ഡാറ്റ്‌സന്‍ ഗോ ഉയര്‍ന്ന പതിപ്പ് 4 ലക്ഷത്തിനുള്ളില്‍!
ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ വരവ് ഗ്രാന്‍ഡാക്കാനുള്ള പരിപാടികള്‍ കമ്പനി ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്. ഇന്ത്യയില്‍ ഗോ ഹാച്ച്ബാക്കിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ നഗരങ്ങളിലും വാഹനം അവതരിപ്പിക്കുകയാണിപ്പോള്‍ ഡാറ്റ്‌സന്‍. മുംബൈ, ദില്ലി, ചെന്നൈ എന്നിവിടങ്ങളില്‍ ശനിയാഴ്ച പ്രദര്‍ശനം നടക്കുകയുണ്ടായി. മുംബൈയിലെ ഞങ്ങളുടെ പ്രതിനിധി അജിന്‍ക്യാ ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
ഡാറ്റ്‌സന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജരായ ജോണ്‍ കുല്ലുവില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളും പുതിയ ചില ചിത്രങ്ങളും അജിന്‍ക്യാ ഇവിടെ പങ്കുവെക്കുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യപ്പെടുമോ എന്ന കാര്യത്തില്‍ ഏതാണ്ട് കൃത്യമായ മറുപടിയാണ് ജോണ്‍ കുല്ലു നല്‍കുന്നത്. ഇന്ത്യയുടെ സാമ്പത്തിക പരിതസ്ഥിതിയെ ശരിയായ നിലയില്‍ വിലയിരുത്തിക്കൊണ്ടുള്ള ഡാറ്റ്‌സന്റെ നീക്കങ്ങള്‍ തീര്‍ച്ചയായും വിജയത്തിലെത്തുമെന്ന് ജോണ്‍ പറയുന്നു.

രാജ്യം പൊതുവില്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം കാര്യമാക്കുന്നില്ലെന്നാണ് ജോണിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഡാറ്റ്‌സന്‍ ബ്രാന്‍ഡിന് സാമ്പത്തികമാന്ദ്യത്തെ മറികടന്നുള്ള പ്രകടനം കാഴ്ച വെക്കാന്‍ കഴിയും. രാജ്യത്തെ മറ്റുപല ചെറുകാര്‍ നിര്‍മാതാക്കളുടെയും സാമ്രാജ്യത്തിലേക്ക് കടന്നുകയറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന സൂചനയാണ് ജോണ്‍ നല്‍കുന്നത്.

ഡാറ്റ്‌സന്‍ ബ്രാന്‍ഡിനെ ഉയരങ്ങളിലെത്തിക്കാന്‍ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കുന്ന ജോലികള്‍ തുടങ്ങിയതായി ജോണ്‍ പറഞ്ഞു.

ഡാറ്റ്‌സന്‍ കാറുകള്‍ തുടക്കത്തില്‍ നിസ്സാന്‍ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും വില്‍പന നടക്കുക. എന്നാല്‍ ഇത് അധികകാലം തുടരില്ല. സ്വന്തം ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട് ഡാറ്റ്‌സന്‍. ചില പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ഉടന്‍ തന്നെ തുറക്കും.

മൈലേജ് സംബന്ധിച്ച് വ്യക്തമായ വിവരം കൈമാറാന്‍ ജോണ്‍ കുല്ലു തയ്യാറായില്ല. സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച മൈലേജായിരിക്കും ഡാറ്റ്‌സന്‍ ഗോ പകരുക എന്നാണ് ജോണ്‍ പറയുന്നത്. ഇത് എആര്‍എഐ സാക്ഷ്യപ്പെടുത്തിയതാണ്.

ലോഞ്ചിനു മുമ്പ് 90 നാഗരങ്ങളില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് അവതരിപ്പിക്കും. പെട്രോള്‍ മോഡല്‍ മാത്രമേ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനുള്ളൂ. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍.

26 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള, ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് ഡാറ്റ്‌സന്‍ ഗോ ലക്ഷ്യം വെക്കുന്നത്.

വില
ബജറ്റ് കാര്‍ ആരാധകരുടെ കണ്ണുതള്ളിക്കുന്ന വിലയിലാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് അവതരിക്കാന്‍ പോകുന്നത്. 4 ലക്ഷത്തിന് താഴെയായിരിക്കും ഏറ്റവുമുയര്‍ന്ന വേരിയന്റിന് വില!


Click it and Unblock the Notifications








