വര്‍തര്‍സീയിലേക്ക് ഓഡി എ3 ക്ലബ്‌സ്‌പോര്‍ട് ക്വട്രോ
ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് കാറുകളുടെ ആഗോള സമ്മേളനത്തെയാണ് വര്‍തര്‍സീ മീറ്റ് എന്നു വിളിക്കുന്നത്. ഓരോ വര്‍ഷത്തിലും ഫോക്‌സ്‌വാഗണില്‍ നിന്നു പുറത്തുവരുന്ന കണ്‍സെപ്റ്റുകളും പുതുക്കലുകളും പുതുതായി ലോഞ്ച് ചെയ്ത മോഡലുകളുമെല്ലാം വര്‍തര്‍സീ ഷോയിലേക്ക് വരുന്നു.
ഓസ്ട്രിയയിലാണ് വര്‍തര്‍സീ മീറ്റ് നടക്കാറുള്ളത്. ഇത്തവണത്തെ എഡിഷന്‍ മെയ് 28 മുതല്‍ 31 വരെയാണ് സംഘടിപ്പിക്കുന്നത്.

ഇവന്റിനു മുന്നോടിയായി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിനു കീഴിലുള്ളവര്‍ തങ്ങളുടെ വര്‍തര്‍സീ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഈ നിരയില്‍ ആദ്യത്തേത് ഓഡിയില്‍ നിന്നുള്ള ഒരു മോഡലാണ്. ഓഡി എ3 ക്ലബ്‌സ്‌പോര്‍ട് ക്വട്രോ.
ഓഡി എസ്3 സെഡാനെ ആധാരമാക്കി നിര്‍മിച്ചതാണ് എ3 ക്ലബ്‌സ്‌പോര്‍ട് ക്വട്രോ. 2.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. എ3 സെഡാന്‍ മോഡലില്‍ സ്റ്റാന്‍ഡേഡായി ലഭിക്കുന്നത് 2 ലിറ്റര്‍ എന്‍ജിനാണെന്നോര്‍ക്കുക.
525 കുതിരശക്തി പകരുവാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. ചക്രവീര്യം 600 എന്‍എം.
1,527 കിലോഗ്രാമാണ് വാഹനത്തിന്റെ മൊത്തം ഭാരം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 3.6 സെക്കന്‍ഡ് നേരമേ എ3 ക്ലബ്‌സ്‌പോര്‍ട് ക്വട്രോ എടുക്കൂ. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 310 കിലോമീറ്റര്‍.
ഓഡിയുടെ തനതു സാങ്കേതികതയില്‍ നിര്‍മിച്ച 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ എ3 ക്ലബ്‌സ്‌പോര്‍ട് ക്വട്രോയുടെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുന്നു.


Click it and Unblock the Notifications








