സുസൂക്കി സെലെരിയോയുടെ ക്രാഷ് ടെസ്റ്റ് കാണാം
മാരുതി സുസൂക്കി സ്വിഫ്റ്റും ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കും ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ ഏറ്റവും പ്രതിലോമകരമായ നിലപാടാണ് ഇന്ത്യന്‍ വാഹനവ്യവസായരംഗം കൈക്കൊണ്ടത്. ഗ്ലോബല്‍ എന്‍സിഎപിയുടെ ഇടപെടലിനെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഇന്ത്യന്‍ കാറുല്‍പാദകരുടെ ലോബിയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ എടുത്തത്. രാജ്യത്തെ ദുര്‍ബലമായ വാഹനനിയമങ്ങളുടെ പിന്‍ബലത്തില്‍ കൊള്ളലാഭം കൊയ്യുന്ന കാര്‍നിര്‍മാതാക്കള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ഉപഭോക്താക്കള്‍ക്കെതിരായി നിലകൊണ്ടു.
ഇതേ കാര്‍നിര്‍മാതാക്കള്‍ തന്നെയാണ് ഇന്ത്യയില്‍ നിന്നും മറ്റ് വികസ്വരരാജ്യങ്ങളില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്ന വാഹനങ്ങള്‍ നിര്‍മിച്ചയയ്ക്കുന്നത്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ പഴിചാരി എളുപ്പത്തില്‍ രക്ഷപെടാന്‍ ആര്‍ക്കും ഇക്കാര്യത്തില്‍ സാധിക്കില്ല. ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന സുരക്ഷാമാനദണ്ഡങ്ങള്‍ തങ്ങളുടെ കാര്‍മോഡലുകളിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കാര്‍നിര്‍മാതാക്കളുടെ ബാധ്യത തന്നെയാണ്.
മാരുതി സെലെരിയോ ഹാച്ച്ബാക്ക് യൂറോപ്യന്‍ സവിശേഷതകളനുസരിച്ച് നിര്‍മിച്ചപ്പോള്‍ അതിന് അവിടുത്തെ ക്രാഷ് ടെസ്റ്റില്‍ 3 സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചത്. ഇന്ത്യയിലും സമാനമായതല്ലെങ്കിലും അടിസ്ഥാനസുരക്ഷ ഉറപ്പുവരുത്തുന്ന ക്രാഷ് ടെസ്റ്റിങ് ചട്ടങ്ങള്‍ ഉണ്ടായി വരേണ്ടതുണ്ട്.
താഴെ യൂറോ എന്‍സിഎപി സുസൂക്കി സെലെരിയോ ക്രാഷ് ടെസ്റ്റ് ചെയ്യുന്നത് കാണാം.


Click it and Unblock the Notifications