അംബാസ്സഡറില്‍ ഇനി ഫിയറ്റ് എന്‍ജിന്‍
ക്ലാസിക് കാര്‍ എന്ന പദവിയുടെ പിന്‍ബലത്തില്‍ മാത്രം എത്രകാലം മുമ്പോട്ടുപോകാന്‍ അംബാസ്സഡര്‍ കാറിന് സാധിക്കും എന്നതാണ് ചോദ്യം. അതിവേഗം വളരുന്ന, കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു വിപണിയില്‍ കുറച്ച് പഴയ രാഷ്ട്രീയക്കാര്‍ ഉപഭോക്താക്കളായിട്ടുള്ളതു കൊണ്ടുമാത്രം കഴിഞ്ഞുകൂടുകയാണ് അംബാസ്സഡര്‍ കാര്‍. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് വിപണിയില്‍ മുതലിറക്കാന്‍ താല്‍പര്യക്കുറവു കൊണ്ടോ ധൈര്യക്കുറവു കൊണ്ടോ കാര്യമായൊന്നും നടക്കുന്നില്ല.
ഈയിടെ പുറത്തിറക്കിയ പുതിയ അംബാസ്സഡര്‍ എന്‍കോര്‍ എന്ന പതിപ്പില്‍ നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എന്‍ജിനാണ് ഘടിപ്പിച്ചിരുന്നത്. കരിമ്പുകച്ചട്ടം അനുസരിക്കുന്നു എന്നല്ലാതെ കരുത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ വളരെ പിന്നിലാണ് ഈ എന്‍ജിന്‍. 1.5 ലിറ്ററിന്റെ എന്‍ജിന്‍ പുറത്തെടുക്കുന്നത് 4000 ആര്‍പിഎമ്മില്‍ 49 കുതിരശക്തി മാത്രം. 112.5 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കുന്നു.

സ്വന്തമായി എന്‍ജിന്‍ വികസിപ്പിച്ചെടുക്കാന്‍ സന്നാഹങ്ങളില്ലാത്തതിനാലാണ് പുറത്തുനിന്ന് എന്‍ജിന്‍ വാങ്ങുവാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തീരുമാനിച്ചിരിക്കുന്നത്.
മാരുതി സുസൂക്കി സ്വിഫ്റ്റ് അടക്കം ഇന്ത്യയിലെ നിരവധി കാറുകളുപയോഗിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് എന്‍ജിന്‍ വാങ്ങുവാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ധാരണയായിട്ടുണ്ട്. വിഷയത്തില്‍ ഫിയറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് എച്ച്എം.
ഇക്കാര്യം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറായ ഉത്തം ബോസ് സ്ഥിരീകരിക്കാൻ വിസ്സമ്മതിച്ചുവെങ്കിലും സംഗതിയില്‍ സത്യമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
അടുത്തവര്‍ഷം അംബാസ്സഡറിന്റെ 4 മീറ്ററിനകത്ത് ഇടംപിടിക്കുന്ന മോഡല്‍ വിപണിയിലെത്താനിരിക്കെയാണ് പുതിയ നീക്കമെന്നതും പ്രത്യേകം ശ്രദ്ധിക്കണം. പുതിയ മോഡല്‍ കൂടുതല്‍ യുവാക്കളിലേക്ക് വാഹനത്തെ എത്തിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








