ഇന്ത്യന്‍ കാറുകളിലെ സുരക്ഷിതത്വവും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റും
ഇന്ത്യന്‍ വാഹനങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ സംബന്ധിച്ച് ഗ്ലോബല്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ലോകത്തില്‍ ഏറ്റവുമധികം വാഹനാപകട മരണങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെ കാറുകള്‍ പുറത്തിറക്കി ലാഭം കൊയ്യുന്ന കാര്‍നിര്‍മാതാക്കളുടെ നിലപാടുകള്‍ക്കെതിരെയാണ് ഗ്ലോബല്‍ എന്‍സിഎപി രംഗത്തുവന്നത്.
ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം പക്ഷേ, ഗ്ലോബല്‍ എന്‍സിഎപിയുടെ നിലപാടുകളെ തള്ളിക്കളയുകയാണുണ്ടായത്. രാജ്യത്തെ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തങ്ങള്‍ കാറുകള്‍ പുറത്തിറക്കുന്നതെന്ന് സിയാം വ്യക്തമാക്കി. ഗ്ലോബല്‍ എന്‍സിഎപി ചെയ്യേണ്ടിയിരുന്നത് ഉപഭോക്താക്കളെ ഉപദേശിക്കുകയാണെന്നും സിയാം പറഞ്ഞു. ഉപഭോക്താക്കള്‍ സുരക്ഷാസംവിധാനങ്ങളില്ലാത്ത വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട്
ഈ രണ്ടുകൂട്ടരുടെയും വാദഗതികളെ ഇന്ത്യന്‍ ഉപഭോക്തൃസമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതാണ് നിര്‍ണായകം. നിസ്സാന്‍ ഗോ, മാരുതി സ്വിഫ്റ്റ് എന്നീ കാറുകളുടെ ക്രാഷ് ടെസ്റ്റുകള്‍ നടത്തിയതിനു ശേഷമാണ് ഗ്ലോബല്‍ എന്‍സിഎപി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രണ്ട് കാറുകളും ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടുവെങ്കിലും ഗ്ലോബല്‍ എന്‍സിഎപി തലവന്‍ നിസ്സാനെ ലക്ഷ്യം വെച്ച് വെടിവെച്ചു. നിസ്സാന്‍ സിഇഒ ആയ കാര്‍ലസ് ഗൂസനാണ് യൂറോപ്യന്‍ കാര്‍ മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്ന കാര്യംകൂടി മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം. എന്തായാലും സംഗതി കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.
വളര്‍ച്ചയിലേക്ക് സഞ്ചരിക്കുന്ന രാജ്യത്തെ കാര്‍വിപണിയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ അത് വിപണിയുടെ മുന്നേറ്റത്തെ ബാധിക്കും എന്നൊരു പ്രശ്‌നമുണ്ട്. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം, കാര്‍നിര്‍മാതാക്കളും ഗ്ലോബല്‍ എന്‍സിഎപിയും പരസ്പരം പഴിചാരിയാല്‍ തീരുന്ന ഒരു പ്രശ്‌നമേയല്ല ഇത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ രാഷ്ട്രീയനേതൃത്വമാണ്. അവരതിന് തയ്യാറാവില്ല എന്നതാണ് സത്യം!

വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നടത്താനുള്ള തീരുമാനം രാജ്യത്തെ അധികാരികള്‍ ഈയിടെയാണ് എടുത്തത്. ഈ ക്രാഷ് ടെസ്റ്റുകള്‍ പക്ഷേ, കര്‍ശനമായ രീതിയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ടെസ്റ്റുകളായിരിക്കില്ല. ഗ്ലോബല്‍ എന്‍സിഎപി പൂജ്യം മാര്‍ക്കിട്ട പല മോഡലുകളും തരക്കേടില്ലാത്ത മാര്‍ക്കോടുകൂടി ഇന്ത്യന്‍ ക്രാഷ് ടെസ്റ്റ് വിജയിക്കാന്‍ വരെ സാധ്യതയുണ്ട്.
ഇതിനെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നമായാണ് കാണേണ്ടത്. ഏതെങ്കിലും പ്രത്യേക കാര്‍നിര്‍മാതാവിനെ വിമര്‍ശിച്ചതുകൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. എന്നിരിക്കിലും ഗ്ലോബല്‍ എന്‍സിഎപിയുടെ ഇപ്പോഴത്തെ വിമര്‍ശനങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല എന്നതുകൂടി കാണണം. എയര്‍ബാഗ് എന്ന സുരക്ഷാ സംവിധാനം ഒരു അത്യാഡംബരമായി കാണുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഉപഭോക്താക്കളും. വിലകുറഞ്ഞ കാറുകള്‍ക്കുള്ളില്‍ അത്യാഡംബര ഓഡിയോ സിസ്റ്റം വാങ്ങിച്ചുവെക്കാന്‍ അവര്‍ പ്രത്യേകം ഉത്സാഹം കാണിക്കുകയും ചെയ്യുന്നു. ബോധവല്‍ക്കരണം കൊണ്ടു കുറെയെല്ലാം മറികടക്കാവുന്ന പ്രശ്‌നങ്ങളും ഇക്കൂട്ടത്തിലുണ്ട് എന്നര്‍ത്ഥം. ഗ്ലോബല്‍ എന്‍സിഎപിയുടെ വിമര്‍ശനം കൊണ്ട് ചിലര്‍ക്കെങ്കിലും ബോധമുദിച്ചിട്ടുണ്ടെങ്കില്‍ അതൊരു നേട്ടം തന്നെ!

