മാരുതി ചെലവു ചുരുങ്ങിയ ഹൈബ്രിഡ് കാറുകളുമായി വരും
ഇന്ത്യയുടെ നാഡീസ്പന്ദനം തൊട്ടറിഞ്ഞിട്ടുള്ള ഒരു ഓട്ടോമൊബൈല്‍ ജീവന്‍മശായിയാണ് മാരുതി. ഉപഭോക്താക്കള്‍ക്കുവേണ്ടി എന്ത്, എപ്പോള്‍, എങ്ങനെയൊക്കെ ചെയ്യണമെന്ന് മാരുതിക്ക് നന്നായറിയാം. കാലം മാറുന്നതും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതുമെല്ലാം നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട് ജപ്പാന്‍ കമ്പനിയായ സുസൂക്കിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി.
സമീപഭാവിയില്‍ തന്നെ നടപ്പാക്കാനുദ്ദേശിച്ച് മാരുതി ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ചെലവു ചുരുങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പുറത്തിറക്കുവാനുള്ള പദ്ധതിയാണിത്.

രാജ്യത്തിന്റെ വാഹനവിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മാരുതിയുടെ ഈ നീക്കത്തിന് സാധിക്കുമെന്ന് ഇപ്പോള്‍ത്തന്നെ പറഞ്ഞുവെക്കാം. രാജ്യത്തിന്റെ വിപണിക്ക് ചേരുന്ന വിധത്തില്‍ പരമാവധി ചെലവുചുരുക്കിയാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുക. മാരുതിയുടെ ഏതുനീക്കത്തെയും പിന്‍പറ്റാതെ പറ്റില്ല എതിരാളികള്‍ക്ക് എന്നതിനാല്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ നീക്കം വഴിവെക്കും.
എന്തായാലും വളരെ പെട്ടെന്ന് ഈ പദ്ധതി നടപ്പാക്കിക്കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. സെലെരിയോ, സിയാസ്, സ്വിഫ്റ്റ് എന്നീ കാറുകളുടെ ഹൈബ്രിഡ് പതിപ്പുകള്‍ വിപണിയിലെത്തുമെന്ന് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നു. സ്വിഫ്റ്റിന്റെ ഹൈബ്രിഡ് മോഡല്‍ ചില മോട്ടോര്‍ഷോകളില്‍ സുസൂക്കി പ്രദര്‍ശിപ്പിച്ചിരുന്നു നേരത്തെ.


Click it and Unblock the Notifications








