പോള്‍സ്റ്റാര്‍ പണിഞ്ഞ വോള്‍വോ എസ്60യും വി60യും
റേസ്‌കാര്‍ സാങ്കേതികതയിൽ പുലികളായ പോള്‍സ്റ്റാറുമായി വോള്‍വോ നീക്കിയ പദ്ധതികളുടെ ഭാഗമായാണ് വോള്‍വോ എസ്60 പോള്‍സ്റ്റാര്‍, വി60 പോള്‍സ്റ്റാര്‍ മോഡലുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എസ്60 സെഡാനും അതിന്റെ വാഗണ്‍ പതിപ്പായ വി60യുമാണ് പോള്‍സ്റ്റാറിന്റെ പണിയില്‍ സ്‌പോര്‍ടി സൗന്ദര്യവും പേറി അവതരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഈ വാഹനങ്ങളുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
പോള്‍സ്റ്ററിന്റെ സഹായത്തില്‍ നിര്‍മിച്ച പുതിയ ബോഡി കിറ്റാണ് വാഹനങ്ങളുടെ പ്രധാന പ്രത്യേകത. വോള്‍വോ പുറത്തുവിട്ട ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

20 ഇഞ്ച് അലോയ് വീലുകളാണ് രണ്ട് പോള്‍സ്റ്റാര്‍ പതിപ്പിനുമുള്ളത്. സ്‌കൈ ബ്ലൂ ഷേഡിലാണ് വാഹനങ്ങള്‍ രണ്ടും വരുന്നത്. ഇന്റീരിയറിലും പോള്‍സ്റ്ററിന്റെ മുദ്ര പതിഞ്ഞിട്ടുള്ള നിറങ്ങളും മറ്റും കാണാം.

5700 ആര്‍പിഎമ്മില്‍ 350 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന 6 സിലിണ്ടര്‍ ടി6 എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു വാഹനങ്ങളില്‍. 2800 ആര്‍പിഎമ്മില്‍ 500 എന്‍എം ചക്രവീര്യം പുറത്തെടുക്കും ഈ എന്‍ജിന്‍.

ടോര്‍ഷണല്‍ റിജിഡിറ്റി വര്‍ധിപ്പിക്കുന്നതിനായി ചേസി കൂടുതല്‍ ബലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് കാറിന് സന്നാഹപ്പെട്ട നിലയില്‍ സസ്‌പെന്‍ഷന്‍ വലിയ തോതില്‍ കടുത്തതാക്കിയിരിക്കുന്നു.

ബ്രേക്കുകളിലും മാറ്റം വന്നിട്ടുണ്ട്. 371 മില്ലിമീറ്റര്‍ ഡിസ്‌കുകള്‍ മുന്നില്‍ 6 പിസ്റ്റണ്‍ ബ്രെംബോ കാലിപ്പറുകളുമായി ഇടം പിടിച്ചിരിക്കുന്നു. 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.9 സെക്കന്‍ഡാണ് എന്‍ജിന്‍ എടുക്കുക.


Click it and Unblock the Notifications








