ഹോണ്ടയ്ക്ക് 164 കോടിയുടെ നികുതിപ്പണി

Posted By:
Honda Jazz
പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് ഇടിഞ്ഞ് കാര്യങ്ങളെല്ലാം അടിയോടെ പാളി നില്‍ക്കുന്ന ഘട്ടത്തില്‍ ഹോണ്ട ഇന്ത്യ വന്‍ ഡിസ്കൗണ്ടുകളുമായി രംഗത്തിറങ്ങിയിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഹോണ്ട ജാസ്സ്, ഹോണ്ട ബ്രിയോ തുടങ്ങിയ മോഡലുകള്‍ക്ക് അവിശ്വസനീയമായ ഡിസ്കൗണ്ടാണ് ഹോണ്ട നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് ഇത് നന്നെ ഇഷ്ടപ്പെട്ടുവെങ്കിലും എക്സൈസ് നികുതിപ്പിരിവുകാര്‍ക്ക് സംഗതിയത്ര പിടിച്ചിരുന്നില്ല.

പുതിയ വാര്‍ത്തകള്‍ പ്രകാരം 164 കോടി രൂപയുടെ പണിയാണ് ഹോണ്ടയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ തുടക വേഗം അടച്ചുതീര്‍ക്കുവാന്‍ ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സ്സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പ് കമ്പനിക്ക് നോട്ടീസയച്ചു കഴിഞ്ഞു.

സംഭവിച്ചതെന്തെന്നാല്‍...

പെട്രോള്‍ കാറുകള്‍ മാത്രം നിര്‍മിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡീസല്‍ കാറുകളെ പ്രണയിക്കാന്‍ തുടങ്ങുകയായിരുന്നു. ഇത് ഹോണ്ടയെ പ്രതിസന്ധിയിലാക്കി. ഹോണ്ട തങ്ങളുടെ മോഡലുകള്‍ക്ക് വന്‍ ഡിസ്കൊണ്ടുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി വില്‍പനയുടെ കാര്യത്തില്‍ ഒരല്‍പം ആശ്വാസവും കമ്പനിക്കുണ്ടായി.

എന്നാല്‍ ഹോണ്ടയുടെ ഈ നീക്കം എക്സൈസ് വകുപ്പുകാര്‍ ശ്രദ്ധിക്കാതിരുന്നില്ല. ഡിസ്കൗണ്ട് നല്‍കുന്നതിലൂടെ വരുന്ന നഷ്ടം തങ്ങളുടെ പിടലിക്കിട്ട് മാറാന്‍ കമ്പനിക്ക് പ്ലാനുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കി. പിന്നീട് അതുതന്നെ സംഭവിച്ചു. വിറ്റ കാറുകളുടെ ഡിസ്കൗണ്ട് ചെയ്തതിന് ശേഷമുള്ള വിലയിന്മേലാണ് ഹോണ്ട നികുതിയടച്ചത്. ഇത് എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന് അസ്വീകാര്യമായിരുന്നു. ഉല്‍പാദനച്ചെലവിന്‍മേല്‍ വേണം നികുതി കണക്കാക്കുക എന്നതാണ് ഡിപ്പാര്‍ട്മെന്‍റിന്‍റെ നിലപാട്.

ഇപ്പോള്‍ കേന്ദ്ര എക്സൈസ് വകുപ്പ് നല്‍കിയിട്ടുള്ള നോട്ടീസ് ഉല്‍പാദനച്ചെലവിന്‍മെല്‍ നികുതി കണക്കാക്കി, ഹോണ്ട ഇതിനകം അടച്ച തുക കിഴിച്ച തുകയ്ക്കുവേണ്ടിയാണ്. ഇത് 164 കോടി രൂപയാണ്.

നടപ്പ് സാമ്പത്തിക മാന്ദ്യത്തിന്‍റെ മറവില്‍, ലാഭത്തിലുള്ള ചില ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് നികുതിയടവില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നതായി കേന്ദ്ര എക്സൈസ് നകുതി വകുപ്പ് സംശയിക്കുന്നുണ്ട്. ഇക്കാരണത്താല്‍ എല്ലാ കമ്പനികള്‍ക്കും ഉല്‍പാദനച്ചെലവിന്‍മേല്‍ നികുതി അടയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഡിപ്പാര്‍ട്മെന്‍റ്.

English summary
Honda India has been asked to pay a whopping 164 crores as duty by the Central Board of Excise Duty.
Story first published: Thursday, May 2, 2013, 16:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark