ഫ്രാന്‍സ് ഡീസല്‍ കാറുകള്‍ തുടച്ചുനീക്കുന്നു
ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഫ്രാന്‍സ് പ്രായോഗിക പദ്ധതി തയ്യാറാക്കുന്നു. കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുകയാണ് ഇതിനായി ഫ്രാന്‍സ് ആദ്യം ചെയ്യുക. അടുത്ത വര്‍ഷത്തോടെ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് അറിയുന്നത്.
കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ നഗരപരിധികള്‍ക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതിരിക്കുകയാണ് അധികൃതര്‍ ചെയ്യുക. പതുക്കെ മലിനീകരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ഡീസല്‍ കാറുകളില്‍ നിന്ന് വിടുതി നേടുകയും ചെയ്യണമെന്നാണ് അധികൃതര്‍ ആഗ്രഹിക്കുന്നത്.

വാഹന ഉടമകളില്‍ 80 ശതമാനം പേരും ഡീസല്‍ വാഹനങ്ങളുപയോഗിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇക്കാരണത്താല്‍ തന്നെ വളരെപ്പെട്ടെന്ന് നടപടികളെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഘട്ടംഘട്ടമായി ഡീസല്‍ വാഹനങ്ങളെ നിരത്തുകളില്‍ നിന്നും നീക്കുകയാണ് ചെയ്യുക.
ഡീസല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ഇക്കാലമത്രയും ഫ്രാന്‍സ് തുടര്‍ന്നുപോന്നത്. ഇത് അബദ്ധമായിരുന്നുവെന്ന തിരിച്ചറിവിലാണ് രാജ്യമിപ്പോള്‍. ഡീസല്‍ കാറുകളുടെ കാര്യത്തില്‍ പുരോഗമനപരമായ നയം സ്വീകരിക്കുകയാണ് തന്റെ രാജ്യമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വല്ലാസ് പറഞ്ഞു.
ഡീസല്‍ ഇന്ധനത്തിന്മേല്‍ കൂടുതല്‍ ടാക്‌സ് ഈടാക്കുന്ന നയം അടുത്തവര്‍ഷം പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡീസല്‍ കാറുകള്‍ നശിപ്പിച്ച് ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് 10,000 യൂറോ ബോണസ് നല്‍കുമെന്ന് ഫ്രഞ്ച് ഊര്‍ജമന്ത്രി സെഗോലീന്‍ റോയല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








