'തെന്നിന്ത്യക്കാര്‍ റിസര്‍ച്ച് ചെയ്ത് കാര്‍ വാങ്ങുന്നു!'
ഇന്ത്യയുടെ തെക്കും വടക്കും പടിഞ്ഞാറും കിഴക്കും പ്രദേശങ്ങള്‍ തമ്മില്‍ വലിയ തോതിലുള്ള അന്തരങ്ങളുണ്ട്. അവ വെറും സാംസ്‌കാരികം മാത്രമല്ല. സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ വടക്കേ ഭാഗത്ത് കേന്ദ്രീകരിക്കുന്നത് എന്നും ഉയര്‍ന്നുവരാറുള്ള പരാതിയാണ്. ജെഡി പവര്‍ ഈയിടെ പുറത്തിറക്കിയ ഒരു പഠനറിപ്പോര്‍ട്ട് കാര്‍ വാങ്ങുന്നതില്‍ ഓരോ പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ വിശകലനം ചെയ്യുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറു നിന്നുള്ള കാര്‍ ഉപഭോക്താക്കളില്‍ 70 ശതമാനം പേരും പുതിയ കാറുകളാണ് തെരഞ്ഞെടുക്കുന്നതെന്ന് പഠനം പറയുന്നു. കാര്‍ വാങ്ങുന്നതിനു മുന്‍പ് തെക്കു ഭാഗത്തുള്ളവര്‍ വടക്കേ ഇന്ത്യക്കാരെക്കാള്‍ റിസര്‍ച്ച് ചെയ്യുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ വിശകലനങ്ങളിലേക്ക്.

പടിഞ്ഞാറു ഭാഗത്തു നിന്നുള്ള പുതിയ ഉപഭോക്താക്കളില്‍ 70 ശതമാനം പേരും പുതിയ കാര്‍ വാങ്ങുന്നതായാണ് ട്രെന്‍ഡ്. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആദ്യ ഉപഭോക്താക്കളില്‍ 57 ശതമാനം പേരാണ് പുതിയകാര്‍ തെരഞ്ഞെടുക്കുന്നത്. മറ്റൊരു പ്രധാന നിരീക്ഷണം, ഇന്ത്യയുടെ വടക്കന്‍ പ്രദേശത്ത് പുതിയ കാര്‍ വാങ്ങുന്ന ആദ്യ ഉപഭോക്താക്കളുടെ അനുപാതത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തെക്കന്‍ പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ സ്ഥിരത പുലര്‍ത്തുന്നു എന്നതാണ്.

ഇന്ത്യയുടെ വടക്കുള്ളവര്‍ കാറിന്റെ ഡിസൈന്‍, സ്റ്റൈല്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ തെക്കു നിന്നുള്ള വാങ്ങലുകാര്‍ മൈലേജിന് പ്രാമുഖ്യം നല്‍കുന്നു എ്‌നതാണ് മറ്റൊരു നിരീക്ഷണം. രാജ്യത്തിന്റെ വളര്‍ച്ചയിലെ അസന്തുലിതാവസ്ഥ ഇതില്‍ പ്രകടമാണെന്നു പറയാം. ഡിസൈന്‍, സ്റ്റൈല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കാര്‍ വാങ്ങുന്ന ട്രെന്‍ഡ് ചൂണ്ടിക്കാട്ടുന്നത് ഉയര്‍ന്ന വളര്‍ച്ചാനിരക്കിനെയാണ്. തെക്കുനിന്നുള്ളവര്‍ ഇന്നും മൈലേജിന് പ്രാധാന്യം നല്‍കുന്നതിന് കാരണം സാമ്പത്തിക വളര്‍ച്ചയുടെ അഭാവവും അതുവഴി ക്രയശേഷി കുറയുന്നതുമാണ്.

കാര്‍ വാങ്ങുന്നതിന് തെന്നിന്ത്യക്കാര്‍ കൂടുതല്‍ വ്യവസ്ഥാപിതവും ആധികാരികവും കൃത്യതയുള്ളതുമായ വഴികള്‍ തേടുന്നു എന്നതാണ് പഠനം മുന്നോട്ടു വെക്കുന്ന മറ്റൊരു നിരീക്ഷണം. ഇന്റര്‍നെറ്റ് മുതലായ മാര്‍ഗങ്ങളിലൂടെ ഒരു വന്‍ റിസര്‍ച്ച് തന്നെ നടത്തിയാണ് തെന്നിന്ത്യക്കാരന്‍ വണ്ടി തെരഞ്ഞെടുക്കുന്നത്. വടക്കേ ഇന്ത്യക്കാരുടെ രീതി വളരെ വ്യത്യസ്തമാണ്. സുഹൃത്തുക്കളുടെ അഭിപ്രായത്തെയാണ് അവര്‍ കൂടുതല്‍ മാനിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ് വഴി റിസര്‍ച്ച് ചെയ്ത് കാര്‍ വാങ്ങുന്ന രീതിയില്‍ 42 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമായുള്ള വീടുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റേത് പ്രദേശത്തെക്കാളും 1.6 മടങ്ങ് ഉയര്‍ന്ന നിലയിലാണ് വടക്കേ ഇന്ത്യ എന്ന് പഠനം പറയുന്നു.


Click it and Unblock the Notifications








