മാരുതി 800സിസി ഡീസല്‍ എന്‍ജിന്‍ തയ്യാറാവുന്നു
ടാറ്റ നാനോയ്ക്കു വേണ്ടി ഒരു ഡീസല്‍ എന്‍ജിന്‍ തയ്യാറാകുന്ന വിവരം നമുക്കറിവുള്ളതാണ്. ചെറിയ ഡീസല്‍ എന്‍ജിന്‍ വിപണിക്ക് ഒരു ആവശ്യകതയാണോ എന്ന കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ ഇടയിലായി നടന്നുവരുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ എന്തെങ്കിലും തീരുമാനമാവും മുമ്പെ ഇതാവരുന്നൂ പുതിയ വാര്‍ത്ത. മാരുതി സുസൂക്കി ഒരു 800 സിസി എന്‍ജിന്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നു!
ദശകങ്ങളായി ഇന്ത്യന്‍ ജനതയെ സേവിച്ചു വന്നതാണ് മാരുതിയുടെ 800 എന്‍ജിനുകള്‍. ഇത് ഇന്ത്യയ്ക്ക് തികച്ചു പര്യാപ്തവുമായിരുന്നു ഇക്കാലമത്രയും. എന്നാല്‍ പെട്രോള്‍ വിലയുടെ കുത്തനെയുള്ള കയറ്റം ഡീസല്‍ എന്‍ജിനുകളിലേക്കുള്ള കാര്‍ നിര്‍മാതാക്കളുടെ കയറ്റവും ടാറ്റ നാനോയുടെ ഡീസല്‍ വിബാഗത്തിലേക്കുള്ള പ്രതീക്ഷിക്കപ്പെടുന്ന കടന്നുവരവും മാരുതിയെ ജാഗ്രത്താക്കിയിരിക്കുകയാണെന്നു വേണം കരുതാന്‍.

മാരുതി ഇതിനകം തന്നെ ഡീസല്‍ എന്‍ജിന്‍ നിര്‍മാണ പദ്ധതി റെയിലില്‍ കയറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുസൂക്കിയാണ് എന്‍ജിന്‍ നിര്‍മാണം നടത്തുന്നത്. നിലവിലെ ആള്‍ട്ടോയ്ക്ക് ഈ എന്‍ജിന്‍ ഘടിപ്പിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സമയമായിട്ടില്ല എന്നാണ് കരുതേണ്ടത്. മാരുതി സുസൂക്കി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ആഗോള മോഡലിന് വേണ്ടിയാണ് ഈ ചെറു ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
വൈഎല്‍7 എന്ന രഹസ്യ നാമത്തിലാണ് ഈ ചെറുകാറിന്റെ നിര്‍മാണം നടക്കുന്നതെന്നാണ് വിവരം. ഓട്ടോ എക്‌സ്‌പോയില്‍ വൈഎല്‍7-ന്റെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ അവതരിപ്പിക്കപ്പെടുമെന്നും കേള്‍ക്കുന്നു. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച മോഡല്‍ എന്നുവരും എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല.
ഇന്ത്യയില്‍ നിന്ന് മാരുതി നേരിട്ട് വിവിധ രാഷ്ട്രങ്ങളിലേക്ക് ഈ വാഹനത്തെ കയറ്റി അയയ്ക്കും. 800 സിസി ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കാന്‍ സാധിക്കുന്നതായിരിക്കും എന്ന് പറയപ്പെടുന്നു.


Click it and Unblock the Notifications