ഇന്ത്യന്‍ കാറുകളുടെ ക്രാഷ് ടെസ്റ്റ് ചരിതം.
ലാറ്റിനമേരിക്കന്‍ വിപണിയില്‍ കച്ചോടത്തിനു പോയ ആള്‍ട്ടോ കാറിനാണ് ആദ്യത്തെ പണി കിട്ടിയത്. പൂജ്യം മാര്‍ക്കോടെ ആള്‍ട്ടോ ഒരു ആഗോള നാണക്കേടായി മാറി. ഇതിനു പിന്നാലെ വിദേശത്ത് വില്‍ക്കാനിറക്കിയ പല ഇന്ത്യന്‍ കാറുകളും അതാതിടങ്ങിളിലെ ദയാരഹിതമായ ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമായി വാര്‍ത്തകളില്‍ ഇടം പിടിച്ചുതുടങ്ങി. ഇതിനിടെ, ഇന്ത്യന്‍ ഉപഭോക്താക്കളെ മരണവണ്ടികളില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ എന്‍സിഎപി രംഗത്തുവന്നു.
(കാറുകളുടെ സുരക്ഷാസംവിധാനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഏജന്‍സികളാണ് എന്‍സിഎപി അഥവാ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലോ സ്വതന്ത്ര ഏജന്‍സിയായോ ഇവ പ്രവര്‍ത്തിക്കുന്നു. ആസ്‌ട്രേലിയന്‍ എന്‍സിഎപി, ലാറ്റിന്‍ എന്‍സിഎപി, യൂറോപ്യന്‍ എന്‍സിഎപി എന്നിങ്ങനെയുള്ള പേരുകളില്‍ അതാതിടങ്ങളിലെ ടെസ്റ്റിങ് ഏജന്‍സികള്‍ അറിയപ്പെടുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് ഗ്ലോബല്‍ എന്‍സിഎപി. മാക്‌സ് മോസ്ലിയാണ് ഈ സംഘടനയുടെ ചെയര്‍മാന്‍. പൊതുജനസുരക്ഷ, പൊതുജനാരോഗ്യം എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ഇവര്‍.)
ആള്‍ട്ടോ 800, ടാറ്റ നാനോ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹ്യൂണ്ടായ് ഐ10, ഫോഡ് ഫിഗോ എന്നീ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിനു വിധേയമാക്കി. ഇവയില്‍ പോളോ ഫിഗോ എന്നീ വാഹനങ്ങള്‍ മറ്റു വാഹനങ്ങളെക്കാള്‍ ഇത്തിരി ഭേദപ്പെട്ട നിലവാരം പുലര്‍ത്തുകയുണ്ടായി എന്നുമാത്രം പറയാം. ബാക്കി വണ്ടികളെല്ലാം സാമാന്യം ഭേദപ്പെട്ട നിലയില്‍ പരാജയപ്പെട്ടു. 2014 ജനുവരി അവസാനത്തിലായിരുന്നു ഈ ടെസ്റ്റുകള്‍.
ടെസ്റ്റ് ചെയ്ത കാറുകളിലൊന്നിനു പോലും വിവിധ വേരിയന്റുകളില്‍ സ്റ്റാന്‍ഡേഡായി എയര്‍ബാഗ് ഉണ്ടായിരുന്നില്ല എന്ന വസ്തുത ഗ്ലോബല്‍ എന്‍സിഎപിയെ ഞെട്ടിച്ചു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി എന്ന സംഘടന ഇങ്ങനെയൊരു 'സില്ലി' വിഷയത്തില്‍ ഞെട്ടുന്നതു കണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളും ഞെട്ടി. എയര്‍ബാഗില്ലാത്ത കാര്‍ യുകെക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നത് പല ഇന്ത്യന്‍ കാറുടമകള്‍ക്കും ഒരു പുതുമയായിരുന്നു!
