നാനോയെ 'ചീപ്പ് കാറാ'ക്കിയത് തെറ്റായെന്ന് രത്തന്‍ ടാറ്റ
നാനോ കാറിനെ 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍' എന്ന വിശേഷണം നല്‍കി മാര്‍ക്കറ്റ് പിടിക്കാന്‍ ശ്രമിച്ചത് തനി മണ്ടത്തരമായിപ്പോയെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ള സംഗതിയാണ്. 'ചീപ്പ് കാര്‍' എന്ന ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ ഇപ്പോള്‍ ടാറ്റ പഠിച്ച പണിയെല്ലാം പയറ്റുന്നുണ്ട്. ചിലതെല്ലാം ആളുകളുടെ ഉള്ളിലുറച്ചാല്‍ ഉറച്ചതാണ്.
ഈ സംഗതി രത്തന്‍ ടാറ്റ കൂടി അംഗീകരിക്കേണ്ട പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതും ആയിരിക്കുന്നു.

പൊതുജനം തന്റെ സ്വപ്‌നവാഹനത്തെ ചീപ്പ് കാര്‍ എന്നുവിളിക്കാന്‍ തുടങ്ങിയത് കമ്പനിയെടുത്ത മാര്‍ക്കറ്റിംഗ് നിലപാടിന്റെ പിഴവായിരുന്നു എന്നാണ് രത്തന്‍ ടാറ്റ കുമ്പസാരം നടത്തിയത്. ഇത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ വന്‍ പ്രചാരം വാഹനത്തിന് കിട്ടിയത് കണ്ടപ്പോള്‍ എല്ലാം വിജയകരമായി പര്യവസാനിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ആളുകള്‍ ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാറിനെ മ്യൂസിയത്തില്‍ പോയി കാണുന്ന മട്ടിലാണ് ഷോറൂമുകളിലെത്തി കണ്ടത്. ആരും വാങ്ങാന്‍ കൂട്ടാക്കിയില്ല.
ഗുജറാത്തില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ നാനോ പ്ലാന്റിന്റെ 80 ശതമാനവും ഉപയോഗശൂന്യമായി കിടക്കുകയാണിപ്പോള്‍. ആഴ്ചയില്‍ മുന്നോ നാലോ ദിവസം മാത്രം ഉല്‍പാദനം നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
ടാറ്റയുടെ പുതിയ തലവന്‍ സൈറസ് മിസ്ത്രി ഈ കാറില്‍ പുതിയ ചില സ്വപ്‌നങ്ങള്‍ ഒട്ടിച്ചുചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്മാര്‍ട് സിറ്റി കാറായി ടാറ്റ നാനോയെ മാറ്റുമെന്നാണ് മിസ്ത്രി പറയുന്നത്. ഇതിന് എല്ലാ ശേഷിയുമുള്ള വാഹനമാണ് നാനോ എന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹമില്ല. എന്നാല്‍, പ്രഖ്യാപിച്ച നീക്കങ്ങള്‍ ഇനിയും നടക്കേണ്ടതായിട്ടാണുള്ളത്.


Click it and Unblock the Notifications








