മാരുതി 2016നുള്ളില്‍ 3 എസ്‌യുവികള്‍ കൊണ്ടുവരും
പാരഡൈം ഷിഫ്റ്റ് എന്നു പറയും. മാതൃകാ പരിണാമം എന്ന് മലയാളത്തില്‍. അടിസ്ഥാനപരമായി നിലനില്‍ക്കുന്ന മാതൃകയ്ക്ക് മാറ്റം വരുന്നതിനെ സൂചിപ്പിക്കുന്ന ഈ പ്രയോഗത്തിന് ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഇന്നത്തെ ഇന്ത്യന്‍ ഓട്ടോമേഖലയെ ചൂണ്ടിക്കാട്ടാവുന്നതാണ്. ചെറു ഹാച്ച്ബാക്കുകളിലും ചെറു സെഡാനുകളിലും ഒതുങ്ങിക്കൂടിയിരുന്ന ഇന്ത്യന്‍ ഓട്ടോവിപണി വളരെ പെട്ടെന്നാണ് എസ്‌യുവികളിലേക്ക് ചായാന്‍ തുടങ്ങിയത്. ഇതിനോടുള്ള പ്രതികരണം ഏറ്റവും വേഗത്തില്‍ വന്നത് വിദേശ കാര്‍ നിര്‍മാതാക്കളില്‍ നിന്നായിരുന്നു. അവര്‍ നിരവധി മോഡലുകള്‍ പ്രഖ്യാപിച്ചു. ചിലതെല്ലാം ഇന്ത്യയില്‍ എത്തുകയും ചെയ്തു.
ഇവിടെയും വളരെ ശ്രദ്ധിച്ചാണ് മാരുതി ചുവടുകള്‍ വെച്ചത്. ആദ്യം എര്‍റ്റിഗ എംപിവിയുമായി വിപണിയിലെത്തി. അതൊരു മികച്ച തുടക്കമായി മാറി. എന്നാല്‍ ഈ വാഹനം മാരുതി പ്രതീക്ഷിച്ച പ്രതികരണം നേടിയോ എന്നു ചോദിച്ചാല്‍ അല്‍പം സന്ദേഹിക്കേണ്ടതായി വരും. ഇന്ത്യയിലെ ആദ്യകാല കോംപാക്ട് എസ്‌യുവികളിലൊന്നിന്റെ (ജിപ്‌സിയുടെ) നിര്‍മാതാക്കളായ മാരുതി ഇനി ഈ സെഗ്മെന്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ഒരുങ്ങുകയാണെന്ന് സമീപകാലത്തെ അവരുടെ വിപണി സമീപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഏതെല്ലാം എസ്‌യുവികളാണ് ഇന്ത്യയിലേക്ക് അവര്‍ കടത്താന്‍ പോകുന്നത്?

എസ്-ക്രോസ് എസ്എക്‌സ്4 ക്രോസോവര്‍
എസ്-ക്രോസ് എസ്എക്‌സ്4 ക്രോസോവര്‍ എന്ന പേരില്‍ നേരത്തെ സുസൂക്കി ഒരു കണ്‍സെപ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വാഹനം ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്നാണ് കരുതുന്നത്. എസ്എക്‌സ്4 സെഡാന്‍ മോഡലിനെ ആധാരമാക്കിയാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. 2014ല്‍ തന്നെ എസ്-ക്രോസ് ലോക വിപണിയില്‍ വിവിധയിടങ്ങളിലായി ലോഞ്ച് ചെയ്യപ്പെടും. ഇന്ത്യയില്‍ 2016ടു കൂടി വാഹനം ലോഞ്ച് ചെയ്യുമെന്നാണ് കരുതേണ്ടത്.

നിലവില്‍ വിപണിയിലുള്ള എസ്എക്‌സ്4 ക്രോസ്സോവറിന് പകരക്കാരനായാണ് എസ്-ക്രോസ് ക്രോസ്സോവര്‍ വരുന്നത്. 1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും ഒരു ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഡീസല്‍ എന്‍ജിനുമാണ് എസ്-ക്രോസ്സിന് ഘടിപ്പിക്കുക എന്നറിയുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുകളുമായി ഘടിപ്പിക്കുക. ഫിയറ്റ് ഡീസല്‍ എന്‍ജിനൊപ്പം ഒരു സിവിടി ഓട്ടോമാറ്റിക്ട ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ഓപ്ഷന്‍ ആയി നല്‍കാനും പദ്ധതിയുണ്ട്.

