ടാറ്റ പൊതു പ്ലാറ്റ്ഫോം നിര്‍മിക്കുന്നു
വാഹനങ്ങള്‍ക്ക് ഒരു പൊതു അടിസ്ഥാന ഘടന സൃഷ്ടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഫോക്സ്‍വാഗണ്‍ അടക്കമുള്ള കമ്പനികള്‍ ഇത്തരം രീതി പിന്തുടരുന്നവരാണ്. വിവിധ മോഡലുകള്‍ക്ക് ഒരേ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കഴിയുക എന്നതിനര്‍ത്ഥം വളരെ ലളിതമാണ്; ചെലവ് ചുരുങ്ങിക്കിട്ടും. ഇപ്പോള്‍ ഈ വഴിക്ക് ചിന്തിക്കുന്നത് ഒരു ഇന്ത്യന്‍ കമ്പനിയാണ്.
കഴിഞ്ഞ മാസങ്ങളിലെ നഷ്ടക്കണക്കുകള്‍ ടാറ്റ മോട്ടോഴ്സിനെ ഇരുത്തിച്ചിന്തിപ്പിച്ചതിന്‍റെ കൂടി ഫലമാണ് കോമണ്‍ പ്ലാറ്റ്ഫോം എന്ന ആശയം. പൊതു പ്ലാറ്റ്ഫോം വരുന്നതോടെ വിസ്ത തുടങ്ങിയ ഇന്‍ഡിക സീരീസ് വാഹനങ്ങളും മാന്‍സ സെഡാനുമെല്ലാം നിര്‍മിക്കുന്നതിന്‍റെ ചെലവ് കുറയ്ക്കാം. എസ്‍യുവികളും എംയുവികളുമെല്ലാം ഇതേ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിക്കാമെന്നതും ശ്രദ്ധിക്കണം.

ലോകത്തെ നിരവധി പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഇത്തരത്തില്‍ പ്ലാറ്റ്ഫോം പങ്കുവെക്കല്‍ നടത്തുന്നുണ്ട്. ഫോക്സ്‍വാഗണിന് കീഴില്‍ വന്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ പോലും പ്ലാറ്റ്ഫോം പങ്കുവെക്കല്‍ നടക്കുന്നുണ്ട്. ഓഡിയും ജാഗ്വറും ലാന്‍ഡ് റോവറുമെല്ലാം ഇത്തരം പങ്കുവെക്കലിലൂടെ കാറുകള്‍ നിരത്തിലിറക്കുന്നു.
തനിച്ചുള്ള പ്ലാറ്റ്ഫോം നിര്‍മിതി വളരെ റിസ്കുള്ള ഒരിടപാടാണ്. ടാറ്റ നാനോയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ച പ്ലാറ്റ്ഫോം മറ്റൊരു വാഹനത്തിനും ഉപയോഗിക്കാന്‍ പറ്റാതെ വരുന്നു എന്നതില്‍ നിന്നായിരിക്കണം ടാറ്റ ഈ പാഠം പഠിച്ചത്.


Click it and Unblock the Notifications








