ടാറ്റ ആര്യയുടെ പുതുക്കിയ പതിപ്പ് വിപണിയില്‍
ടാറ്റ ആര്യയുടെ മുഖം മിനുക്കിയ പതിപ്പ് ബഹളങ്ങളില്ലാതെ വിപണിയിലെത്തി. ചെറിയ തോതിലുള്ള ഒരു പരിഷ്‌കരണമാണ് വാഹനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. വശങ്ങളില്‍ പുതിയ ഡികാലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് പുറത്തു കാണാവുന്ന പ്രധാന മാറ്റങ്ങള്‍.
ഈ പുതുക്കലില്‍ വന്നിട്ടുള്ള നിര്‍ണായകമായ മാറ്റം സാങ്കേതികമാണ്. വാഹനത്തിന്റെ 2.2 ലിറ്റര്‍ വാരികോര്‍ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ പ്രകടനക്ഷമത കൈവരിക്കുന്ന രീതിയില്‍ ട്യൂണിംഗിന് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ 150 കുതിരകളുടെ കരുത്തും 320 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

മൂന്ന് വേരിയന്റുകളില്‍ ആര്യ 2014 പതിപ്പ് ലഭിക്കും.
- പ്യുവര്‍ (ബേസ് വേരിയന്റ്, ടൂ വീല്‍ ഡ്രൈവ്)
- പ്ലഷര്‍ (ടൂ വീല്‍ ഡ്രൈവ്)
- പ്രൈഡ് (ഫോര്‍ വീല്‍ ഡ്രൈവ്)
ബേസ് വേരിയന്റില്‍ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റിയര്‍ എയര്‍ കണ്ടീഷന്‍ വെന്റുകള്‍, സണ്‍ ഗ്ലാസ് ഹോള്‍ഡര്‍, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്.
ഡബ്ള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റം, സ്റ്റീയറിംഗില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, റൂഫ് സ്റ്റോറേജ്, റിയര്‍ വൈപ്പര്‍, ഡീഫോഗര്‍ എന്നീ സംവിധാനങ്ങള്‍ പ്ലഷര്‍ വേരിയന്റില്‍ ലഭിക്കുന്നു. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സംവിധാനങ്ങളും ഈ വേരിയന്റില്‍ കാണാം. പുറത്ത് ക്രോമിയം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോമിയം ഗ്രില്‍, ബോഡി നിറത്തിലുള്ള റൂഫ് റെയിലുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.
ഉയര്‍ന്ന വേരിയന്റ് വരുന്നത് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചാണ്. ഇതില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററി, സാറ്റലൈറ്റ് നാവിഗേഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളുണ്ട്.
പ്യുവര്‍ വേരിയന്റിന് 9.95 ലക്ഷം രൂപയാണ് വില. ഏറ്റവുമുയര്‍ന്ന പതിപ്പിന് 14.74 ലക്ഷം രൂപ വിലവരും.


Click it and Unblock the Notifications








