25 വര്‍ഷത്തിനിടയിലെ 10 കൂതറ കാറുകള്‍
കാറിനകത്ത് സുരക്ഷിതത്വം ആവശ്യമാണെന്ന് നമുക്ക് ഇപ്പോഴും തോന്നിത്തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ പണിഞ്ഞു തന്ന റോഡുകള്‍ക്ക് സ്വയം ബലിദാനം ചെയ്യാന്‍ സന്നദ്ധരായിട്ടാണ് നമ്മള്‍ ഓരോരുത്തരും കാറുമെടുത്ത് വീട്ടിന് പുറത്തേക്കിറങ്ങുന്നത്. ടാറ്റ നാനോ, മാരുതി ആള്‍ട്ടോ 800 തുടങ്ങിവയൊക്കെയാണല്ലോ നമ്മളില്‍ ഭൂരിഭാഗത്തിന്റെയും പക്കലുള്ളത്. ഇതെല്ലാം നമ്മുടെ നാട്ടില്‍ നടക്കും. വികസിതരായ പടിഞ്ഞാറന്‍ നാടുകളില്‍ ഇമ്മാതിരി സാധനങ്ങള്‍ ഓടില്ല. ഓടിയാല്‍ത്തന്നെ അത് കാര്‍നിര്‍മാതാവിന് എക്കാലത്തെയും ചീത്തപ്പേരായി മാറുകയും ചെയ്യും.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓട്ടോമൊബൈല്‍ മാഗസിനായ ഓട്ടോ എക്‌സ്പ്രസ് ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. ബ്രിട്ടനില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇറങ്ങിയവയില്‍ വെച്ചേറ്റവും മോശപ്പെട്ട 10 കാര്‍ നിര്‍മിതികളെ കമ്ടു പിടിക്കുകയായിരുന്നു പഠനത്തിന്റെ ഉദ്ദേശ്യം. ഇംഗ്ലണ്ടിലെ പഠനത്തിന് ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ എന്താണ് സാംഗത്യം എന്ന ചോദ്യം വരാം. ഈ പത്ത് കമ്പനികളില്‍ നിരവധി പേര്‍ ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ വണ്ടികളിറക്കുന്നുണ്ട് എന്നത് ഒരു കാര്യം. മറ്റൊന്ന്, ഈ പത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് നമ്മുടെ ടാറ്റയാകുന്നു! ഇത്രയും ദൂരം കടല്‍ കടന്നുചെന്ന് ടാറ്റയെങ്ങനെ ഈ ചീത്തപ്പേര് സമ്പാദിച്ചു എന്നതിന്റെ ഉത്തരവും താഴെയുണ്ട്.

എഫ്എസ്ഒ പോളന്‍സ് (പത്താം സ്ഥാനം)
പോളണ്ടില്‍ നിന്നുള്ള കമ്പനിയായ എഫ്എസ്ഒ ഒരു ചെലവ് കുറഞ്ഞ കാര്‍ നിരത്തിലിറക്കി. ഫിയറ്റ് 125 കാറിന്റെ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും ചെലവ് കുറഞ്ഞ സാധനങ്ങള്‍ ഫിറ്റ് ചെയ്ത് ബ്രിട്ടിഷ് നിരത്തുകളിലെത്തിക്കുകയായിരുന്നു കമ്പനി. സംഗതി നാറ്റക്കേസായി. ദൈയ്വൂവിന്റെ സഹായത്തോടെയാണ് ബ്രിട്ടനില്‍ വാഹനമെത്തിച്ചത്. മോശപ്പെട്ട പ്രകടനവും ഗുണനിലവാരവും ആളുകള്‍ തിരിച്ചറിഞ്ഞു. മൂന്ന് കമ്പനികളും നാറി. ഈ കാറിനാണ് കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ 10 മോശം കാറുകളില്‍ പത്താം സ്ഥാനം ലഭിച്ചത്.

ക്രൈസ്‌ലര്‍ പിടി ക്രൂയിസര്‍ കണ്‍വെര്‍ടിബ്ള്‍ (ഒമ്പതാം സ്ഥാനം)
ക്രൈസ്‌ലര്‍ പോലൊരു കമ്പനിയും ഈ ലിസ്റ്റില്‍ പെട്ടുവോ എന്ന് നമുക്ക് അത്ഭുതം തോന്നാം. ലിസ്റ്റ് തുടങ്ങിയിട്ടേയുള്ളൂ, അത്ഭുതങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. പിടി ക്രൂയിസറിനെ കണ്‍വെര്‍ടിബ്ള്‍ ആക്കി മാറ്റി എന്നതല്ലാതെ ഈ വാഹനം കാര്യമായൊന്നും കൊണ്ടുവന്നില്ല എന്നതായിരുന്നു പരാതി. ഒരു കണ്‍വെര്‍ടിബ്ള്‍ കാറില്‍ നിന്ന് പ്രതീക്ഷിക്കുന്ന 'ഫണ്‍' സംഗതി ഈ കാര്‍ നല്‍കിയില്ലെന്നതാണ് പ്രശ്‌നം. കൂടാതെ ക്വാളിറ്റിയിലും ഈ വാഹനം വളരെ പിന്നാക്കമായിരുന്നു.

സിട്രണ്‍ സി3 പ്ലൂരിയല്‍ (എട്ടാം സ്ഥാനം)
ഈ കണ്‍വെര്‍ടിബ്ള്‍ കാര്‍ നമ്മുടെ പഴയ കെഎസ്ആര്‍ടി പോലെയായിരുന്നു. റൂഫ് ചോര്‍ന്നൊലിക്കുന്നത് ഒരു സ്ഥിരം പ്രശ്‌നമായി മാറി. കാബിനിലെ പ്ലാസ്റ്റിക്കുകള്‍ വളരെ നിലവാരം കുറഞ്ഞതായിരുന്നു.