ഈ വാഹനം നാല് മീറ്റര്‍ പരിധിയില്‍ ഒതുങ്ങുന്നതല്ല. ചുരുക്കാനും സാധ്യത കുറവാണ്. 4.6 മീറ്റര്‍ നീളമുള്ള എസ്-ക്രോസ് എസ്എക്‌സ്4 ക്രോസ്സോവര്‍ സ്‌കോര്‍പിയോ പോലുള്ള വാഹനങ്ങളെ എതിരിടുകയായിരിക്കും ഇന്ത്യയില്‍ ചെയ്യുക.

എക്‌സ്എ-ആല്‍ഫ
മറ്റൊരു വാഹനം, ഈയടുത്ത സുസൂക്കി ടീസ് ചെയ്ത ചെറു എസ്‌യുവിയാണ്. റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങളുമായി നേരിട്ട് മല്ലിടാന്‍ തയ്യാറായാണ് ഇവന്‍ എത്തുക.

കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ എക്‌സ്എ ആല്‍ഫ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കണ്‍സെപ്റ്റാണ് ഈ ചെറു എസ്‌യുവി എന്ന് വ്യക്തമായിട്ടുണ്ട്. ആഗോളവിപണിയില്‍ സുസൂക്കി ജിംനിയുടെ പകരക്കാരനായാണ് ആല്‍ഫ വരുന്നത്.

2015ടു കൂടി ഇന്ത്യയില്‍ വരാനിടയുള്ള എക്‌സ്എ-ആല്‍ഫ ചെറു എസ്‌യുവിയുടെ ഉല്‍പാദന മോഡല്‍ ദില്ലി എക്‌സ്‌പോയില്‍ അവതരിക്കാന്‍ സാധ്യത കാണുന്നുണ്ട്. പെട്രോളിലും ഡീസലിലുമായി വണ്ടിയെ വിപണിയിലെത്തിക്കും.

പുതിയ ഗ്രാന്‍ഡ് വിറ്റാര
മികച്ച വാഹനമായിട്ടും രാജ്യത്ത് വലിയ ശ്രദ്ധ കിട്ടാതെ പോകുന്നതാണ് വിറ്റാരയുടെ ദുര്യോഗം. മാസത്തില്‍ പത്തോ ഇരുപതോ വില്‍ക്കുന്ന ഈ മോഡലില്‍ പക്ഷെ, സുസൂക്കിക്ക് വലിയ ആത്മവിശ്വാസമുണ്ട്. വിപണിയില്‍ ശരിയായി നിലയുറപ്പിക്കാത്തതാണ് വിറ്റാരയുടെ പരാജയമെന്ന് സുസൂക്കി കരുതുന്നു. നിലവിലെ മോഡലിനെ ഒന്നു പുതുക്കിയെടുത്ത് അവതരിപ്പിക്കുവാനാണ് കമ്പനിയുടെ പരിപാടി.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുക എന്ന പദ്ധതിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം. നിലവില്‍ 22.5 ലക്ഷത്തിന്റെ ചുറ്റുപാടില്‍ വില തുടങ്ങുന്ന ഈ വാഹനത്തെ ഏറ്റെടുക്കാന്‍ ആളില്ലാത്തതിന് കാരണം, ഒരു സുസൂക്കി വണ്ടിയെ ഇത്ര വലിയ വിലകൊടുത്തു വാങ്ങാനുള്ള മടിയാണ്. വിലയില്‍ സാങ്‌യോങ് റക്‌സ്റ്റണ്‍ പോലുള്ളവയോട് ഏറ്റമുട്ടാന്‍ കഴിയില്ല എന്നതിനാല്‍ സുസൂക്കി മറ്റൊരു വഴി തേടും എന്നു പറയപ്പെടുന്നു.

മറ്റേ വഴി വളരെ ലളിതമാണ്. വില കുറച്ച് വില്‍ക്കുക! നിലവില്‍ റക്സ്റ്റണ്‍ എസ്‌യുവി 18.5 ലക്ഷത്തിന്റെ പരിസരത്തില്‍ ലഭിക്കും. ഇതേ റേഞ്ചിലായിരിക്കും ഗ്രാന്‍ഡ് വിറ്റാരയും വരിക. തുടക്കത്തില്‍ ഇങ്ങനെ കൊണ്ടുവന്ന് പിന്നീട് വില്‍പനയുടെ തോതനുസരിച്ച് വിലയില്‍ മാറ്റം വരുത്താനും ഇടയുണ്ട്.


Click it and Unblock the Notifications








