ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പകരക്കാരന്‍
ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്ന ഇതിഹാസതാരം നിരത്തിലിറങ്ങിയിട്ട് ഏതാണ്ട് ഒരു ദശകമാകാറായി. ഇനിയും വണ്ടിയെ മുമ്പോട്ട് നീക്കേണ്ടതില്ല എന്ന തീരുമാനം വന്നുകഴിഞ്ഞിട്ടുണ്ട്. വരുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ ഗല്ലാര്‍ഡോയ്ക്ക് ശേഷം വരാന്‍ പോകുന്ന വാഹനം ഏതെന്നതിന്‍റെ കാര്യത്തില്‍ മൂര്‍ത്തമായ ഒരു വിശദീകരണം ലഭിക്കും. ഇതിനിടെ ചില ചിത്രങ്ങള്‍, 'ഗല്ലാര്‍ഡോയുടെ പിന്‍ഗാമി' എന്ന ലേബലും പേറി ഇന്‍റര്‍നെറ്റില്‍ പരക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അവ താഴെ ഗാലറിയില്‍ കാണാം.
ലംബോര്‍ഗിനി ഗല്ലാര്‍ഡോയ്ക്ക് പകരക്കാരനെ കൊണ്ടുവരുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് ഓട്ടോകാര്‍ മാഗസിന്‍ ചില ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നുണ്ട്. ലംബോര്‍ഗിനിയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരുമായി ഓട്ടോകാര്‍ രഹസ്യ സംഭാഷണത്തിലേര്‍പ്പെട്ടതായാണ് പറയുന്നത്. ഇവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ഗല്ലാര്‍ഡോയുടെ പകരക്കാരന്‍ ലംബോര്‍ഗിനിയെക്കാള്‍ കൂടുതല്‍ ഓഡിയായിരിക്കുമെന്നാണ്. ലംബോര്‍ഗിനിയുടെ പാരന്‍റ് കമ്പനിയായ ഓഡിക്ക് ചില താല്‍പര്യങ്ങളുണ്ട്.
വരുംതലമുറ ഓഡി ആര്‍8 സൂപ്പര്‍കാറിന്‍റെ സമാനമായ പ്ലാറ്റ്ഫോമില്‍ വേണം ലംബോര്‍ഗിനി ഗല്ലാര്‍ഡോ വരുവാന്‍ എന്നാണ് ഓഡി ആഗ്രഹിക്കുന്നത്.
പ്ലാറ്റ്ഫോം നിര്‍മിതി കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം, ഫൈബര്‍ ഗ്ലാസ് എന്നീ മെറ്റീരിയലുകളുടെ ഒരു മിശ്രിതമായിരിക്കും. ഇത് പ്ലാറ്റ്ഫോം കൂടുതല്‍ കരുത്തുറ്റതാക്കുകയും ഭാരം കുറഞ്ഞതായി സൂക്ഷിക്കുകയും ചെയ്യും.





Click it and Unblock the Notifications