നിസ്സാന്‍ സെറീന (ഏഴാം സ്ഥാനം)
ആക്‌സിലറേഷന്റെ കാര്യത്തില്‍ വളരെ പിന്നാക്കമായിരുന്നു ഈ എംപിവി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം അര മിനിട്ടിനടുത്ത് സമയമെടുത്തു! 11 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ നമ്മുടെ നാനോയ്ക്ക് പോലും കഴിയും എന്നതോര്‍ക്കുക. കുപ്രസിദ്ധമായ ഈ നേട്ടം നിസ്സാന്‍ എങ്ങനെ സംഘടിപ്പിച്ചു എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

ലക്‌സസ് എസ്‌സി 430 (ആറാം സ്ഥാനം)
ഈ അത്യാഡംബര ഭീമനും മോശപ്പെട്ടതെന്ന് വാഴ്ത്തപ്പെട്ട ഒരു കാര്‍ വിപണിയിലെത്തിച്ചു. അന്തംവിട്ടൊരു ഡിസൈനാണ് എസ്‌സി 430-ക്കുണ്ടായിരുന്നതെന്ന് ഓട്ടോ എക്‌സ്പ്രസ് അഭിപ്രായപ്പെടുന്നു. അതെല്ലാം പൊറുക്കാം, പിന്‍സീറ്റുകള്‍ കുട്ടികളെപ്പോലും ഇരുത്താന്‍ കഴിയാത്ത വിധം ഇടുങ്ങിയതായിരുന്നു. എന്തായിരുന്നു ലക്‌സസിന്റെ ഉദ്ദേശ്യമെന്ന് ഇന്നും ആര്‍ക്കും പിടിയില്ല.

സ്‌കോഡ എസ്റ്റില്ലെ (അഞ്ചാം സ്ഥാനം)
ഇന്നത്തെ സ്‌കോഡയുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തൊരു കോലത്തിലാണ് ഈ വണ്ടി കിടക്കുന്നത്. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഇന്നേറെ പ്രകീര്‍ത്തിക്കപ്പെടുന്ന സ്ഥാപനമാണ് സ്‌കോഡ. എന്നാല്‍ കാലഹരണപ്പെട്ട ഡിസൈനും സാങ്കേതികതയുമായി ഇറങ്ങിയ സ്‌കോഡ എസ്റ്റില്ല വലിയ പരാജയം ഏറ്റുവാങ്ങി.

റിനോ അവാന്‍ടൈം (നാലാം സ്ഥാനം)
അവാന്‍ടൈമിന് വലിയ ആരാധകനിര ഇന്നും നിലവിലുള്ള സമ്മതിച്ചുകൊണ്ടു തന്നെയാണ് ഓട്ടോ എക്‌സ്പ്രസ് മോശം കാറുകളുടെ പട്ടികയില്‍ വാഹനത്തെ ചേര്‍ത്തിട്ടുള്ളത്. വാഹനത്തിന്റെ ഡിസൈന്‍ കുറെയധികം 'ഓവര്‍ സ്മാര്‍'ട്ടായി മാറി എന്നതാണ് പ്രശ്‌നം. ഈ വാഹനം വില്‍പനയില്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.

സുസൂക്കി എക്‌സ്-90 (മൂന്നാം സ്ഥാനം)
മോശപ്പെട്ട ഹാന്‍ഡ്‌ലിംഗ് ആണ് ഈ വാഹനത്തെ കുപ്രസിദ്ധരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്താന്‍ സഹായിച്ചത്. എസ്‌യുവി എന്ന പേരില്‍ വിപണിയിലെത്തിയ എക്‌സ് 90-യെ റോഡിന് പുറത്തിറക്കിയാല്‍ പണികിട്ടും എന്ന സ്ഥിതിയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വണ്ടി ഇംഗ്ലണ്ട് വിട്ടു.

മിത്സുബിഷി കരിസ്മ (രണ്ടാം സ്ഥാനം)
ആഘോഷങ്ങളോടെ എത്തിയ ഈ വാഹനം പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ വന്നു എന്നതാണ് പ്രധാന പ്രശ്‌നം. ഒരു തല്ലിപ്പൊളി വണ്ടി കൊണ്ടുവന്ന് യൂറോപ്യന്‍ ഉപഭോക്താക്കളെ പറ്റിക്കാന്‍ ശ്രമിച്ചു എന്ന് മിത്സുബിഷിയെ കുറ്റപ്പെടുത്തുന്നു ഓട്ടോ എക്‌സ്പ്രസ്.

ടാറ്റ ഇൻഡിക അഥവാ റോവര്‍ സിറ്റിറോവര്‍ (ഒന്നാം സ്ഥാനം)
ഇന്ത്യയില്‍ നിര്‍മിച്ച് ഇംഗ്ലണ്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു ഈ വാഹനത്തെ. എല്ലാം കൊണ്ടു തല്ലിപ്പൊളി എന്ന് ഇംഗ്ലീഷുകാര്‍ വിധിയെഴുതിയതോടെ 2003ല്‍ വിപണിയിലെത്തിയ വാഹനം 2005 പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. ഈ വാഹനത്തിന്റെ പിന്‍ഗാമികള്‍ ഇന്നും ഇന്ത്യന്‍ നിരത്തുകളില്‍ നമ്മെ സേവിക്കുന്നു.


Click it and Unblock the Notifications








