ബ്രിട്ടിഷ് വാഹന ഇതിഹാസം സ്റ്റാമ്പുകളില്‍
കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പ് നടത്തിയ കൊടിയ സാമ്പത്തിക മുന്നേറ്റങ്ങളുടെ ചാലകശക്തികളിലൊന്നായി ഓട്ടോമൊബൈലുകളുണ്ടായിരുന്നു. റോള്‍സ് റോയ്‌സിലും ആസ്റ്റണ്‍ മാര്‍ട്ടിനുകളിലുമെല്ലാം കയറിയാണ് യൂറോപ്പ് ഇന്നിവിടെ വരെയെത്തിയത്. ഈ ഓര്‍മയെ ഉറപ്പിക്കുന്നതിന് യുകെയുടെ റോയല്‍ മെയില്‍ ഒരു സ്റ്റാമ്പ് കളക്ഷന്‍ പുറത്തിറക്കുന്നു. റോയല്‍ ഓട്ടോ ലജന്‍ഡ്‌സ് എന്നാണ് ശേഖരത്തിന് പേര്.
12 സ്റ്റാമ്പുകളടങ്ങുന്നതാണ് ഈ ശേഖരം. ബ്രിട്ടിഷ് കാര്‍ കമ്പനിയായ ആസ്റ്റണ്‍ മാര്‍ടിന്റെ 100ാം ജന്മവാര്‍ഷികവും റോള്‍സ് റോയ്‌സ് സ്ഥാപകരിലൊരാളായ സര്‍ ഹെന്റി റോയ്‌സിന്റെ 150ാം ജന്മവാര്‍ഷികവും ആഘോഷിക്കുകയാണ് ഈ സ്റ്റാമ്പുകള്‍.

1961 ജാഗ്വര്‍ ഇ ടൈപ്പ്, 1965 റോള്‍സ് റോയ്‌സ് സില്‍വര്‍ ഷാഡോ, 1963 ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബി5, 1968 മോര്‍ഗന്‍ പ്ലസ് 8, 1976 ലോട്ടസ് എസ്പിരിറ്റ്, 1962 എംജി എംജിബി എന്നീ ക്ലാസിക് കാറുകളെ ഈ സ്റ്റാമ്പുകളില്‍ കാണാം.

ഈ സ്റ്റാമ്പുകള്‍ ഒരുമിച്ചും ഓരോന്നായും വാങ്ങിക്കാന്‍ കിട്ടും. ഫ്രയിം ചെയ്ത രൂപത്തില്‍ ഇവ വാങ്ങാം.

സ്റ്റാമ്പ് കാര്‍ഡുകളായും ഇവ ലഭ്യമാണ്. ഇവയില്‍ മോറിസ് മൈനര്‍ വാന്‍, ഓസ്റ്റിന്‍ എഫ്എക്‌സ്4 ബ്ലാക് കാബ്, ഫോഡ് ആംഗ്ലിയ 105 ഇ, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 എന്നീ കാറുകള്‍ ചിത്രീകരിച്ച് സ്റ്റാമ്പുകള്‍ കൂടിയുണ്ട്.

വിഖ്യാത ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ മന്‍ ആണ് വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

റോയല്‍ മെയിലിന്റെ സ്‌പെഷ്യല്‍ സ്റ്റാമ്പുകള്‍ എലിസബത്ത് തമ്പുരാട്ടിയുടെ തിരുമുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അവിടുന്ന് തൃക്കൈവിളയാടിയാലേ സ്റ്റാമ്പുകള്‍ പുറത്തിറക്കാനാവൂ.

സ്റ്റാമ്പുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സംവിധാനമുണ്ട്. ഇല്ലെങ്കില്‍ ഫോണ്‍ വഴി ആവശ്യപ്പെടുകയോ യുകെയിലെ പോസ്റ്റ് ഓഫീസുകള്‍ വഴി വാങ്ങുകയോ ആവാം. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാം.


Click it and Unblock the Notifications








