നാനോ ഓട്ടോമാറ്റിക് അടുത്ത വര്‍ഷം
ടാറ്റ നാനോ ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നതായി ടാറ്റയുടെ വെളിപ്പെടുത്തല്‍. ഇന്തോനീഷ്യന്‍ വിപണിക്ക് വേണ്ടിയാണ് ഈ പതിപ്പ് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം തന്നെ വാഹനം നിരത്തിലെത്തുമെന്നും ടാറ്റ പ്രഖ്യാപിച്ചു.
നാനോയെ സിറ്റി റൈഡുകള്‍ക്ക് ഏറ്റവും യോജിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഒരു 'സ്മാര്‍ട് കാര്‍' ആക്കി മാറ്റുമെന്ന പ്രഖ്യാപനം കമ്പനി തലവന്‍ സൈറസ് മിസ്ത്രിയില്‍ നിന്ന് വന്നിരുന്നു നേരത്തെ. ഇതിന് പിന്നാലെയാണ് ഓട്ടോമാറ്റിക് നാനോയുടെ പ്രഖ്യാപനം. ഇന്തോനീഷ്യന്‍ വിപണി ഓട്ടോമാറ്റിക് കാറുകള്‍ക്ക് വലിയ പ്രിയം കാണിക്കുന്നുണ്ട് എന്നതിനാലാണ് നാനോയെ ഓട്ടോമാറ്റിക ആക്കുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു പദ്ധതിയുള്ളതായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ഥലം ഇന്തോനീഷ്യ ആയതിനാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്.

ടാറ്റ ആര്യ, സഫാരി, വിസ്ത എന്നീ മോഡലുകളുടെ ഇന്തോനീഷ്യന്‍ പ്രവേശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ച് ടാറ്റയുടെ ഇന്തോനീഷ്യന്‍ തലവന്‍ ബിസ്വദേവ് സെന്‍ഗുപ്ത നാനോ ഓട്ടോമാറ്റിക് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. പൂര്‍ണമായും ടാറ്റയുടേത് മാത്രമായ ഉപബ്രാന്‍ഡ് സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇന്തോനീഷ്യയില്‍ എത്തിക്കുന്ന ആദ്യ മോഡലുകളുടെ ലോഞ്ച് ചടങ്ങാണ് ഇത്.
ഇന്തോനീഷ്യയില്‍ മികച്ച വളര്‍ച്ചാ നിരക്കാണ് ടാറ്റ മോട്ടോഴ്‌സ് പ്രകടിപ്പിക്കുന്നത്. 2012ല്‍ 25 ശതമാനം വളര്‍ച്ച നേടിയിരുന്നു കമ്പനി. 1.12 ദശലക്ഷം വാഹനങ്ങള്‍ രാജ്യത്ത് വിറ്റഴിച്ചു.
ടൊയോട്ട തുടങ്ങിയ ജാപ്പനികന്മാര്‍ അടക്കി വാഴുന്ന മാര്‍ക്കറ്റാണ് ഇന്തോനീഷ്യയുടേത്. ഇവിടെ നിര്‍ണായകമായ മുന്നേറ്റം നടത്താന്‍ ടാറ്റയ്ക്ക് സാധിക്കുന്നുണ്ട്.
ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഒരു സിഎന്‍ജി പതിപ്പ് വേറെയും തയ്യാറാകുന്നുണ്ട്.


Click it and Unblock the Notifications








