ടൊയോട്ട കൊറോള ആള്‍ടിസ് ലോഞ്ച് മെയ് 27ന്
ടൊയോട്ട കൊറോള ആള്‍ടിസ് സെഡാനിന്റെ ഇന്ത്യന്‍ ലോഞ്ച് മെയ് മാസത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു പുതിയ ആള്‍ടിസ് മോഡല്‍. ഡിസൈനില്‍ നിലവിലുള്ള പതിപ്പിനെക്കാള്‍ ഒരല്‍പം രോഷാകുലത കലര്‍ത്തിയാണ് ആള്‍ടിസ് 2014 മോഡല്‍ എത്തുന്നത്.
അകത്തും പുറത്തും ഗൗരവപ്പെട്ട മാറ്റങ്ങളാണ് പുതിയ വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോ അവതരണത്തിനൊപ്പം പുതിയ ആള്‍ട്ടിസിന്റെ ബുക്കിംഗും തുടങ്ങിയിരുന്നു. ആള്‍ട്ടിസിന്റെ പതിനൊന്നാം തലമുറ പതിപ്പാണിത്. കൂടുതല്‍ നേരിട്ട് മനസ്സിലാക്കാം താഴെ.

പുതിയ ആള്‍ട്ടിസില്‍ ഗ്രില്ലിന്റെ വലിപ്പം കൂട്ടിയിട്ടുണ്ട്. പുതിയ തലമുറ കാറുകളുടെ പൊതു ശൈലിയായി മാറിയിട്ടുള്ള, പിന്നിലേക്ക് ചാഞ്ഞ പൊസിഷനിലുള്ള ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി ലൈറ്റുകളോടെ വരുന്നു.

ഇന്റീരിയരില്‍ 7 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ കാണാം. സാറ്റലൈറ്റ് നേവിഗേഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ്, ഓട്ടോമാറ്റിക് കണ്‍ട്രോള്‍, ലതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് വേരിയന്റില്‍ പാഡില്‍ ഷിഫ്റ്ററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളും പുതിയ ആള്‍ട്ടിസിലുണ്ട്.

നിലവിലുള്ള ആള്‍ട്ടിസിനെക്കാള്‍ 100 മില്ലിമീറ്റര്‍ നീളക്കൂടുതലുണ്ട് പുതിയതിന്. ഇത് വാഹനത്തിന്റെ ഇന്റീരിയര്‍ സ്‌പേസ് നിര്‍ണായകമാം വിധം വര്‍ധിപ്പിച്ചിരിക്കുന്നു. പിന്‍ കാബിനിലെ ലെഗ്‌റൂമിലാണ് ഈ വലിപ്പവ്യത്യാസം സൗകര്യമായി മാറിയിട്ടുള്ളത്.

1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും മാറ്റങ്ങളൊന്നുമില്ല. 140 പിഎസ് കരുത്ത് പകരുന്നതാണ് പെട്രോള്‍ എന്‍ജിന്‍. 88 പിഎസ് കരുത്ത് പകരാന്‍ ഡീസല്‍ എന്‍ജിന് സാധിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ലഭിക്കും. മറ്റുള്ളവയില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.

മെയ് 27ന് ടൊയോട്ട കൊറോള ആള്‍ട്ടിസ് ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. ജൂണ്‍ മാസത്തില്‍ ഡെലിവെറി തുടങ്ങും. ഡീലര്‍ഷിപ്പുകള്‍ ഇപ്പോള്‍ ബുക്കിംഗ് നടക്കുന്നുണ്ട്. 50,000 രൂപയാണ് ബുക്കിംഗ് അഡ്വാന്‍സ്.


Click it and Unblock the Notifications








