റോള്‍സ് ഗോസ്റ്റിന് ചൈനീസ് താന്ത്രിക പതിപ്പ്
ദേശത്തനിമകളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് റോള്‍സ് റോയ്‌സിന്റെ നയപരമായ തീരുമാനമാണ്. ഈ തീരുമാനം നടപ്പാക്കിത്തുടങ്ങിയത് ചൈനയിലാണെന്നു പറയാം. ഉപഭോക്താക്കളുടെ സൗന്ദര്യപരമായ വീക്ഷണങ്ങള്‍ അതാത് രാഷ്ട്രത്തിന്റെ സംസ്‌കാരവുമായി വലിയ തോതില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റോള്‍സ് റോയ്‌സ് മനസ്സിലാക്കുന്നത്. ചൈനയില്‍ പുറത്തിറങ്ങിയ വ്യാളീ എഡിഷന്‍ ഗോസ്റ്റ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമമായിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ സമാനമായ നയം തുടരുവാന്‍ റോള്‍സ് റോയ്‌സ് തീരുമാനിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ വീണ്ടും റോള്‍സിന്റെ ചൈനീസ് ശ്രമം വാര്‍ത്തയിലെത്തുന്നു. ചൈനയുടെ പുരാതന സംസ്‌കാരത്തില്‍ വലിയ പ്രാധാനമുണ്ടായിരുന്നതെന്ന് കരുതപ്പെടുന്ന 'ഗോള്‍ഡന്‍ സണ്‍ ബേഡ്' എന്ന താന്ത്രിക രൂപത്തെയാണ് പുതിയ വാഹനം അടിസ്ഥാന തീം ആയി എടുത്തിരിക്കുന്നത്.

2001ല്‍ പര്യവേക്ഷകര്‍ ചൈനയിലെ ചെങ്ദുവില്‍ നിന്നാണ് ഈ താന്ത്രിക ഫലകം കുഴിച്ചെടുത്തത്. ശുദ്ധമായ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വട്ടത്തിലുള്ള ഫലകത്തില്‍ നാല് പക്ഷികള്‍ പറക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ തീമിനെ ആധാരമാക്കിയാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് സണ്‍ബേഡ് എഡിഷന്‍ വരുന്നത്.

ഗോസ്റ്റ് ചെങ്ദു ഗോള്‍ഡന്‍ സണ്‍ബേഡ് എന്നാണ് പ്രത്യേക പതിപ്പിന്റെ പേര്. ചെങ്ദു പ്രവിശ്യയില്‍ നിന്നാണ് പര്യവേക്ഷകര്‍ ഈ താന്ത്രിക ഫലകം കണ്ടെടുത്തതെന്ന് നേരത്തെ നമ്മളറിഞ്ഞു. ഈ ഫലകം 20 ഗ്രാം ഭാരമുള്ളതാണ്.

വളരെ ലളിതമാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് സണ്‍ബേഡിന്റെ ഡിസൈന്‍. കാറിന്റെ മധ്യഭാഗം നീളത്തില്‍ സ്വര്‍ണവര്‍ണം പൂശിയിരിക്കുന്നു. ബോണറ്റില്‍ നിന്ന് താഴേക്ക് ഗ്രില്ലിന്റെ വശങ്ങളിലൂടെ എയര്‍ഡാം വരെ ഈ സ്വര്‍ണരാശി പടര്‍ന്നിരിക്കുന്നത് കാണാം.

വീലുകളുടെ മധ്യത്തിലും സ്വര്‍ണ നിറമാണുള്ളത്. റോള്‍സ് റോയ്‌സ് 'സ്പിരിറ്റ് ഓഫ് എക്കാസ്റ്റസി' ബോണറ്റ് ഓര്‍ണമെന്റിലും സ്വര്‍ണനിറം പൂശിയിരിക്കുന്നു.

കാറിന്റെ ഇരുവശങ്ങളിലും കാണുന്ന സ്വര്‍ണ സ്ട്രിപ്പിനിടയില്‍ സണ്‍ബേഡിനെ ചിത്രീകരിച്ചിരിക്കുന്നു.

സില്‍ പ്ലേറ്റില്‍ പ്രത്യേക എഡിഷന്‍ പേര് നല്‍കിയിട്ടുണ്ട്.

ഇന്റീരിയറില്‍ തുകല്‍ കൊണ്ട് പൊതിഞ്ഞ സീറ്റുകളിലും സണ്‍ബേഡ് അടയാളം പതിച്ചത് കാണാം. ഇവയും സ്വര്‍ണനിറത്തിലാണ് വരുന്നത്.

ഗോസ്റ്റിന്റെ ക്ലാസിക് ഡാഷ്‌ബോര്‍ഡിലും സണ്‍ബേഡ് ലോഗോ നല്‍കിയത് കാണാം.


Click it and Unblock the Notifications








