മാരുതി 'അദൃശ്യവിപണി'കളിലേക്ക്
കാര്‍ വിപണി വളര്‍ച്ചയിലേക്ക് നീങ്ങും എന്ന പ്രതീക്ഷ മാത്രമാണ് ഇന്ത്യയിലെ മിക്കവാറും കാര്‍നിര്‍മാതാക്കളുടെ കുറെക്കാലമായുള്ള ഭക്ഷണം. ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ഒരൊറ്റ കാരണം മാത്രമാണ് കമ്പനികള്‍ക്ക് ഇതിന് ന്യായമായി പറയാനുള്ളത്: വന്‍ 'പൊട്ടന്‍ഷ്യല്‍' ഉള്ള മാര്‍ക്കറ്റാണ്.
എന്നാല്‍ ഈ പൊട്ടന്‍ഷ്യലിനെ മാത്രം നോക്കിയിരുന്നാല്‍ കാര്യങ്ങള്‍ മൊത്തം പാളുമെന്ന് തിരിച്ചറിഞ്ഞ മാരുതി പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. കാര്‍ നിര്‍മാതാക്കള്‍ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത രാജ്യത്തെ ചില 'സാമ്പത്തിക സുരക്ഷിതമേഖല'കളുണ്ട്. സാമ്പത്തികമാന്ദ്യം കാര്യമായി ബാധിക്കാത്ത ഇടങ്ങള്‍. ഇവിടേക്കാണ് മാരുതി ഇനി സഞ്ചരിക്കുന്നത്. സാമ്പത്തികമാന്ദ്യം ചില പുതിയ വിപണികളെ കണ്ടെത്താന്‍ തങ്ങളെ സഹായിച്ചതായി മാരുതി അവകാശപ്പെടുന്നത് ശരിയായി കേള്‍ക്കുക.

കര്‍ഷകരെയാണ് മാരുതി പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നൂഹിക്കാം. ഇതിനകം തന്നെ വാഹനങ്ങളോട് താല്‍പര്യം വളര്‍ന്ന് മൂര്‍ഛിച്ച് കിടക്കുന്ന പഞ്ചാബിലെ കര്‍ഷകരെപ്പോലെ, ഇനിയും ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വലിയ വിപണി രാജ്യത്തിന്റെ മറ്റു പല മൂലകളിലുമുണ്ട്.

തമിഴ്‌നാട്ടിലെ പുളി കര്‍ഷകര്‍, നാഗ്പൂരിലെ ഓറഞ്ച് കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ മികച്ച വിപണി കണ്ടെത്താന്‍ കഴിയുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍. ഇത്തരത്തില്‍ പരമ്പരാഗതവും അല്ലാത്തതുമായ തൊഴിലുകള്‍ ചെയ്തുജീവിക്കുന്ന സമ്പന്നരായ സമുദായങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ട്.

മാരുതി നടത്തിയ സര്‍വേയുടെ ഫലമായി രാജ്യത്തെമ്പാടുമായി, ഇന്നുവരെ കാര്‍വിപണി കടന്നുചെന്നിട്ടില്ലാത്ത മുന്നൂറോളം വിഭാഗങ്ങളെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്.

ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മാരുതി മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മെയ്‌നാക് പരീക് വില്‍പനയുടെ കാര്യത്തില്‍ തനിക്കുള്ള ശുഭാപ്തിവിശ്വാസം പ്രഖ്യാപിച്ചു. സാമ്പത്തികമാന്ദ്യം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