ഗ്ലോബല്‍ എന്‍സിഎപിയില്‍ രണ്ട് ടെസ്റ്റിങ് പ്രക്രിയകളിലൂടെയാണ് കാറുകള്‍ കടന്നുപോവുക. ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിട്ടുള്ള അടിസ്ഥാനസുരക്ഷ പരിശോധിക്കുന്നതിനുള്ള ടെസ്റ്റാണ് ആദ്യത്തേത്. ഇതില്‍ മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ കാറിനെ പായിച്ച് ഇടിപ്പിക്കുന്നു. ഗ്ലോബല്‍ എന്‍സിഎപിയുടെ സന്നാഹപ്പെട്ട ടെസ്റ്റാണ് രണ്ടാമതായി വരുന്നത്. ഇതില്‍ മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ പായുക. നേരത്തെ പറഞ്ഞ വാഹനങ്ങളില്‍ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് യുഎന്‍ മാനദണ്ഡമനുസരിച്ചുള്ള ടെസ്റ്റില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകള്‍
മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ എല്‍എക്‌സ്‌ഐ പതിപ്പും ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കുമാണ് ഏറ്റവും പുതിയതായി ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റ് ചെയ്തത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടെസ്റ്റ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ ഡാറ്റ്‌സന്‍ ഗോ പൂജ്യം റേറ്റിങ്ങാണ് നേടിയത്. കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ ടൂ സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കി. വാഹനത്തിന്റെ ദയനീയാവസ്ഥ ഇവിടെയും തീരുന്നില്ല. എയര്‍ബാഗുകള്‍ നല്‍കിയാല്‍ തന്നെയും ഈ കാറിലെ യാത്രക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്നാണ് ഗ്ലോബല്‍ എന്‍സിഎപി നിരീക്ഷിച്ചത്. ആഘാതത്തെ ചെറുത്തുനില്‍ക്കാനുള്ള ബലം കാറിന്റെ നിര്‍മാണത്തിനുപയോഗിച്ച ദ്രവ്യങ്ങള്‍ക്കില്ല!
മാരുതി സ്വിഫ്റ്റിന്റെ കാര്യവും അതിദയനീയം തന്നെ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ പൂജ്യം റേറ്റിങ്ങും കുട്ടികളുടേതില്‍ വണ്‍ സ്റ്റാര്‍ റേറ്റിങ്ങുമാണ് ലഭിച്ചത്. ഗോ ഹാച്ച്ബാക്കിനെക്കാള്‍ താഴെ! എന്നാല്‍ സ്വിഫ്റ്റിന്റെ ബോഡി-ഫ്രെയിം നിര്‍മാണസാമഗ്രികള്‍ താരതമ്യേന മെച്ചമാണെന്നും ഗ്ലോബല്‍ എന്‍സിഎപി കണ്ടെത്തി. എയര്‍ബാഗ് ഘടിപ്പിക്കാന്‍ യോഗ്യതയുണ്ട്!

ഇന്ത്യന്‍ സുരക്ഷാമാനദണ്ഡങ്ങള്‍
രാജ്യത്തെ വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ 20 വര്‍ഷം പിന്നിലാണെന്നാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ വിലയിരുത്തല്‍. ഇത് പൂര്‍ണമായും ശരിവെക്കാന്‍ മാത്രമേ കാര്യങ്ങളെ ശരിയായി വിലയിരുത്തുന്ന ഒരാള്‍ക്ക് സാധിക്കൂ. നിര്‍മിക്കപ്പെടുന്ന കാറുകളുടെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍വിപണികളിലൊന്നുമാണ് നമ്മുടെ രാജ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ അത്യാവശ്യം മേല്‍പ്പറഞ്ഞ വസ്തുതകള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തും.
ക്രാഷ് ടെസ്റ്റുകള്‍ നടത്താനായി ഒരു സംവിധാനം ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട് ഇന്ത്യ. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് കഴിഞ്ഞ ചില മാസങ്ങളില്‍ തുടക്കമായിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ണസന്നാഹത്തോടെ പ്രവര്‍ത്തനത്തിലെത്തും. രണ്ടായിരത്തിപ്പതിനേഴാമാണ്ടോടെ മുന്നിലും പിന്നിലും വശങ്ങളിലും ക്രാഷ് ടെസ്റ്റുകള്‍ നടത്തിയായിരിക്കും കാറുകള്‍ വിപണിയിലെത്തുക.
ലോകത്തില്‍ ഇന്നുവരെ രൂപീകരിക്കപ്പെട്ടിട്ടുള്ള എന്‍സിഎപികളില്‍ (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) പത്താമത്തേതാണ് ഇന്ത്യയുടേത്. യുഎന്നിന്റെ അടിസ്ഥാന സുരക്ഷാടെസ്റ്റ് വേഗതയായ മണിക്കൂറില്‍ 56 കിലോമീറ്റര്‍ എന്ന മാനദണ്ഡമായിരിക്കും ഇന്ത്യയില്‍ ടെസ്റ്റുകള്‍ക്കായി സ്വീകരിക്കുക. മൂന്ന് ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ തയ്യാറാക്കിവരുന്നുണ്ട് ഇതിനായി.


Click it and Unblock the Notifications








