ഫാബിയ ഹാച്ച്ബാക്ക് ഉല്‍പാദനം നിറുത്തുന്നു

ഫാബിയ ഹാച്ച്ബാക്ക് സ്കോഡയെ സംബന്ധിച്ച് നഷ്ടത്തിലോടുന്ന വണ്ടിയാണ്. വില്‍പനയില്‍ കാര്യമായ മുന്നേറ്റമില്ലാത്തതിനാല്‍ ഇത്തരമൊരു നീക്കം സ്കോഡയുടെ ഭാഗത്തു നിന്നുണ്ടാകാമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.
സ്കോഡ ഫാബിയ ഹാച്ച്ബാക്കിന്‍റെ ബേസ് വേരിയന്‍റ് നിരത്തിലിറങ്ങിക്കിട്ടാന്‍ ഏതാണ്ട് 6 ലക്ഷത്തിന്‍റെ ചെലവുണ്ട്. ടോപ് വേരിയന്‍റ് 8 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ ചെലവ് വരും. ഈ നിലവാരത്തില്‍ കാര്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്കു പോലും സ്പെയര്‍ പാട്സ് വിലയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കുന്നില്ല എന്ന പരാതിയുണ്ട്.
ഇറക്കുമതി ചെയ്ത നിരവധി ഘടകഭാഗങ്ങള്‍ ഫാബിയയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് കാറിന്‍റെ വിലയില്‍ വര്‍ധനയുണ്ടാക്കുന്നത്. വില്‍പന വര്‍ധനവിനായി ഇടക്കാലത്ത് വന്‍ തോതിലുള്ള ഡിസ്കൗണ്ടുകള്‍ ഫാബിയയ്ക്ക് മേല്‍ പ്രഖ്യാപിച്ചിരുന്നു സ്കോഡ. പക്ഷെ, ഇതും കാര്യമായ ഫലം നല്‍കിയില്ല.
2012-13 സാമ്പത്തിക വര്‍ഷത്തില്‍ 3,343 ഫാബിയ ഹാച്ച്ബാക്കുകളാണ് ആകെ വിറ്റഴിച്ചത്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വില്‍പന 115 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഈ അവസ്ഥയില്‍ അധികകാലം മുമ്പോട്ട് പോകുന്നത് നഷ്ടത്തിന്‍റെ അളവ് കൂട്ടുകയേയുള്ള എന്ന തിരിച്ചറിവാണ് സ്കോഡയ്ക്കുണ്ടായിരിക്കുന്നത്.
നിലവില്‍ ഫാബിയയ്ക്കായി ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള ഘടകഭാഗങ്ങള്‍ കൂടി ഉപയോഗിച്ചു തീരും വരെ കാറിന്‍റെ ഉല്‍പാദനം നീട്ടുവാന്‍ സാധ്യതയുണ്ട്. കുറച്ചു മാസങ്ങള്‍ കൂടി ഫാബിയയുടെ നിര്‍മാണം നടന്നേക്കാം.


Click it and Unblock the Notifications








