15 വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടികള്‍ക്ക് ഗ്രീന്‍ ടാക്‌സ്
സംസ്ഥാനത്ത് 'ഗ്രീന്‍ ടാക്‌സ്' നിര്‍ബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനമെടുത്തു. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷമലിനീകരണം കുറച്ചു കൊണ്ടുവരുവാനാണ് സര്‍ക്കാരിന്റെ ശ്രമം.
സംസ്ഥാനത്തിന്റെ മോട്ടോര്‍വാഹന നിയമം പുതുക്കുവാനുള്ള ശ്രമങ്ങളുമായി മുമ്പോട്ടു പോകുമെന്ന് നേരത്തെ തന്നെ യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.|

പതിനഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം അധികനികുതി ഈടാക്കുവാനുള്ള ചട്ടം ഇത്തവണത്തെ നിയമഭേദഗതിയില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതിനെയാണ് ഗ്രീന്‍ ടാക്‌സ് എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നാലര ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവ സംസ്ഥാനത്തെ അന്തരീക്ഷമലിനീകരണത്തിനു നല്‍കുന്ന സംഭാവന വളരെ വലുതാണ്. ഈ വാഹനങ്ങളെല്ലാം നിയമം വരുന്നതോടെ വീണ്ടുമൊരു രജിസ്‌ട്രേഷന് വിധേയമാകും. ഇതോടൊപ്പം ഗ്രീന്‍ ടാക്‌സ് അടയ്‌ക്കേണ്ടതായും വരും.
അതെസമയം നിയമഭേദഗതി സംബന്ധിച്ച് ചില ആശങ്കകളും ഉയരുന്നുണ്ട്. മികച്ച രീതിയില്‍ മെയിന്റൈന്‍ ചെയ്യുന്ന വാഹനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നില്ല. ഇതിനൊരു പരിഹാരം വേണമെന്നാണ് പലരുടെയും അഭിപ്രായം. എന്നാലിതിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുള്ളത് പ്രമാണിച്ച് സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണ്.


Click it and Unblock the Notifications








