന വിധത്തിലായിരിക്കും ട്യൂണ്‍ ചെയ്യുക.

ഹാര്‍ലി സ്ട്രീറ്റ് 500-ന്റെ കുതിരശക്തി 45 മുതല്‍ 47 വരെ ആയിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്.

ഹാര്‍ലി ഡേവിസന്‍ സൂപ്പര്‍ലോയുടെ വില 5.91 ലക്ഷം രൂപയാണ്. സ്ട്രീറ്റ് 500ന്റെ വില 4 ലക്ഷത്തിന്റെ പരിസരത്തായിരിക്കുമെന്നൂഹിക്കാം. സ്ട്രീറ്റ് 750യുടെ വില 5 ലക്ഷം കവിയില്ലെന്നും കരുതാം.


Click it and Unblock the Notifications








