ഇലക്ട്രിക് ഓട്ടോകള്‍ മോട്ടോര്‍വാഹനനിയമത്തിന്‍ കീഴില്‍
മോട്ടോര്‍വാഹന നിയമത്തില്‍ ഇലക്ട്രിക് റിക്ഷകളെ സംബന്ധിച്ചുള്ള ചട്ടങ്ങളൊന്നുമില്ലാത്തത് ഈയിടെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സാധാരണ ഇന്ധനങ്ങളുപയോഗിച്ച് ഓടിക്കുന്ന ഓട്ടോറിക്ഷകളെയും ഇലക്ട്രിക് റിക്ഷകളെയും രണ്ടുതരത്തില്‍ കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ച് ദില്ലിയിലെയും നാഗ്പൂരിലെയും ഓട്ടോറിക്ഷാ യൂണിയനുകള്‍ രംഗത്തു വരികയുണ്ടായി. മോട്ടോര്‍വാഹനനിയമത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളെയും പെടുത്തണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് ദില്ലി ഗതാഗതവകുപ്പധികൃതര്‍.
ഇലക്ട്രിക് ഓട്ടോകളെ പ്രത്യേക വിഭാഗത്തിലായിരിക്കണം പെടുത്തേണ്ടതെന്ന നിര്‍ദ്ദേശവും ദില്ലി ഹൈക്കോടതി മുമ്പോട്ടു വെച്ചിട്ടുണ്ട്. ഇവയ്ക്കായുള്ള ചട്ടങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല എന്ന ചട്ടം ഓട്ടോകളുടെ കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് കോടതി ആവശ്യപ്പെടുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹനത്തില്‍ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിലും തീരുമാനം വേണം. സാധാരണ ഇന്ധനത്തിലോടുന്ന ഓട്ടോകള്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിബന്ധകളും മറ്റും നിലനില്‍ക്കുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ഇതൊന്നുമില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു യൂണിയനുകള്‍ രംഗത്തുവന്നത്.
ദില്ലി ഗതാഗതവകുപ്പുകാര്‍ തയ്യാറാക്കിയ നിബന്ധനകള്‍ ഇലക്ട്രിക് ഓട്ടോറിക്ഷാ ഉടമകളെ വല്ലാതെ കഷ്ടപ്പെടുത്തില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ലൈസന്‍സെടുക്കലും രജിസ്‌ട്രേഷനുമെല്ലാം എളുപ്പത്തില്‍ പൂര്‍ത്തിയാകുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ലൈസന്‍സ് നിഷേധിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുവാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ഇലക്ട്രിക് ഓട്ടോകളില്‍ നാല് യാത്രക്കാരെ കയറ്റുവാനുള്ള അനുമാതിയാണ് നല്‍കുക എന്നറിയുന്നു. പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി നിജപ്പെടുത്തും.


Click it and Unblock the Notifications








