മൊബിലിയോയ്ക്കു വേണ്ടി സിറ്റി ഉല്‍പാദനം താല്‍ക്കാലികമായി നിറുത്തുന്നു?
മൊബിലിയോ എംപിവിക്ക് ലഭിക്കുന്ന വന്‍ വിപണി പ്രതികരണം ഹോണ്ടയെ സന്തോഷിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ വാഹനത്തിന്റെ ഉല്‍പാദനവും വിതരണവും സംതുലനപ്പെടുത്താന്‍ കമ്പനി ഇച്ചിരി ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് അറിയുന്നത്. നിലവിലെ അവസ്ഥയില്‍ ഹോണ്ട സിറ്റി സെഡാന്റെ ഉല്‍പാദനത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടു മാത്രമേ മൊബിലിയോയുടെ ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ കഴിയൂ.
വെറും പത്തിരുപത് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേരാണ് മൊബിലിയോ എംപിവി ബുക്ക് ചെയ്തിരിക്കുന്നത്. ഇത് വരുംനാളുകളില്‍ ഇനിയും വര്‍ധിക്കാനാണിട. കാത്തിരിപ്പുസമയം അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കാന്‍ സിറ്റി സെഡാന്റെ നിര്‍മാണം താല്‍ക്കാലികമായി നിറുത്തിവെച്ച് മൊബിലിയോയുടെ ഉല്‍പാദനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് പ്ലാന്റുകളാണ് ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ളത്. ഒരെണ്ണം ഗ്രേറ്റര്‍ നോയ്ഡയിലും മറ്റൊന്ന് രാജസ്ഥാനിലെ തപുകാരയിലും. നോയ്ഡയില്‍ സിറ്റി സെഡാന്‍, ബ്രിയോ ഹാച്ച്ബാക്ക് എന്നിവയാണ് നിര്‍മിച്ചുവന്നിരുന്നത്. ഇവിടെത്തന്നെയാണ് മൊബിലിയോ നിര്‍മിക്കുന്നതിനുള്ള സൗകര്യവും ഹോണ്ട ഒരുക്കിയത്. തപുകാര പ്ലാന്റില്‍ അമേസ് സെഡാനും ഹോണ്ടയ്ക്കാവശ്യമായ എന്‍ജിനുകളും നിര്‍മിക്കുന്നു. രണ്ട് പ്ലാന്റുകള്‍ക്കും കൂടി വര്‍ഷത്തില്‍ 2 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്.
സെപ്തംബര്‍ മാസം മുതല്‍ മാത്രമേ ഹോണ്ട സിറ്റി സെഡാന്‍ ഉല്‍പാദനം പുനസ്ഥാപിക്കുകയുള്ളൂ എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ചില ചര്‍ച്ചാ ഫോറങ്ങളിലും ഈ വിഷയം ഉയര്‍ത്തപ്പെടുന്നുണ്ട്. സിറ്റിയുടെ കാത്തിരിപ്പുസമയം വര്‍ധിപ്പിക്കുന്ന നടപടിയാകുമോ ഇതെന്നാണ് ഉപഭോക്താക്കളുടെ സംശയം.


Click it and Unblock the Notifications








