ലണ്ടനിലെ ആദ്യത്തെ ഇലക്ട്രിക് ബസ്സുകള്‍ ഹിന്ദുജയില്‍ നിന്ന്
ലണ്ടന്‍ നഗരത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഹിന്ദുജ ഗ്രൂപ്പാണ് ഈ ബസ്സുകള്‍ പുറത്തിറക്കുന്നത്. നഗരത്തില്‍ ഇതാദ്യമായാണ് പൂര്‍ണമായും ഇലക്ട്രിക് ആയ ബസ്സുകള്‍ ഓടുന്നത്. ഹിന്ദുജ ഗ്രൂപ്പിന്റെ നീക്കത്തെ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ സ്വാഗതം ചെയ്തു.
സിംഗിള്‍ ഡക്കര്‍ ബസ്സുകളാണ് ഹിന്ദുജ ഗ്രൂപ്പ് ലണ്ടന്‍ നിരത്തുകളില്‍ ഓടിക്കുന്നത്. നോര്‍ത്ത് യോര്‍ക്ഷയറില്‍ സ്ഥിതി ചെയ്യുന്ന, ഹിന്ദുജ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഓപ്‌റ്റേറാണ് ഈ ബസ്സുകള്‍ നിര്‍മിക്കുന്നത്. 'ഹരിതവാഹന'ങ്ങള്‍ക്ക് ഗതാഗതവകുപ്പ് നല്‍കുന്ന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍മിച്ചിറക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ നാല് ബസ്സുകള്‍ ലണ്ടന്‍ നിരത്തുകളിലോടുന്നുണ്ട് ഇപ്പോള്‍. ഏതാണ്ട് 100 മൈല്‍ റെയ്ഞ്ചാണ് ഈ വാഹനങ്ങള്‍ക്കുള്ളത്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ച് മണിക്കൂറെടുക്കും.

വാഹനങ്ങള്‍ മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതിനു പുറമെ, വലിയ ശബ്ദം സൃഷ്ടിക്കുന്നില്ല എന്നതും മറ്റ് ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ക്കുള്ളതുപോലെ ഉള്ളിലിരിക്കുമ്പോള്‍ തരിപ്പ് അനുഭവപ്പെടില്ല എന്നതുമെല്ലാം മികവായി ചൂണ്ടിക്കാട്ടുന്നുണ്ട് ലണ്ടന്‍ മേയര്‍.
സാധാരണ ഡീസല്‍ എന്‍ജിന്‍ ബസ്സുകളെക്കാള്‍ നിര്‍മാണച്ചെലവുണ്ടെങ്കിലും പരിപാലനച്ചെലവ് വളരെ കുറവാണെന്നത് ഇലക്ട്രിക് ബസ്സുകളുടെ ഒരു ഗുണമാണ്. ലണ്ടനില്‍ ഇതിനകം തന്നെ ഹൈഡ്രജന്‍ ഹൈബ്രിഡ് ബസ്സുകള്‍ സജീവസാന്നിധ്യമായിട്ടുണ്ട്.


Click it and Unblock the Notifications








